ലുഷ്‌നിക്കി: ലോകകിരീടത്തിലേക്ക് നയിക്കാനായില്ലെങ്കിലും ക്രൊയേഷ്യയുടെ വീരനായകന്‍ ലൂക്ക മോഡ്രിച് തന്നെയാണ് ഈ ലോകകപ്പിന്റെ താരം. റഷ്യന്‍ മണ്ണില്‍ ക്രൊയേഷ്യയുടെ പടയോട്ടത്തിന് നെടുനായകത്വം വഹിച്ച മോഡ്രിച്ചിന് അര്‍ഹിച്ച പുരസ്‌കാരമായിരുന്നു ഗോള്‍ഡന്‍ ബോള്‍.
രണ്ട് ഗോളടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്യുക മാത്രമല്ല, ടീമിനെ മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു ഈ 32 കാരന്‍. 4 ഗോളടിക്കുകയും 2 ഗോളിന് വഴിയൊരുക്കുകയും ഫൈനലിലെ മാന്‍ ഓഫ് ദ മാച്ച് ആവുകയും ചെയ്ത ഫ്രാന്‍സിന്റെ ആന്റോയിന്‍ ഗ്രീസ്മാനെ പിന്തള്ളിയാണ് മോഡ്രിച്ച് ലോകകപ്പിന്റെ താരമായത്.
ലോകഫുട്‌ബോള്‍ ആരാധകരുടെ ഹൃദയം കീഴടക്കിയ മോഡ്രിച്ച് മത്സര ശേഷം പറഞ്ഞത് ലോകം കീഴടക്കിയാണ് ഞങ്ങള്‍ മടങ്ങുന്നത് എന്നാണ്. ഫ്രാന്‍സിന് അഭിനന്ദനങ്ങള്‍ അറിയിക്കാനും അദ്ദേഹം മറന്നില്ല.
“ലോകം കീഴടക്കിയാണ് ഞങ്ങള്‍ മടങ്ങുന്നത്. ഇത് വരാനുള്ള തലമുറയ്ക്ക് പ്രചോദനമാകും. ഫ്രാന്‍സിന് അഭിനന്ദനങ്ങള്‍” ഒരു രാജ്യത്തിന്റെ മൊത്തം പ്രതീക്ഷയും ചുമലിലേറ്റി മൈതാനത്ത് ഫുട്‌ബോള്‍ കൊണ്ട് കവിത വിരിയിച്ച ലൂക്ക മത്സര ശേഷം പറഞ്ഞു.
കപ്പിനും ചുണ്ടിനുമിടയില്‍ വിജയം തട്ടിയുടഞ്ഞപ്പോള്‍ ക്രൊയേഷ്യന്‍ കളിക്കാര്‍ നിലത്തുവീണു കരയുകയായിരുന്നു. ക്യാപ്റ്റന്‍ ലൂക്ക മോഡ്രിച്ച് തലയ്ക്ക് കൈകൊടുത്തിരുന്നു പോയെങ്കിലും സമനില വീണ്ടെടുത്ത് ഫ്രഞ്ച് താരങ്ങളെ അഭിനന്ദിക്കാനെത്തുകയായിരുന്നു. അവര്‍ മോഡ്രിച്ചിനെ ആശ്വസിപ്പിക്കുകയും ചെയ്തു.
ഒരു മാസം നീണ്ട ലോക കാല്‍പ്പന്ത് പോരാട്ടത്തിന് ഫ്രാന്‍സിന്റെ കിരീടധാരണത്തോടെയാണ് അന്ത്യം കുറിച്ചത്. ലുഷ്‌കിനിയിലെ തിങ്ങിനിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി, ലോകകപ്പെന്ന ക്രൊയേഷ്യയുടെ സ്വപ്നം ദിദിയര്‍ ദെഷാംപ്സിന്റെ കുട്ടികള്‍ തല്ലിക്കെടുത്തുകയായിരുന്നു.
രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ലോകജേതാക്കളായത്. 2006 ല്‍ സിനദിന്‍ സിദാന്‍ ചുണ്ടോളം കൊണ്ടുവന്നെത്തിച്ച കപ്പില്‍ ദെഷാംപിന്റെ യുവനിര മുത്തമിട്ടു. കളിക്കാരനായും പരിശീലകനായും ലോകകിരീടമെന്ന നേട്ടം ദിദിയര്‍ ദെഷാംപ്സ് സ്വന്തമാക്കി.