കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്
എം.പി മഹുവ മൊയ്ത്ര. ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കേന്ദ്രസര്‍ക്കാര്‍ ക്ഷേത്രം പണിയുന്നതിനും പൗരത്വ ഭേദഗതിക്കും പൗരത്വ പട്ടികയ്ക്കുമാണ് മുന്‍ഗണന കൊടുക്കുന്നതെന്ന് അവര്‍ പറഞ്ഞു.
ഇന്ത്യയുടെ ആഗോള പട്ടിണി സൂചിക സ്‌കോര്‍ 27.2 ആണെന്ന് പറഞ്ഞ മൊയ്ത്ര രാജ്യം ഗുരുതരമായ പട്ടിണിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ചൂണ്ടിക്കാട്ടി.
പാകിസ്താനേയും ബംഗ്ലാദേശിനേയും കടത്തിവെട്ടി ഇന്ത്യയില്‍ പട്ടിണി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു.
ആഗോള പട്ടിണി സൂചിക(ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡെക്‌സ് 2020 )അനുസരിച്ച് ലോകത്ത് അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളില്‍ ഏറ്റവും കൂടുതല്‍ പട്ടിണിയുള്ളവര്‍ ഇന്ത്യയിലാണുള്ളത്.
കൊവിഡും തുടര്‍ന്നുണ്ടായ ലോക്ഡൗണും മൂലം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ 10.3 ശതമാനത്തിന്റെ ഇടിവുണ്ടായെന്നാണ് ഐ.എം.എഫ് വ്യക്തമാക്കിയിരിക്കുന്നത്. വികസ്വര രാജ്യങ്ങളില്‍ ഏറ്റവും വലിയ തകര്‍ച്ചയെ അഭിമുഖീകരിക്കുക ഇന്ത്യയാവുമെന്നും സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് രാജ്യം കൂപ്പുകുത്തുമെന്നും ഐ.എം.എഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കൊവിഡിന് മുമ്പ് തന്നെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലായിരുന്നു. കൊവിഡും തുടര്‍ന്ന് ലോക്ഡൗണും വന്നതോടെ രാജ്യം വലിയ പ്രതിസന്ധിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് ഐ.എം.എഫ് അറിയിക്കുന്നത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജി.ഡി.പിയില്‍ 10.3 ശതമാനത്തിന്റെ കുറവാണുണ്ടാകുക. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ തകര്‍ച്ചയാണ് ഇതെന്നും ഐ.എം.എഫ് അറിയിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക