കോഴിക്കോട്: ദേരാ സച്ചാ സേദ തലവന്‍ ഗുര്‍മീത് റാം റഹീമെന്ന ആള്‍ദൈവത്തിന്റെ അനുയായികള്‍ രാജ്യത്തിന്റെ തലസ്ഥാനത്തും ഹരിയാനയിലും പഞ്ചാബിലുമെല്ലാം വന്‍ അക്രമമാണ് അഴിച്ചു വിട്ടു കൊണ്ടിരിക്കുന്നത്. കലാപത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും 12 പേര്‍ മരിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിഷയത്തില്‍ ഇതുവരേയും കേന്ദ്രം വേണ്ട വിധത്തില്‍ ഇടപെട്ടിട്ടിലെന്ന് ആരോപണമുയര്‍ന്നിരിക്കുകയാണ്.
ആരോപണങ്ങള്‍ ശക്തമായികൊണ്ടിരിക്കെ ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദി റാം റഹീമിനെ അഭിനന്ദിച്ചു കൊണ്ട് നേരത്തെ ചെയ്ത ട്വീറ്റ് വീണ്ടും തല പൊക്കിയിരിക്കുകയാണ്. മോദിയുടെ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയിലൂടെ പങ്കു വെച്ചിരിക്കുന്നത്.
2014 ല്‍ സ്വച്ഛ് ഭാരത് പദ്ധതിയ്ക്ക് പിന്തുണയുമായി റാം റഹീം എത്തിയതിനെ അഭിനന്ദിച്ചു കൊണ്ടായിരുന്നു മോദിയുടെ ട്വീറ്റ്. ബാബ റാം റഹീം എന്നാണ് അദ്ദേഹം ആള്‍ദൈവത്തെ വിശേഷിപ്പിച്ചത്. റാം റഹീമിന്റെ പ്രവര്‍ത്തി ഒരുപാട് പേര്‍ക്ക് പ്രചോദനമാകുമെന്നും മോദി ട്വീറ്റ് ചെയ്തിരുന്നു.
കേരളത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ ഓടിയെത്തിയ മന്ത്രിയും രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ടവരും എന്തുകൊണ്ട് ഹരിയാനയിലെ കാലപത്തിനെതിരെ രംഗത്ത് വരുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഇതിനു പുറമെ മോദിയുടെ പഴയ ട്വീറ്റും പൊന്തി വന്നതോടെ കേന്ദ്രം വെട്ടിലായിരിക്കുകയാണ്.
ബലാത്സംഗകേസില്‍ ദേരാ സച്ചാ സൗദാ തലവനും സ്വയം പ്രഖ്യാപിത ആള്‍ ദൈവവുമായ ഗുര്‍മീത് റാം റഹീം കുറ്റക്കാരനെന്നു കോടതി വിധിച്ചതിനു പിന്നാലെ ഹരിയാനയിലും പഞ്ചാബിലും വ്യാപക അക്രമമാണ് നടമാടുന്നത്. 128 ഇടത്ത് നടന്ന അക്രമസംഭവങ്ങളില്‍ 12 പേര്‍ കൊല്ലപ്പെട്ടു.
കലാപത്തിനു സമാനമായ സംഭവങ്ങളാണ് കോടതി വിധിക്ക് പിന്നാലെ ഇരുസംസ്ഥാനങ്ങളിലും ഉടലെടുത്തിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങളും ഉപകരണങ്ങളും തകര്‍ത്ത ഗുര്‍മീതിന്റെ അനുയായികള്‍ റെയില്‍വേ സ്റ്റേഷനുകളും പൊലീസ് സ്റ്റേഷനുകളും പെട്രോള്‍ പമ്പുകളും ആക്രമിച്ചു.
ആക്രമണത്തില്‍ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ടെലിവിഷന്‍ ചാനലുകളുടെ മൂന്ന് ഒ.ബി വാനുകള്‍ പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കിയിട്ടുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.