| Thursday, 12th April 2018, 2:50 pm

പ്രഭാതഭക്ഷണം വിമാനത്തിനുള്ളില്‍, ഉച്ചഭക്ഷണം ചെന്നൈ എയര്‍പോര്‍ട്ടില്‍; നിരാഹാരം പ്രഖ്യാപിച്ച മോദിയുടെ ഇന്നത്തെ ഭക്ഷണമെനു പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പാര്‍ലമെന്റ് സ്തംഭനത്തില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി നേതാക്കളും നടത്തുന്ന നിരാഹാര സമരം ഇന്ന് നടക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചതിന് പിന്നാലെ മോദിയുടെ ഇന്നത്തെ ഭക്ഷണ മെനു പുറത്ത്.


Dont Miss കരിങ്കൊടി ഭയന്ന് മോദി യാത്ര ഹെലികോപ്റ്ററിലാക്കിയപ്പോള്‍ കറുത്ത ബലൂണ്‍ പറത്തിവിട്ട് തമിഴ്‌നാട് ജനത: ‘തിരിച്ചുപോയ്‌ക്കോ മോദീ’ ട്വീറ്ററില്‍ ട്രെന്റ്- ചിത്രങ്ങള്‍ കാണാം


പ്രധാനമന്ത്രിയുടെ യാത്രയുടെ പൂര്‍ണവിവരങ്ങള്‍ അടങ്ങിയ കുറിപ്പിലാണ് മോദിയുടെ ഇന്നത്തെ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും എവിടെയെന്നത് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാകുന്നത്. ചെന്നൈയിലേക്കുള്ള യാത്രാമധ്യേ രാവിലെ 06;40 നാണ് മോദിയുടെ പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് 2: 25 ന് ചെന്നൈ എയര്‍പോര്‍ട്ടില്‍ വെച്ചാണ് ഉച്ചഭക്ഷണം.

പ്രധാനമന്ത്രിയുടെ ഭക്ഷണമെനുമായി ബന്ധപ്പെട്ട കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി.

പ്രിയ പ്രധാനമന്ത്രി, താങ്കളുടെ ഉപവാസത്തിന് എല്ലാ ആശംസകളും. ഇനി ഇതും ഒരു നുണയായിരുന്നു എന്ന് ഞങ്ങളോട് പറഞ്ഞേക്കൂ. എന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് എസ് സുര്‍ജേവാലയുടെ പരിഹാസം.

മോദിയുടെ നിശ്ചയിച്ച പരിപാടികളില്‍ മാറ്റമുണ്ടാകില്ലെന്നും പ്രതിരോധ രംഗവുമായി ബന്ധപ്പെട്ട പ്രദര്‍ശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ ചെന്നൈയിലെത്തുന്ന മോദി നിരാഹാരത്തിലായിരിക്കുമെന്നും ബി.ജെ.പി നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് ഭക്ഷണ മെനു പുറത്തുവന്നത്.

അതേസമയം ചെന്നൈയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കരിങ്കൊടികളുമായും ഗോബാക്ക് വിളികളുമായിട്ടുമാണ് തമിഴ്നാട് ജനത വരവേറ്റത്. ചെന്നൈ എയര്‍പോര്‍ട്ടിനു സമീപത്തും മറ്റു റോഡുകളിലും കരിങ്കൊടിയുമായി നിരവധി പേരാണ് പ്രതിഷേധിക്കുന്നത്.

ചെന്നൈ എയര്‍പോര്‍ട്ടിനു പുറത്തുള്ള വലിയ ഹോര്‍ഡിങ്ങില്‍ കയറിയ പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രി റോഡു വഴിയുള്ള യാത്ര ഒഴിവാക്കിയിരുന്നു. അദ്ദേഹം ഹെലികോപ്റ്ററിലാണ് സഞ്ചരിക്കുന്നത്.

ഇതോടെ കറുത്ത നിറത്തിലുള്ള ബലൂണുകളും അവയില്‍ കെട്ടിയിട്ട കറുത്ത തുണികളും പറത്തിവിട്ടും ഒരു വിഭാഗം പ്രതിഷേധിച്ചു.

സോഷ്യല്‍ മീഡിയകളിലും പ്രധാനമന്ത്രിയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. ഗോബാക്ക് മോദിയെന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രന്റായിരിക്കുകയാണ്. 130000ത്തിലേറെ ട്വീറ്റുകളാണ് ഉച്ചയാകുമ്പോഴേക്കും ഈ ഹാഷ്ടാഗില്‍ വന്നിരിക്കുന്നത്.

പ്രധാനമന്ത്രിയ്ക്കെതിരെ കരിങ്കൊടിയുയര്‍ത്തുമെന്ന് ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിനാണ് ആദ്യം പ്രഖ്യാപിച്ചത്. മോദിയുടെ സന്ദര്‍ശന ദിനം ദു:ഖദിനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഡി.എം.കെ നേതാവ് കരുണാനിധിയുടെയും സ്റ്റാലിന്റെയും വീട്ടില്‍ ഇതിനകം തന്നെ കരിങ്കൊടി ഉയര്‍ത്തിയിട്ടുണ്ട്.

ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നും ഓള്‍ഡ് മഹാബലിപുരം റോഡിലുള്ള ഡിഫന്‍സ് എക്സ്പോയിലേക്ക് മോദി ഹെലികോപ്റ്ററിലെത്തും. അതിനുശേഷം അദ്ദേഹം അഡയാര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കു വ്യോമമാര്‍ഗം പോകും. മോദിക്ക് പറന്നെത്താനുള്ള സൗകര്യത്തിനായി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനും ചില്‍ഡ്രന്‍സ് പാര്‍ക്കിനുമിടയിലുള്ള മതില്‍ പൊളിച്ചിട്ടുണ്ട്. ഐ.ഐ.ടി മദ്രാസ് ക്യാമ്പസില്‍ അധികൃതര്‍ ഒരു ഹെലിപാട് ഒരുക്കുകയും ചെയ്തിട്ടുണ്ട്.

We use cookies to give you the best possible experience. Learn more