[] തിംഭു: ഹിമാലയം ഇന്ത്യയെയും ബൂട്ടാനെയും ഒന്നിപ്പിക്കുന്നതായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭൂട്ടാനില്‍ സന്ദര്‍ശനത്തിനെത്തിയ മോദി അവിടത്തെ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു.
ഇന്ത്യയിലെ ഉപഗ്രഹ സാങ്കേതിവിദ്യ ഭൂട്ടാന് കൂടി പ്രയോജനപ്പെടുന്ന തരത്തില്‍ ഉപയോഗിക്കുന്ന കാര്യത്തെ കുറിച്ച് ശാസ്ത്രജ്ഞര്‍ ചിന്തിക്കണമെന്നും ഹിമാലയന്‍ മേഖലയിലെ സംസ്ഥാനങ്ങളും ഭൂട്ടാനും ചേര്‍ന്ന് സ്ഥിരമായി കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും മോദി പാര്‍ലമെന്റില്‍ സംഭാഷണത്തിനിടെ അഭിപ്രായപ്പെട്ടു.
ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ബന്ധം നിലനില്‍ക്കുന്നത് സാസ്‌കാരിക പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും സര്‍ക്കാരുകള്‍ മാറി എന്നതു കൊണ്ട് അതിന് കോട്ടം വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അയല്‍ രാജ്യങ്ങളുമായി ഇന്ത്യ നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും ഇന്ത്യ വികസിക്കുന്നത് കൊണ്ട് നേട്ടമുണ്ടാകുന്നത് അയല്‍ രാജ്യങ്ങള്‍ക്ക് കൂടിയാണെന്നും മോദി പറഞ്ഞു.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശനമാണ് ബൂട്ടാനിലേത്. വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ് അടക്കമുള്ളവര്‍ മോദിയെ പിന്തുണക്കുന്നുണ്ട്.