| Saturday, 20th April 2019, 9:38 am

ഹിന്ദുത്വം ഇന്ത്യന്‍ തെരുവുകളില്‍ കൊന്നവരുടെ പട്ടികയാണിത്... മറക്കരുത്

സൗമ്യ ആര്‍. കൃഷ്ണ

മോദി ഭരണകാലത്ത് രാജ്യത്ത് വലിയ രീതിയില്‍ പ്രചാരം ലഭിച്ച വാക്കുകളിലൊന്നാണ് മോബ് ലിഞ്ചിങ്ങ് അഥവാ ആള്‍ക്കൂട്ട ആക്രമണങ്ങള്‍. സംഘടിതരായ ആള്‍ക്കൂട്ടത്തിന്റെ വിചാരണകള്‍ക്കും ക്രൂരമായ അക്രമങ്ങള്‍ക്കും ഇരകളായി ഇക്കാലങ്ങളില്‍ രാജ്യത്ത് പരിക്കേറ്റവരുടെയും ജീവന്‍ നഷ്ടപ്പെട്ടവരുടെയും എണ്ണം കണക്കുകൂട്ടലുകള്‍ക്കും അപ്പുറത്താണ്.

പലപ്പോഴും മാധ്യമങ്ങള്‍ പോലും ആള്‍ക്കൂട്ടത്തിന്റെ ആക്രമണമെന്ന് വിശേഷിപ്പിച്ച ഇത്തരം ക്രൂരകൃത്യങ്ങളുടെ പിറകിലുണ്ടായിരുന്നത് കേവലം ആളുകളുടെ കൂട്ടമായിരുന്നോ? ഭൂരിപക്ഷ വര്‍ഗീയതയുടെ നടത്തിപ്പുകാരായ തീവ്രവലതുപക്ഷത്തിന്റെ കായികസേനകളായിരുന്നില്ലേ? ഗോരക്ഷകരായും സദാചാരസംരക്ഷകരായും ജാതിസംരക്ഷകരായും നമ്മുടെ തെരുവുകളില്‍ അഴിഞ്ഞാടിയത് സവര്‍ണ്ണരാഷ്ട്രീയത്തിന്റെ പടയാളികള്‍ തന്നെയായിരുന്നില്ലേ?

ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ആള്‍ക്കൂട്ടക്കൊലകള്‍ക്ക് മാത്രമായി പ്രത്യേക കണക്കുകള്‍ സൂക്ഷിക്കാത്തത് കൊണ്ട് തന്നെ കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ ഉണ്ടായ വര്‍ദ്ധനവിന് കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. മാധ്യമങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ മാത്രമാണ് നമുക്ക് മുന്നിലുള്ളത്.

ഫസ്റ്റ് പോസ്റ്റ്, ഇന്ത്യാ സ്‌പെന്റ് എന്നീ ദേശീയ മാധ്യമങ്ങള്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം 2018 എന്ന ഒരു വര്‍ഷത്തില്‍ മാത്രം ആള്‍ക്കൂട്ട ആക്രമണത്തില്‍ രാജ്യത്ത് കൊല്ലപ്പെട്ടത് 24 ആളുകള്‍ ആണ്. തൊട്ടുമുമ്പത്തെ വര്‍ഷത്തെക്കാള്‍ നാലര ശതമാനം അധികം. 2017 ജനുവരി 11നും 2018 ജൂലൈ 5നും ഇടയില്‍ 69 കേസുകളിലയി 33 ആളുകള്‍ കൊല്ലപ്പെടുകയും 99 പേര്‍ക്ക സാരമായ പരിക്ക് സംഭവിക്കുകയും ചെയ്തു എന്ന് മറ്റൊരു റിപ്പോര്‍ട്ട് പറയുന്നു.

യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ ഭരണം പിടിക്കുന്നതും നിലനിര്‍ത്തുന്നതും വികസനത്തിന്റെയോ മറ്റ് നേട്ടങ്ങളുടെയോ പേരിലായിരുന്നില്ല. ദാദ്രിയില്‍ അഖ്‌ലാക്ക് എന്ന വൃദ്ധനെ ആള്‍ക്കൂട്ടം തല്ലി കൊന്നത് മുതല്‍ ഏറ്റവുമൊടുവില്‍ ബുലന്ദ്ശഹറിലെ സുബോധ് കുമാര്‍ സിങ്ങ് എന്ന പൊലീസ് ഓഫീസറെ സംഘം ചേര്‍ന്ന് കൊലപ്പെടുത്തിയത് വരെയുള്ള സംഭവങ്ങള്‍ക്ക് മൗനമായ പിന്തുണ നല്‍കിയായിരുന്നു. ഹീനമായ കൊലപാതകങ്ങളെ വെറും അപകടമരണങ്ങളാക്കി നിസാരവത്കരിക്കുകയാണ് യോഗി ഭരണകൂടം ചെയ്തത്.

ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ 2015ലെ സെപ്തംബര്‍ മാസത്തില്‍ ഈദ് ആഘോഷങ്ങള്‍ക്കിടയിലായിരുന്ന മുഹമ്മദ് അഖ്ലാഖിനെ ഒരു സംഘം വീട്ടില്‍ നിന്ന് വലിച്ചിറക്കി തല്ലികൊല്ലുകയായിരുന്നു. ക്ഷേത്രത്തിലെ മൈക്കില്‍ നിന്ന് വിളിച്ച് പറഞ്ഞാണ് അവര്‍ ആളുകളെ കൂട്ടിയത്. ഒരു ജാഥ കണക്കെ വലിയ സംഘം അഖ്‌ലാഖിനെ തല്ലി ചതക്കുകയായിരുന്നു. അഖ്‌ലാഖിന്റെ വീട്ടില്‍ പശുമാംസം പാചകം ചെയതു എന്നാരോപിച്ചായിരുന്നു ഇവരുടെ ശിക്ഷയും തീര്‍പ്പും.

അഖ്ലാക് വധകേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുബോധ് കുമാര്‍ പിന്നീട് ഗോരക്ഷ പ്രവര്‍ത്തകരുടെ തന്നെ വെടിയുണ്ടക്കിരയായി കൊല്ലപ്പെടുകയായിരുന്നു.

2018 ഓഗസ്റ്റ് മാസത്തില്‍ ഉത്തര്‍പ്രദേശിലെ ബരേലി ജില്ലയില്‍ 22 വയസ്സുകാരനായ ഷാരൂഖ് ഖാനെയും ഗോരക്ഷയുടെ പേരില്‍ സംഘപരിവാര്‍ തല്ലികൊന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇയാള്‍ ശക്തമായ മര്‍ദനമേറ്റാണ് മരിച്ചതെന്ന് കൃത്യമായി പറഞ്ഞിട്ടും, ഇയാള്‍ അമിതമായ അളവില്‍ മയക്കുമരുന്ന് ഉള്ളില്‍ ചെന്ന് മരിച്ചതാണെന്നാണ് പൊലീസ് ഭാഷ്യം. ബരേലിയില്‍ തന്നെ മുഹമ്മദ് സാലിം കുറേഷി എന്ന ഇറച്ചി കച്ചവടക്കാരനേയും ഗോരക്ഷകര്‍ തല്ലി കൊന്നിരുന്നു.

2017 മാര്‍ച്ചില്‍ റംസാന്‍ കാലത്തേക്ക് പാലിന്റെ അളവ് കൂടുതല്‍ കിട്ടാന്‍ പശുവിനെ വാങ്ങാന്‍ പോയ ഹരിയാനയിലെ പെഹ്ലൂഖാന്‍ എന്ന ക്ഷീര കര്‍ഷകനെ തല്ലിക്കൊന്നതും ഗോരക്ഷകര്‍തന്നെയായിരുന്നു. അല്‍വാര്‍ എന്ന അദ്ദേഹത്തിന്റെ നാട്ടിലെ ആകെയുള്ള പത്ത് ക്ഷീര കര്‍ഷകരില്‍ ഒരാളായിരുന്നു പെഹ്ലൂഖാന്‍. പെഹ്ലുഖാന്‍ കൊല്ലപ്പെടുകയും കൂടെയുണ്ടായിരുന്നവര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു.

ഗുജറാത്തിലെ ഉനയില്‍ പശുവിനെ കടത്തിയെന്നാരോപിച്ച് ദളിതരായ ഏഴു യുവാക്കളെ കൈകള്‍ കൂട്ടിക്കെട്ടി വടികൊണ്ട് തല്ലി ചതച്ചു എന്ന് മാത്രമല്ല, അതിന്റെ ദൃശ്യങ്ങള്‍ സാമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാനും സംഘപരിവാര്‍ മടിച്ചില്ല. ചത്തപശുവിന്റെ തൊലിയെടുക്കുന്നതടക്കമുള്ള ജാതീയമായ തൊഴിലുകള്‍ ചെയ്യുന്ന ദളിത് ന്യൂനപക്ഷങ്ങളില്‍ വലിയ ഭീതിയാണ് ഈ സംഭവം ഉണ്ടാക്കിയത്.

2017 ജൂണ്‍ മാസത്തിലെ റംസാന്‍ മാസത്തിലാണ് പതിനാറ് വയസ്സുകാരനായ ജുനൈദ് മുസ്‌ലിമാണ് എന്ന ഒറ്റക്കാരണത്താല്‍ കൊല്ലപ്പെടുന്നത്. ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴുണ്ടായ സീറ്റ് തര്‍ക്കം പിന്നീട് വംശീയാധിക്ഷേപത്തിലേക്കും കൊലപാതകത്തിലേക്കും എത്തുകയായിരുന്നു. കൊല്ലുന്നതിന് മുമ്പ് അവര്‍ ഞങ്ങളുടെ താടിയില്‍ പിടിച്ചു വലിക്കുകയും ഞങ്ങളെ ബീഫ്തീനികള്‍ എന്ന് വിളിച്ച് കളിയാക്കുകയും ചെയ്തിരുന്നു എന്ന് ജുനൈദിനൊപ്പമുണ്ടായിരുന്നവര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട ചെയ്തിരുന്നു.

ഫരീദാബാദിലെ ഒരു ദളിത് കുടുംബത്തിലെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ അര്‍ദ്ധരാത്രിയില്‍ ജീവനോടെ ചുട്ടുകൊന്നത് ജാതി വെറി പിടിച്ച ഒരു കൂട്ടമാണ്. നോയിഡയില്‍ 14 ഉം 15 ഉം വയസ്സുള്ള സഹോദരിമാരെ ലൈംഗീകാതിക്രമത്തിനിരയാക്കി മരത്തില്‍ കെട്ടിതൂക്കിയതും ജാതി വെറിയുടെ മറ്റൊരു ഉദാഹരണമായിരുന്നു.

ഭൂരിപക്ഷത്തിന്റെ ആധിപത്യത്തിന് വേണ്ടി മാത്രം നിലകൊള്ളുന്ന സവര്‍ണ്ണപ്രത്യയശാസ്ത്രം ഭരണാധികാരത്തിന്റെ പിന്തുണയോടു കൂടി ഇവിടുത്തെ ന്യൂനപക്ഷങ്ങളെയും ദളിതരേയും സത്രീകളേയുമെല്ലാം ആക്രമിച്ചു കൊലപ്പെടുത്തുന്നതിന്‍രെ ഭീതിദമായ കാഴ്ചകളായിരുന്നു കഴിഞ്ഞ 5 വര്‍ഷം. നിരന്തരമായ ആക്രമണങ്ങളിലൂടെ ഇവര്‍ക്ക് വളരാനുള്ള എല്ലാ സാഹചര്യങ്ങളും കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ ഈ രാജ്യത്തവര്‍ സൃഷ്ടിച്ചെടുത്തു. നിരപരാധികളായ മനുഷ്യരെ തെരുവുകളിലിട്ട് നിരന്തരം തല്ലിക്കൊല്ലുന്ന സംഘപരിവാര്‍ രാഷ്ട്രീയം മാന്യതയുടെ മുഖമണിഞ്ഞ് ജനവിധി തേടുന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്. രാജ്യം ഒന്നും മറക്കില്ല എന്ന് നമുക്ക് പ്രത്യാശിക്കാം.

സൗമ്യ ആര്‍. കൃഷ്ണ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ നിന്ന് ബിരുദവും കേരള മീഡിയ അക്കാദമിയില്‍ നിന്ന് ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയും പൂര്‍ത്തിയാക്കി. 2018 സെപ്തംബര്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.