| Wednesday, 16th August 2017, 7:17 pm

'മോദിയുടെ പ്രസംഗത്തില്‍ ഭരണഘടനാലംഘനം'; സ്വാതന്ത്ര്യദിനപ്രസംഗത്തിലെ 'ഹിന്ദുസ്ഥാന്‍' പരാമര്‍ശത്തിനെതിരെ പരാതിയുമായി അഭിഭാഷക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ ഉള്ളടക്കത്തില്‍ ഭരണഘടനാലംഘനം ആരോപിച്ച് അഭിഭാഷക പരാതി നല്‍കി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസിനാണ് അഭിഭാഷകയായ രമ വിത്തല്‍റാവു കലെ പരാതി നല്‍കിയത്. പ്രസംഗത്തില്‍ മോദി ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ ഒന്ന് ലംഘിച്ചു എന്നാണ് ആരോപിക്കുന്നത്.

മോദിയുടെ “ഹിന്ദുസ്ഥാന്‍” പരാമര്‍ശമാണ് പരാതിയ്ക്ക് ആധാരം. പ്രസംഗത്തില്‍ മോദി ഇന്ത്യയെ ഹിന്ദുസ്ഥാന്‍ എന്നാണ് വിശേഷിപ്പിച്ചത്. മുഖ്യമന്ത്രിയ്ക്ക് പുറമെ എം.ഐ.ഡി.സി പൊലീസ് സ്റ്റേഷനിലും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.

ചെങ്കോട്ടയിലെ തന്റെ 55 മിനുറ്റ് നീണ്ട പ്രസംഗത്തില്‍ പലയിടത്തും മോദി രാജ്യത്തെ ഹിന്ദുസ്ഥാന്‍ എന്നാണ് വിളിച്ചത്.

“ഭരണഘടനയിലെ ഒന്നാം ആര്‍ട്ടിക്കിളില്‍ രാജ്യത്തെ വിശേഷിപ്പിക്കുന്നത് ഇന്ത്യ അല്ലെങ്കില്‍ ഭാരതം എന്നാണ്. ഭരണഘടനയില്‍ ഒരിടത്തും മതപരമായ പ്രാധാന്യം ഉയര്‍ത്തിക്കാണിക്കുന്ന “ഹിന്ദുസ്ഥാന്‍” എന്ന പേര് കാണാന്‍ കഴിയില്ല.”-രമ വിത്തല്‍റാവു പറയുന്നു.

125 കോടി ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള മറ്റുള്ളവര്‍ക്കും മുന്നില്‍ ഇന്ത്യയെ “ഹിന്ദുസ്ഥാന്‍” എന്നു വിളിച്ച് മോദി രാജ്യത്തോട് അനാദരവ് കാണിച്ചു. രാജ്യസ്‌നേഹികളായ എല്ലാവരുടേയും വികാരം പ്രധാനമന്ത്രി വ്രണപ്പെടുത്തിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി എന്ന നിലയില്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ സംരക്ഷിക്കുകയും അവ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യേണ്ടത് മോദിയുടെ കടമയാണെന്നും അത് പാലിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടുവെന്നും അവര്‍ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more