| Monday, 29th October 2018, 2:08 pm

ഗുജറാത്ത് കലാപകാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന നേതാവും മോദിയെ തേളിനോട് ഉപമിച്ചു; വെളിപ്പെടുത്തലുമായി കാരവന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍ വിനോദ് കെ ജോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവലിംഗത്തിലിരിക്കുന്ന തേളിനെപ്പോലെയാണെന്ന് പേരുവെളിപ്പെടുത്താത്ത ആര്‍.എസ്.എസ് നേതാവ് പറഞ്ഞിരുന്നെന്ന ശശി തരൂരിന്റെ പ്രസ്താവന വിവാദമായിരിക്കെ ഗുജറാത്ത് കലാപകാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന ഗോര്‍ധന്‍ സദാഫിയയും മോദിയെ തേളിനോട് ഉപമിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി കാരവന്‍ മാഗസിന്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ ജോസ്.

വിനോദ് കെ ജോസിന്റെ ലേഖനത്തില്‍ നിന്നുള്ള ഭാഗം ശശി തരൂര്‍ ഉദ്ധരിച്ചത് വിവാദമായിരിക്കേയാണ് മോദിയെ തേളിനോട് ഉപമിച്ച മറ്റൊരു നേതാവിന്റെ പേര് കൂടി പുറത്തുവന്നിരിക്കുന്നത്.

തന്നോട് ഈ പരാമര്‍ശം നടത്തിയ ആര്‍.എസ്.എസ് നേതാവിന്റെ പേര് പുറത്തുവിടാനാകില്ലെന്നും അയാള്‍ തന്റെ സ്രോതസ്സാണെന്നും വിനോദ് കെ ജോസ് വ്യക്തമാക്കുന്നു.

“”ശിവലിംഗത്തിലിരിക്കുന്ന തേളിനോട് മോദിയെ ഉപമിച്ചതിന്റെ പേരില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ശശി തരൂരിനെ കടന്നാക്രമിക്കുന്നത് കണ്ടു. ഏഴ് വര്‍ഷം മുന്‍പാണ് ആര്‍.എസ്.എസ് നേതാവില്‍ നിന്നും നരേന്ദ്രമോദിയെ കുറിച്ച് ഈ ഉപമ തനിക്ക് ലഭിച്ചത്.

മോദിയുടെ രാഷ്ട്രീയ ജീവിതവും അധികാരത്തിലേക്കുളള യാത്രയും ചരിത്രപരമായി അടയാളപ്പെടുത്തുന്ന ലേഖനം 2012ലാണ് പ്രസിദ്ധീകരിച്ചത്. മോദി പ്രൊഫൈല്‍ തയ്യാറാക്കാന്‍ ലേഖകന്‍ 105 ആളുകളുമായി അഭിമുഖം നടത്തിയിരുന്നു.


ശബരിമല എല്ലാവരുടേതുമാണ്; അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ട് ടി.ജി മോഹന്‍ദാസ് നല്‍കിയ ഹരജിയില്‍ ഹൈക്കോടതിയ്ക്ക് അതൃപ്തി


2012 മാര്‍ച്ച് മാസം ഇറക്കിയ പതിപ്പിലാണ് പ്രസ്തുത പരാമര്‍ശം ഉള്‍പ്പെടുത്തിയത്. അതിന്റെ പരിഭാഷയും പുറത്തിറക്കിയിരുന്നു. അന്നോ ഇന്നോ ചാനല്‍ചര്‍ച്ചകളിലോ മറ്റ് പരിപാടികളിലോ മോദിയുടെ ആള്‍ക്കാര്‍ അതാരാണെന്ന അന്വേഷണം നടത്തിയിരുന്നില്ല.

എന്നാല്‍ കോണ്‍ഗ്രസിലേയും ബി.ജെ.പിയിലേയും ആളുകള്‍ ഇന്നലെ മുതല്‍ എന്റെ സോഴ്സ് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയാണ്. പക്ഷെ, എങ്ങനെയാണ് ഒരു മാധ്യമപ്രവര്‍ത്തകന് തന്റെ സോഴ്സിനെ ഒറ്റുകൊടുക്കാന്‍ കഴിയുക?

പക്ഷെ എനിക്ക് ഈ കാര്യം പറയാനാകും. ആ ആര്‍.എസ്.എസ് നേതാവ് മാത്രമല്ല (അദ്ദേഹത്തെ പേര് വെളിപ്പെടുത്താതെ ഞാന്‍ സംരക്ഷിക്കും), ഗുജറാത്ത് കലാപകാലത്ത് മോദിയുടെ ആഭ്യന്തരമന്ത്രിയായിരുന്ന ഗോര്‍ധന്‍ സദാഫിയ വരെ ഇതേ തേള്‍ ഉപമ ആവര്‍ത്തിച്ചിട്ടുണ്ട്. ഏകദേശം 2011-2014 കാലഘട്ടത്തില്‍ മോദിയ്ക്കെതിരെ സദാഫിയ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു അത്.


ശബരിമലയില്‍ സംരക്ഷണം യഥാര്‍ത്ഥ വിശ്വാസികള്‍ക്കു മാത്രമെന്ന് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍


വാക് പ്രയോഗം ശിവനേക്കുറിച്ചോ, തരൂരിനേക്കുറിച്ചോ ആര്‍.എസ്.എസിനേക്കുറിച്ചോ അല്ല. മറിച്ച് ആക്രണകാരിയായ ഒരു ജന്തുവായ തേളിനോട്, സംഘിന്റെ കാര്യത്തില്‍ ശിവലിംഗം പോലെ പാവനമായ ഒരു വസ്തുവിന്‍മേല്‍ ഇരിക്കുന്നതിനോട് സാദൃശ്യപ്പെടുത്തുതിനാല്‍ ആ ഉദ്ധരണി തനിക്ക് ഇപ്പോഴും വളരെ അര്‍ത്ഥപൂര്‍ണമായ ഒന്നാണ്.

അതിനെ കൈ കൊണ്ട് എടുക്കാന്‍ കഴിയില്ല (അത് കൊത്തും എന്നതിനാല്‍) ചെരുപ്പ് കൊണ്ട് അടിച്ചു കൊല്ലാനും സാധിക്കില്ല (ശിവലിംഗത്തോടുള്ള അനാദരവാകും.) വിനോദ് കെ. ജോസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

“ദ എംപറര്‍ അണ്‍ക്രൗണ്‍ഡ്” എന്ന പേരില്‍ വിനോദ് കെ ജോസ് കാരവന്‍ മാഗസിനില്‍ മോദിയേക്കുറിച്ച് എഴുതിയ ലേഖനത്തിലാണ് “തേള്‍ ഉപമ” ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നതിന് മുന്‍പാണ് തരൂര്‍ പരാമര്‍ശിച്ച വിശേഷണങ്ങള്‍ ഉള്‍പ്പെടുന്ന ലേഖനം കാരവന്‍ പ്രസിദ്ധീകരിച്ചത്. 2012 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനില്‍ നിന്ന് ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് മോദി എത്തുന്നതുവരെയുള്ള കാര്യങ്ങളാണ് പറയുന്നത്.

മോദി ശിവലിംഗത്തില്‍ ഇരിക്കുന്ന തേളിനെപ്പോലെയാണെന്നും കൈകൊണ്ട് എടുത്ത് മാറ്റാനോ ചെരുപ്പ് കൊണ്ടടിക്കാനോ സാധിക്കില്ല എന്നുമുള്ള ആര്‍.എസ്.എസ് നേതാവിന്റെ വാചകം തരൂര്‍ തന്റെ പുതിയ പുസ്തകമായ “ദ പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്ററിന്റെ പ്രചരണാര്‍ത്ഥം നടത്തിയ പരിപാടിക്കെടായിരുന്നു പറഞ്ഞത്.

മോദിയെ സംഘ്പരിവാര്‍ അഴിച്ചുവിടുകയായിരുന്നെന്നും ഹിന്ദുത്വ വ്യവഹാരവും അതിന്റെ മോദിത്വ ആവിഷ്‌കരണവും തമ്മിലുളള ബലതന്ത്രമാണ് ഇത് വ്യക്തമാക്കുന്നതെന്നും തരൂര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മോദിയെ ബിംബവല്‍ക്കരിക്കുന്നതിനോട് ആര്‍.എസ്.എസില്‍ നിന്നു തന്നെ എതിര്‍പ്പുണ്ട്. മോദിയും ഹിന്ദുത്വവും ചേര്‍ന്നുള്ള മോദിത്വം ആര്‍.എസ്.എസിനേക്കാള്‍ വളരുകയാണെന്നും തരൂര്‍ പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more