ന്യൂദല്‍ഹി: രാജ്യത്തെ ദളിതര്‍ക്കെതിരായ അതിക്രമങ്ങളില്‍ വൈകി മാത്രം പ്രതികരിച്ച മോദിയുടെത് അവസരവാദ രാഷ്ട്രീയമാണെന്ന് പ്രതിപക്ഷം. മോദിയുടെ പെട്ടെന്നുള്ള ദളിത് സ്‌നേഹത്തിന് പിന്നിലെ കാരണം പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് ഇടിവ് സംഭവിച്ചതിനാലാണ് മോഡി മൗനം വെടിഞ്ഞതെന്നും ഖാര്‍ഖെ കുറ്റപ്പെടുത്തി.
രണ്ടു വര്‍ഷത്തോളം മിണ്ടാതിരുന്ന മോദിയുടെ കണ്ണ് ഇപ്പോള്‍ തുറക്കാന്‍ കാരണം നിയമസഭാ തെരഞ്ഞെടുപ്പുകളാണെന്ന് മായാവതി കുറ്റപ്പെടുത്തി. ദളിത് വോട്ടുകള്‍ കിട്ടില്ലെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് ഇപ്പോള്‍ പ്രസാതാവനയുമായി ഇറങ്ങാന്‍ കാരണമെന്നും മായാവതി കുറ്റപ്പെടുത്തി. രോഹിത് വെമുല വിഷയമടക്കം ചൂണ്ടിക്കാണിച്ചായിരുന്നു മായാവതിയുടെ വിമര്‍ശനം. മോദിയുടെത് രാഷ്ട്രീയ അവസരവാദമാണെന്ന് യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു.
പതിനെട്ട് മാസത്തിനിടെ യു.പി, പഞ്ചാബ്, ഗുജറാത്ത്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മോദിയുടെ പ്രസ്താവന. ഇവിടെയെല്ലാം ദളിത് വോട്ടുകള്‍ നിര്‍ണായകമാണ്.