| Tuesday, 14th May 2019, 6:03 pm

'എനിക്ക് ഫാംഹൗസുണ്ടെന്നും ഷോപ്പിങ് കോംപ്ലക്‌സുണ്ടെന്നും ബംഗ്ലാവുണ്ടെന്നും തെളിയിക്കൂ'; പ്രതിപക്ഷത്തിനു മോദിയുടെ വെല്ലുവിളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: പ്രതിപക്ഷത്തിനു വെല്ലുവിളി നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ പേരില്‍ എന്തെങ്കിലും അനധികൃത സ്വത്തുണ്ടെങ്കില്‍ അതു തെളിയിക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ വെല്ലുവിളി. ഉത്തര്‍പ്രദേശിലെ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു മോദി ഇക്കാര്യം മുന്നോട്ടുവെച്ചത്.

‘എനിക്കെന്തെങ്കിലും തരത്തിലുള്ള അനധികൃത സ്വത്തുണ്ടെന്നോ, ഫാംഹൗസുണ്ടെന്നോ, ഷോപ്പിങ് കോംപ്ലക്‌സുണ്ടെന്നോ, വിദേശ ബാങ്കുകളില്‍ പണമുണ്ടെന്നോ തെളിയിക്കാന്‍ ഞാനവരെ വെല്ലുവിളിക്കുന്നു. വിദേശമണ്ണില്‍ എന്തെങ്കിലും വസ്തുവകയുണ്ടെന്നോ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന ബംഗ്ലാവുകളുണ്ടെന്നോ ലക്ഷങ്ങളും കോടികളും വിലയുള്ള ആഡംബരകാറുകളുണ്ടെന്നോ അവര്‍ തെളിയിക്കട്ടെ.

എസ്.പിയും ബി.എസ്.പിയും കോണ്‍ഗ്രസും എന്നെ അവഹേളിക്കുകയാണ്. അവരെന്നെ അവഹേളിക്കാതെ ഒരു ദിവസം പോലും കടന്നുപോയിട്ടില്ല. തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടം കടന്നുപോകുമ്പോഴും ഇതാണവരുടെ അവസ്ഥ. അവരുടെ അവഹേളനത്തെ ഞാന്‍ ഒരു സമ്മാനമായി സ്വീകരിക്കുകയാണ്. ഞാന്‍ അവര്‍ക്കു മറുപടി നല്‍കില്ല. ബി.ജെ.പിക്ക് വോട്ട് നല്‍കി നിങ്ങള്‍ അവര്‍ക്കു മറുപടി നല്‍കുക.’- മോദി പറഞ്ഞു.

പണക്കാരനാകണമെന്നോ ദരിദ്രരുടെ പണ്ണം കൊള്ളയടിക്കണമെന്നോ താന്‍ ഒരിക്കല്‍പ്പോലും സ്വപ്‌നം കണ്ടിട്ടില്ലെന്നും തന്റെ ജീവിതത്തേക്കാള്‍ പാവപ്പെട്ടവരുടെ ക്ഷേമവും മാതൃഭൂമിയെ സംരക്ഷിക്കുന്നതുമാണു പ്രധാനപ്പെട്ടതായി കണ്ടെതെന്നും മോദി അവകാശപ്പെട്ടു.

താന്‍ ജാതിരാഷ്ട്രീയം കളിച്ചിട്ടില്ലെന്ന് ബി.എസ്.പി അധ്യക്ഷ മായാവതിയുടെ ആരോപണത്തിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു. മോദി വോട്ട് നേടാന്‍ ജാതി ഉപയോഗിക്കുകയാണെന്നായിരുന്നു മായാവതിയുടെ ആരോപണം. ‘ഇവര്‍ ചോദിക്കുന്നത് മോദിയുടെ ജാതി ഏതാണെന്നാണ്. ഞാന്‍ ഒട്ടേറെ തെരഞ്ഞെടുപ്പുകള്‍ നേരിട്ടിട്ടുണ്ട്. പക്ഷേ അതിലൊന്നും ഞാന്‍ ജാതിരാഷ്ട്രീയം കളിച്ചിട്ടില്ല. ഞാന്‍ ഗ്യാസ് സിലിണ്ടറുകള്‍ നല്‍കിയിട്ടില്ല, ജാതിയുടെ പേരില്‍ വീടുകള്‍ നല്‍കിയിട്ടില്ല. എനിക്കു രാജ്യത്തിനു വേണ്ടി ജോലി ചെയ്യണം. രാജ്യത്തിനു വേണ്ടി വോട്ട് ചെയ്യാനാണു ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നത്.’- മോദി പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more