| Sunday, 15th December 2013, 12:01 am

മോഡിയുടെ ഗുജറാത്തി മേളകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വായ മാത്രം പോര മേലനങ്ങി “പണി”യെടുക്കണമെന്നും മോഡിയദ്ദേഹം തിരിച്ചറിഞ്ഞതിന്റെ ഭാഗമായാണെന്ന് തോന്നുന്നു. സര്‍ദാര്‍ വല്ലഭായി പട്ടേലിനെ പ്രതിമയാക്കാനുള്ള നീക്കം.

രാജ്യത്തൊട്ടുക്ക് മോഡിയുടെ “ഏകതയുടെ പ്രതിമ”പരസ്യം വിരിഞ്ഞു. “ഏകതയിലൂടെ ശ്രേഷ്ഠതയിലേക്ക്” എന്നായിരുന്നു പരസ്യത്തിന്റെ അടിക്കുറിപ്പ്.

ഏകതയെന്താണെന്നും ശ്രേഷ്ഠതയെന്താണെന്നും ചോദിക്കരുത്, ചോദിച്ചാലും ഉത്തരം റെഡി. കഥയില്‍ ചോദ്യമില്ല.

എന്നാല്‍ നമുക്കാ കഥയിലെ ചോദ്യമില്ലായ്മയെ ചോദ്യം ചെയ്യാതെ തരമില്ല. കാരണം നമ്മള്‍ “ചോദ്യാലുക്കളാണല്ലോ!”

മോഡിയുദ്ദേശിച്ച ഏകത എന്താണാവോ! പക്ഷേ മോഡിയുദ്ദേശിക്കുന്ന ഏകതയെന്ന് നമ്മളുദ്ദേശിക്കുന്നത് സവര്‍ണ്ണ തണലിലേക്ക് ഇന്ത്യയെ ഏകോപിപ്പിക്കുക എന്നത് തന്നെയാണ്.

ബ്രാഹ്മണന്റെ നറുനെയ് മണമുള്ള സംസ്‌കാരത്തിലേക്ക് ദളിതരേയും, മുസ്‌ലീങ്ങളേയും, ക്രൈസ്തവരേയും, സിഖുകാരേയും മറ്റിതര ജാതിമത വിഭാഗങ്ങളേയും പിടിച്ച പിടിയാല്‍ കൊണ്ടുവരികയെന്ന സദുദ്ദേശമായിരിക്കും മോഡിയുടെ പിള്ളമനസ്സിലുദിച്ചത്.

നാനത്വത്തില്‍ ഏകത്വം എന്ന പഴഞ്ചൊല്ലാണ് മോഡിക്ക് ഈ വക പരിപ്പുകള്‍ അടുപ്പത്തിടാന്‍ പ്രചോദനമായതെന്നാണ് മൂളയുള്ള ചില മാലോകരുടെ കണ്ടെത്തല്‍.

നാനാത്വം എന്നു പറയുന്ന സാധനം കാര്യമായ കേടുപാടുകളൊന്നും കൂടാതെ ഇപ്പോഴും ഇന്ത്യയില്‍ നിലനിന്ന് പോരുന്നുണ്ട്. എന്നാല്‍ ഏകത്വം എന്നത് പലപ്പോഴും ഒരു സങ്കല്‍പം മാത്രമാണ്.

ആ സങ്കല്‍പത്തിന് വിഘ്‌നം വരുത്താതെ നാനാത്വത്തെ കൂടി ഒരു കാവി റിബണ്‍ കൊണ്ട് ഇതിനോട് ചേര്‍ത്ത് കെട്ടി രാജ്യത്തെ ഏകോപിപ്പിക്കുവാനാണ് ബഹുമാനപ്പെട്ട മോഡിസാറിന്റെ ലക്ഷ്യം.

അങ്ങനെയാവുന്നതിലൂടെ രാജ്യം ശ്രേഷ്ഠമാവുമെന്നും ഇദ്ദേഹം ഉറപ്പ് നല്‍കുന്നു.

പ്രസംഗത്തിനിടയില്‍ സ്ഥിരമായി പട്ടേലിനെയെടുത്ത് പൂശുന്ന ശീലം മോഡിക്ക് മുമ്പേയുള്ളതാണ്. ഗുജറാത്ത് ദേശീയതക്ക് രാജ്യത്താകെ പബ്ലിസിറ്റി കൊടുക്കാന്‍ ചരിത്രത്തില്‍ മുങ്ങിത്തപ്പി മോഡി കണ്ടെടുത്ത ഒരു മുത്താണ് പട്ടേല്‍.

ഗുജറാത്തുകാരന്‍ എന്നതിലുപരി കോണ്‍ഗ്രസിനകത്തെ ഹിന്ദുത്വ വാദി എന്ന വിലാസവും പട്ടേലിനെ ആയുധമാക്കാന്‍ മോഡിയെ പ്രേരിപ്പിച്ചിരിക്കണം.

ന്യൂയോര്‍ക്കിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയേക്കാള്‍ പൊക്കമാണ് സ്റ്റാച്യു ഓഫ് യൂണിറ്റിക്കെന്നത് തികച്ചും യാദൃശ്ചികം മാത്രം. 182 അടി ഉയരം. ലോകത്തിലെ ഏറ്റവും വലിയ പ്രതിമ. ഭാവിയില്‍ ഇത് താന്‍ പണി കഴിപ്പിച്ചതെന്ന് പറഞ്ഞ് മാലോകര്‍ വാഴ്ത്തുന്നത് മോഡി ഇപ്പോഴേ മനക്കണ്ണില്‍ കാണുന്നുണ്ടാവും.

2000 കോടി ചിലവിട്ട് പണി കഴിപ്പിക്കുന്ന പ്രതിമ നര്‍മ്മദ നദിയുടെ നടുക്കായാണ് സ്ഥാപിക്കുക.

എന്തായാലും നാടൊട്ടുക്കും ഘോഷിച്ച് പ്രതിമയുണ്ടാക്കാന്‍ തുടങ്ങി. ഉണ്ടാക്കി പകുതിയായപ്പോള്‍ പ്രതിമക്ക് ലോഹം തികയാതെ വന്നു. ഒട്ടും വൈകിയില്ല ഇരുമ്പ് ശേഖരിക്കാന്‍ ഗുജറാത്തില്‍ നിന്നുള്ള മോഡി മന്ത്രിമാര്‍, ഐ.പി.എസ്, ഐ.എ.എസ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ മോഡിയെ സഹായിക്കാന്‍ രംഗത്തെത്തി.

പഴനിക്ക് പോകാന്‍ വീടുകള്‍ തോറും തെണ്ടുന്ന ഭക്തരെ പോലെ രാജ്യത്തിന്റെ ഉരുക്കു മനുഷ്യന് വേണ്ടി ഉരുക്കുരുക്കാന്‍ അലങ്കരിച്ച പെട്ടികളുമായി ഇവര്‍ വിവിധ സംസ്ഥാനങ്ങള്‍ കയറിയിറങ്ങി.

ഈ സാഹചര്യത്തിലാണ് അടുത്ത പരസ്യം വരുന്നത്. “റണ്‍ ഫോര്‍ യൂണിറ്റി” അഥവാ ഏകതക്ക് വേണ്ടിയുള്ള ഓട്ടം.

ഡിസംബര്‍ 15ന് രാജ്യത്തെ 565 സ്ഥലങ്ങളിലായി വിവിധ തരത്തില്‍പെട്ട ആളുകള്‍ പട്ടേലിന് വേണ്ടി ഓടുന്നു. “സംഗതി ക്ലാസാവുന്നാണ”് മോഡിയുടെ അഭിപ്രായം.

പരസ്യത്തില്‍ ന്യൂനപക്ഷക്കാരായ സ്ത്രീകളേയും, സിഖുകാരേയും അടിസ്ഥാന വര്‍ഗമായ കര്‍ഷകരേയുമെല്ലാം പ്രതിനിധീകരിക്കുന്ന ആളുകള്‍ ഓട്ടത്തിന് ആഹ്വാനം ചെയ്യുന്നുണ്ട്.

സുഹൃത്തുക്കളോടൊപ്പമോ, കുടുംബത്തിനൊപ്പമോ, ഒറ്റക്കോ നമുക്കീ സംരംഭത്തില്‍ പങ്കെടുക്കാമെന്നാണ് പരസ്യം നല്‍കുന്ന വിവരം. ഇന്നിന് വേണ്ടി, ചരിത്രത്തിന് വേണ്ടി, പട്ടേലിന് വേണ്ടി നമുക്കോടാം എന്നാണ് അപ്പാവികളായ അഭിനേതാക്കള്‍ പരസ്യത്തില്‍ പറയുന്ന ഡയലോഗ്.

ഭാരതം ഓടൂ, ഭാരതം ഒന്നിക്കൂ എന്നാണ് ഈ പരസ്യത്തിന്റെ അടിവാചകം. ഞങ്ങളുടെ കൂടെ ഓടിയില്ലെങ്കില്‍ നിങ്ങളെ ഭാരതത്തില്‍ നിന്ന് ഓടിക്കുമെന്നും വേണമെങ്കില്‍ അര്‍ത്ഥമാക്കാം.

ഐതിഹാസികമായ ഓട്ടത്തില്‍ പങ്കുചേരാന്‍ നമ്മളോരോരുത്തരേയും ക്ഷണിച്ചിരിക്കുന്നു. നമ്മുടെ നിറവും മണവുമൊന്നും അവര്‍ കാര്യമാക്കുന്നേയില്ല. ദളിതന്റെ ദൈവങ്ങളേയും അവന്റെ കുടിയിരിപ്പുകളേയും കൊള്ളയടിച്ച് തങ്ങളുടേതാക്കി അവതരിപ്പിക്കുന്ന സവര്‍ണ്ണ രാഷ്ട്രീയ തന്ത്രങ്ങളുടെ കളത്തിലാണ് നമ്മളിപ്പോള്‍ നില്‍ക്കുന്നത്.
വെടക്കാക്കി തനിക്കാക്കുന്നതിന്റെ മറ്റൊരു രൂപം. തനിക്കാക്കി വെടക്കാക്കുക.

അപ്പോള്‍ പിന്നെ മോഡി രാജ്യത്തിന്റെ ഏകതക്ക് വേണ്ടി നാടു മുഴുവന്‍ ഓടി നടന്ന് പഴയ ഇരുമ്പ് പെറുക്കി ആക്രി വില്‍പന നടത്തുന്നതില്‍ അതിശയിക്കാനൊന്നുമില്ല. എന്നിരുന്നാലും തന്റെ വര്‍ഗീയ ഉത്പന്നങ്ങള്‍ കച്ചവടമാക്കാന്‍ മോഡി സംഘടിപ്പിക്കുന്ന ഗുജറാത്തി മേളകളെ പൂട്ടിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്.

We use cookies to give you the best possible experience. Learn more