ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. “മോദിണോമിക്‌സ്” ഇന്ത്യയുടെ വളര്‍ച്ചയെ തകര്‍ത്തെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. ജി.ഡി.പി നിരക്കിലെ ഇടിവിനെ ന്യായീകരിക്കാനുള്ള ധനമന്ത്രിയുടെ വിലകുറഞ്ഞ ശ്രമം പൊളിഞ്ഞെന്നും കോണ്‍ഗ്രസ് പറഞ്ഞു.
ഇന്ത്യയുടെ വളര്‍ച്ചയെ മോദിണോമിക്‌സ് തകര്‍ത്തിരിക്കുകയാണ്. സാമ്പത്തിക വളര്‍ച്ചയിലെ ഇടിവിനെ പ്രതിരോധിക്കാനുള്ള ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ വിലകുറഞ്ഞ ശ്രമം പാളി. ഇന്ത്യന്‍ വ്യവസായ രംഗത്തേയോ സാധാരണക്കാരായ ജനങ്ങളെയോ ആകര്‍ഷിക്കാന്‍ അതിന് സാധിച്ചിട്ടില്ല. ഗവണ്‍മെന്റ് പറയുന്ന വളര്‍ച്ച കേവലം കടലാസില്‍ മാത്രമാണ്.” കോണ്‍ഗ്രസ് കമ്യൂണിക്കേഷന്‍ വിഭാഗം ഇന്‍ചാര്‍ജ് രണ്‍ദീപ് സുര്‍ജെവാല പറയുന്നു.
നോട്ട് നിരോധനവും ജി.എസ്.ടിയും രാജ്യത്തിന്റെ മാക്രോ, മൈക്രോ ഫിന്‍സാസിന്റെ അടിത്തറയെ ഇളക്കിയെന്നും അദ്ദേഹം പറഞ്ഞു. ജെയ്റ്റ്‌ലി അവതരിപ്പിച്ച ബാങ്ക് റീക്യാപിറ്റലൈസേഷന്‍ പദ്ധതിയ്ക്ക് കൃത്യമായ മാര്‍ഗ്ഗരേഖയില്ലെന്നും സമയ നിഷ്ഠമല്ലെന്നും അദ്ദേഹം ആരോപിച്ചു. വലിയ വര്‍ത്തമാനം നടത്തുന്നതിന് പകരം യാഥാര്‍ത്ഥ്യത്തെ മനസിലാക്കണമെന്നും കോണ്‍ഗ്രസ് പറഞ്ഞു.
ഇതിന്റെയെല്ലാം ദുരിതം അനുഭവിക്കുന്നത് സാധാരണക്കാരാണെന്നും രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായിരിക്കുകയാണെന്നും ചെറുകിട-കുടില്‍ വ്യവസായങ്ങള്‍ തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശൂന്യമായ വാക്കുകളില്‍ നിന്നും അര്‍ത്ഥവത്ത ഭരണത്തിലേക്ക് മാറേണ്ട കാലമെത്തിയിരിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
എല്ലാം ശരിയാണെന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കില്‍ അവര്‍ ഗുജറാത്തിലേക്ക് പോകണമെന്നും ജനങ്ങള്‍ പറയുന്നത് കേള്‍ക്കണമെന്നും കോണ്‍ഗ്രസ് വക്താവ് സുഷ്മിതാ ദേവ് പറഞ്ഞു.