സംഘപരിവാര്‍ ഫാസിസത്തിനെതിരെ ജനാധിപത്യ കൂട്ടായ്മയും 'മോഡിഫൈ ചെയ്യപ്പെടാത്തത്' പുസ്തക പ്രകാശനവും ജനുവരി 20ന് കോഴിക്കോട്: കാഞ്ച ഐലയ്യ പങ്കെടുക്കും
Book Release
സംഘപരിവാര്‍ ഫാസിസത്തിനെതിരെ ജനാധിപത്യ കൂട്ടായ്മയും 'മോഡിഫൈ ചെയ്യപ്പെടാത്തത്' പുസ്തക പ്രകാശനവും ജനുവരി 20ന് കോഴിക്കോട്: കാഞ്ച ഐലയ്യ പങ്കെടുക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th January 2018, 11:25 am

 

കോഴിക്കോട്: സംഘപരിവാര്‍ ഫാസിസത്തിനെതിരെ ജനാധിപത്യ കൂട്ടായ്മയും പുസ്തക പ്രകാശനവും ജനുവരി 20ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍. പരിപാടിയില്‍ ദളിത് ചിന്തകനായ പ്രഫ കാഞ്ച ഐലയ്യ മുഖ്യാതിഥിയായിരിക്കും.

സംഘപരിവാര്‍ ഫാസിസത്തിനെതിരെ 100 കവികളുടെയും 25 ചിത്രകാരന്മാരുടെയും രചനകള്‍ ഉള്‍പ്പെടുത്തി നദി തയ്യാറാക്കിയ “മോഡിഫൈ ചെയ്യപ്പെടാത്തത്” എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്യും. കാഞ്ച ഐലയ്യയില്‍ നിന്നും എഴുത്തുകാരി സാറാ ജോസഫ് പുസ്തകം ഏറ്റുവാങ്ങും.

ശനിയാഴ്ച വൈകുന്നേരം മൂന്നുമണിക്ക് നളന്ദയില്‍ ഒത്തുചേരുന്ന കൂട്ടായ്മയില്‍ സംഘപരിവാര്‍ ഫാസിസത്തിനെതിരെ വ്യത്യസ്ത നിലയില്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും പരസ്പരം സഹകരിക്കുന്നതും ആലോചിക്കും. കൂട്ടായ്മയില്‍ കെ.ഇ.എന്‍, കെ.എസ് മാധവന്‍, പി.എന്‍ ഗോപീകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

അഞ്ചുമണിയോടെയാണ് “മോഡിഫൈ ചെയ്യപ്പെടാത്തത്” എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കുക. ചടങ്ങില്‍ എസ്.ജോസഫ്, കെ. പ്രഭാകരന്‍, സച്ചിതാനന്ദന്‍ പുഴങ്കര, റിംസന്‍, കെ.ടി കുഞ്ഞിക്കണ്ണന്‍, പോള്‍ കല്ലാനോട് തുടങ്ങിയവര്‍ പങ്കെടുക്കും.

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള 25 കലാകാരന്മാരുടെ ചിത്രങ്ങളും 100 കവികളുടെ കവിതകളും ഉള്‍പ്പെടുത്തിയാണ് “മോഡിഫൈ ചെയ്യപ്പെടാത്തത്” എന്ന പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. നദി എഡിറ്റ് ചെയ്ത പുസ്തകം ഡി.സി ബുക്‌സാണ് പ്രകാശനം ചെയ്യുന്നത്. സുനില്‍ അശോകപുരമാണ് പുസ്തകത്തിന്റെ ആര്‍ട്ട് എഡിറ്റര്‍.