| Friday, 11th October 2019, 11:19 am

മോദി-ഷി ജിന്‍പിങ്ങ് കൂടിക്കാഴ്ച്ചയ്‌ക്കൊരുങ്ങി മഹാബലിപുരം; കശ്മീര്‍ വിഷയത്തില്‍ ഇടഞ്ഞ ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായുള്ള അനൗദ്യോഗിക കൂടിക്കാഴ്ചയ്ക്ക് മഹാബലിപുരം ഒരുങ്ങി. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം ചെന്നൈയിലെത്തുന്ന ഷി ജിന്‍ പിങ്ങ് വൈകീട്ട്് മഹാബലിപുരത്തേക്ക് തിരിക്കും.

കശ്മീര്‍ വിഷയത്തില്‍ ഇരു നേതാക്കളും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായതിനു ശേഷം നടക്കുന്ന ഈ കൂടിക്കാഴ്ച നയതന്ത്ര തലത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കശ്മീര്‍ വിഷയത്തില്‍ തുടക്കം മുതലേ ഇന്ത്യയെ വിമര്‍ശിച്ച ചൈനയുടെ നിര്‍ദേശപ്രകാരമായിരുന്നു യു.എന്‍ രക്ഷാസമിതി അടിയന്തരയോഗം ചേര്‍ന്നത്. എന്നാല്‍ ചൈനയൊഴികെ മറ്റു രാജ്യങ്ങളെല്ലാം ഇന്ത്യയെ പിന്തുണച്ചു.കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും മറ്റു രാജ്യങ്ങള്‍ ഇതില്‍ ഇടപെടേണ്ട എന്നുമാണ് ഇന്ത്യ ഇതിനോട് പ്രതികരിച്ചത്.

ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ബന്ധം ഊര്‍ജിതമാക്കലും, വ്യാപാര ബന്ധം ശക്തിപ്പെടുത്തലും ആണ് കൂടിക്കാഴ്ച ലക്ഷ്യം വെക്കുന്നത്.

നാളെ മോദിയും ഷി ജിന്‍ പിങ്ങും തമ്മില്‍ നടത്തുന്ന ചര്‍ച്ചയില്‍ ഇന്ത്യ, ചൈന, മ്യാന്‍മര്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഊര്‍ജിതമാക്കലും ചര്‍ച്ചയാകും.

വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഇന്ത്യയ്ക്കും യു.എസുമായുള്ള വ്യാപാരയുദ്ധത്തില്‍ കുടുങ്ങിയിരിക്കുന്ന ചൈനയ്ക്കും ഈ കൂടിക്കാഴ്ച ഏറെ പ്രധാനപ്പെട്ടതാണ്. ചൈനയുടെ സാങ്കേതികസഹായികളായ 28 കമ്പനികള്‍ക്ക് യു.എസ് കഴിഞ്ഞ ദിവസം വിലക്കേര്‍പ്പെടുത്തിയതും ചൈനയ്ക്ക് വലിയ തിരിച്ചടിയാണ്.

ഇരു നേതാക്കളും കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ചൈനയില്‍ വെച്ചു നടത്തിയ വുഹാന്‍ കൂടിക്കാഴ്ചയുടെ സമയത്ത് ഡോക്‌ലാം അതിര്‍ത്തി പ്രശ്‌നം രൂക്ഷമായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more