ന്യൂദൽഹി: ഈ വരുന്ന ഇരുപത്തിയാറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിൽ വാർത്താസമ്മേളനം നടത്തുമെന്ന വാർത്ത നിഷേധിച്ച് ബി.ജെ.പി. ഇതിനെ പരിഹസിച്ചുകൊണ്ട് കോൺഗ്രസ് ഉടൻ തന്നെ രംഗത്തെത്തി. ‘നിങ്ങളെക്കൊണ്ട് അതിന് കഴിയില്ല’ എന്നാണു കോൺഗ്രസ് പാർട്ടി തങ്ങളുടെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചത്.
ഇന്ത്യൻ എക്സ്പ്രസ്സ് ലേഖിക ലിസ് മാത്യു ആണ് ഈ വിവരം ആദ്യമായി പുറത്തുവിട്ടത്. ഈ വാർത്ത 110 ശതമാനവും തെറ്റാണ് എന്ന് ഒരു ബി.ജെ.പി. നേതാവ് പറഞ്ഞുവെന്നാണ് ലിസ് മാത്യു ട്വിറ്ററിൽ കുറിച്ചത്.
25, 26 തീയതികളിൽ മോദി വാരണാസിയിൽ തന്റെ തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് മോദി വാരണാസിയിൽ വെച്ച് മാധ്യമങ്ങളെ അഭിമുഖീകരിച്ച് വാർത്താസമ്മേളനം നടത്തുമെന്ന അഭ്യൂഹം പരന്നത്.
മാധ്യമങ്ങളുടെ ചോദ്യങ്ങളെ നേരിടാൻ നരേന്ദ്ര മോദിയ്ക്ക് ഭയമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മോദിയെ നിരന്തരം പ്രസ്താവനകൾ നടത്തിയിരുന്നു. രാഹുൽ മോദിയെ 15 മിനിട്ട് ദൈർഘ്യമുള്ള സംവാദം നടത്താനും ക്ഷണിച്ചിരുന്നു. ഇതിനെ തുടർന്ന് ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ക്ക് മോദി അഭിമുഖങ്ങള്‍ അനുവദിച്ചിരുന്നു.
ഇതിനു പിന്നാലെ ബോളിവുഡ് നടൻ അക്ഷയ് കുമാറുമായുള്ള സംഭാഷണത്തിനും മോദി തയ്യാറായി. എന്നാൽ ഈ അഭിമുഖങ്ങൾ ഉൾപ്പെടെ പക്ഷപാതിത്വ സ്വഭാവം പുലർത്തുന്നവയാണെന്ന് വിമർശനങ്ങൾ ഉയർന്നു.
മാധ്യമങ്ങളെ നേരിട്ട് ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ മോദിയ്ക്ക് ധൈര്യമില്ലെന്നുള്ള പ്രതിപക്ഷത്തിന്‍റെയും മാധ്യമങ്ങളുടെയും ഏറെ നാളത്തെ പരിഹാസത്തിന് വിരാമമായി എന്ന രീതിയിലാണ് മോദിയുടെ വാർത്താസമ്മേളന വാർത്തകൾ പ്രചരിച്ചത്. തുടർന്നാണ് ബി.ജെ.പി. വാർത്ത നിഷേധിക്കുന്നത്