ഉത്തര്‍പ്രദേശിനെയും കേരളത്തേയും മോദി ഒരേ പോലെ പരിഗണിക്കില്ല, കാരണം കേരളം ഭരിക്കുന്നത് ഇടതുപക്ഷമാണ്; രാഹുല്‍ ഗാന്ധി
ന്യൂദല്‍ഹി: ബി.ജെ.പി ഇതര സംസ്ഥാനങ്ങളോട് പക്ഷപാതപരമായ സമീപനമായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വാരാണസി പോലെ തന്നെ കേരളവും തനിക്ക് പ്രിയപ്പെട്ടതാണെന്ന് കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ പ്രധാനമന്ത്രി പറഞ്ഞിരുന്നു.
‘ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളേയും ബി.ജെ.പി ഇതര സംസ്ഥാനങ്ങളേയും പ്രധാനമന്ത്രി ഒരു പോലെ കാണില്ല. ഉത്തര്‍പ്രദേശിനെ പരിഗണിക്കുന്നത് പോലെ പ്രധാനമന്ത്രി ഒരിക്കലും പരിഗണിക്കില്ലെന്ന് എനിക്കറിയാം, കാരണം കേരളം ഭരിക്കുന്നത് സി.പി.ഐ.എമ്മാണ്’- പ്രധാനമന്ത്രി ഗുരുവായൂരില്‍ നടത്തിയ പ്രസംഗം പരാമര്‍ശിച്ചു കൊണ്ട് രാഹുല്‍ പറയുന്നു.
വയനാട്ടില്‍ മൂന്ന് ദിവസത്തെ മണ്ഡല സന്ദര്‍ശനത്തിനെത്തിയതാണ് രാഹുല്‍ ഗാന്ധി. ബി.ജെ.പി വിദ്വേഷം ക്രോധവും കൊണ്ട് അന്ധരായിരിക്കുകയാണെന്നും, ആര്‍.എസ്.എസ് പ്രത്യയ ശാസ്ത്രത്തില്‍ വിശ്വസിക്കാത്തവരെ അവര്‍ ഇന്ത്യക്കാരായി കണക്കാക്കില്ലെന്നും രാഹുല്‍ പറഞ്ഞു.
‘അവര്‍ ക്രോധവും വിദ്വേഷവും കൊണ്ട് അന്ധരായിരിക്കുകയാണ്. ആര്‍.എസ്.എസ് പ്രത്യയ ശാസ്ത്രത്തില്‍ വിശ്വസിച്ചില്ലെങ്കില്‍ നിങ്ങളവര്‍ക്ക് ഇന്ത്യക്കാരല്ല. എന്നാല്‍ ഒരിക്കലും നാഗ്പൂര്‍(ആര്‍.എസ്.എസ് ആസ്ഥാനം) നമ്മളെ ഭരിക്കില്ലെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു, അതിനായി ഞങ്ങള്‍ പോരാടും’- രാഹുല്‍ പറയുന്നു.
രാഷ്ട്രീയ ഭിന്നതകളുണ്ടെങ്കിലും, വയനാടിന്റെ വികസനത്തിനായി ഭരണപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. എന്നാല്‍ ഇത്തരം സമീപനം പ്രധാമന്ത്രിയില്‍ നിന്ന് പ്രതീക്ഷിക്കരുതെന്നും രാഹുല്‍ പറഞ്ഞു.