| Friday, 17th June 2022, 1:52 pm

'തനിക്കാവശ്യമുള്ളവരുടെ മാത്രം ശബ്ദം കേള്‍ക്കാനേ പ്രധാനമന്ത്രിക്ക് കഴിയൂ, ജനങ്ങള്‍ക്ക് എന്ത് വേണമെന്ന് മോദിക്കറിയില്ല': അഗ്നിപഥില്‍ പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടത് എന്താണെന്ന് മനസ്സിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്ത് വിവിധയിടങ്ങളില്‍ യുവാക്കളുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിക്ക് നേരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരിക്കുന്നത്.

ജനങ്ങളുടെ ക്ഷേമത്തിനെന്ന വ്യാജേന കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെച്ച ചില പദ്ധതികള്‍ ജനങ്ങള്‍ തന്നെ സര്‍ക്കാരിനെക്കൊണ്ട് പിന്‍വലിപ്പിച്ചിരുന്നു. കാര്‍ഷിക നിയമം, ജി.എസ്.ടി, തുടങ്ങിയവയേയും രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചു.

ജനങ്ങളുടെ ക്ഷേമത്തിനായി മുന്നോട്ടു വെച്ച സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങള്‍ക്ക് തന്നെ ബുദ്ധിമുട്ടായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘അഗ്നിപഥ് യുവാക്കള്‍ക്ക് വേണ്ടിയെന്ന് പറഞ്ഞു, യുവാക്കള്‍ എതിര്‍ത്തു. കാര്‍ഷിക നിയമം കര്‍ഷകര്‍ക്ക് വേണ്ടിയെന്ന് പറഞ്ഞു, കര്‍ഷകര്‍ എതിര്‍ത്തു. നോട്ട് നിരോധനം സാമ്പത്തിക വിദഗ്ദര്‍ എതിര്‍ത്തു, ജി.എസ്.ടി കച്ചവടക്കാര്‍ എതിര്‍ത്തു,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

‘രാജ്യത്തെ ജനങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് മനസ്സിലാക്കാനൊന്നും പ്രധാനമന്ത്രിക്ക് അറിയില്ല. ആകെ തനിക്ക് വേണ്ടപ്പെട്ടവര്‍ മാത്രമാണ് അദ്ദേഹത്തിന്റെ പരിഗണനയിലുള്ളത്,’ രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

അതേസമയം അഗ്‌നിപഥ് പദ്ധതി യുവാക്കളുടെ ശോഭനമായ ഭാവിക്ക് വേണ്ടിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. അഗ്‌നിപഥ് പദ്ധതി പിന്‍വലിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. അഗ്‌നിപഥ് പിന്‍വലിക്കില്ലെന്നും യുവാക്കള്‍ ഇത് പ്രയോജനപ്പെടുത്തണമെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു.

പദ്ധതിക്ക് എതിരെ ഇന്നും രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധക്കാര്‍ ട്രെയിനിന് തീയിട്ടു. സ്റ്റേഷനകത്തെ സ്റ്റാളുകളും ഓഫീസിന്റെ ജനല്‍ച്ചില്ലുകളും തകര്‍ത്തു. ട്രെയിനുകള്‍ക്ക് നേരെ കല്ലേറുമുണ്ടായി.

Content Highlight: Modi won’t understand what his people wants says rahul gandhi amid protests in agneepath continues

We use cookies to give you the best possible experience. Learn more