| Wednesday, 12th June 2019, 3:04 pm

അനുമതി ലഭിച്ചിട്ടും പാക് വ്യോമപാതയില്‍ക്കൂടി പോകില്ല; പകരം കണ്ടെത്തിയ വഴിയില്‍ മോദി കിര്‍ഗിസ്താനിലേക്ക് പോകും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ അനുമതി നല്‍കിയിട്ടും ഷാങ്ഹായ് സഹകരണ (എസ്.സി.ഒ) ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാക് വ്യോമപാതയില്‍ക്കൂടി പോകില്ല. ഒമാനിലും ഇറാനിലും മധ്യേഷ്യന്‍ രാജ്യങ്ങളിലും കൂടി കടന്നുപോകുന്ന വ്യോമപാതയില്‍ക്കൂടിയാണ് മോദി ഉച്ചകോടി നടക്കുന്ന കിര്‍ഗിസ്താനിലെ ബിഷ്‌കേക്കിലേക്കു പോകുക.

വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേതന്നെ പാക് വ്യോമപാത കൂടാതൊരു മാര്‍ഗം സര്‍ക്കാര്‍ കണ്ടുവെച്ചിരുന്നു. നാളെയും മറ്റന്നാളുമായാണ് ഉച്ചകോടി നടക്കുക.

ബാലാകോട്ട് വ്യോമാക്രമണത്തിനു ശേഷം ഇന്ത്യന്‍ വിമാനങ്ങള്‍ക്കു യാത്രാനുമതി നിഷേധിക്കപ്പെട്ട വ്യോമപാത മോദിക്കായി തുറന്നുനല്‍കണമെന്ന് ഇന്ത്യ കഴിഞ്ഞദിവസം പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പാകിസ്താന്‍ അംഗീകരിക്കുകയും ചെയ്താണ്. എന്നാല്‍ ഇപ്പോള്‍ അതു സര്‍ക്കാര്‍ വേണ്ടെന്നുവെയ്ക്കാനുണ്ടായ സാഹചര്യമെന്തെന്നു വ്യക്തമല്ല.

പാക് വ്യോമപാതയില്‍ക്കൂടി സഞ്ചരിച്ചാല്‍ കൂടുതല്‍ സമയമുള്ള യാത്ര ഒഴിവാക്കാനാവും. എട്ടുമണിക്കൂര്‍ യാത്ര നടത്തുന്നതിനു പകരം നാലുമണിക്കൂര്‍ മതിയാവും.

പാക് നടപടിയെത്തുടര്‍ന്നു കഴിഞ്ഞ മൂന്നുമാസമായി ഇതുവഴിയുള്ള നിരവധി വിമാനസര്‍വീസുകളാണ് റദ്ദാക്കിയത്. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ വന്‍ നഷ്ടം സഹിച്ചാണ് സര്‍വീസ് നടത്തുന്നത്. 350 വിമാനങ്ങളാണ് ഇതുകാരണം ബുദ്ധിമുട്ട് നേരിടുന്നത്.

ഇപ്പോള്‍ എയര്‍ ഇന്ത്യക്കു മാത്രം ദിവസം അഞ്ചുമുതല്‍ ഏഴു കോടിവരെ നഷ്ടം നേരിടുന്നുണ്ട്.

ഉച്ചകോടിയില്‍ മോദിക്കൊപ്പം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പങ്കെടുക്കുന്നുണ്ട്. ചര്‍ച്ചയിലൂടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഖാന്‍ നേരത്തെ മോദിക്ക് കത്തയച്ചിരുന്നു. കശ്മീര്‍ വിഷയമാണ് കത്തില്‍ പ്രധാനമായും പരാമര്‍ശിക്കുന്നത്. അതേസമയം ഉച്ചകോടിക്കിടെ മോദി-ഇമ്രാന്‍ ചര്‍ച്ചയില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more