| Saturday, 21st September 2024, 10:32 pm

2025ല്‍ 75 വയസ് പൂര്‍ത്തിയാകുന്നതോടെ മോദിക്ക് പ്രധാനമന്ത്രി സ്ഥാനമൊഴിയേണ്ടി വരും: ശശി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടമാകുമെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ജമ്മു കശ്മീര്‍, ഹരിയാന, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഇന്ത്യാ സഖ്യം ഭരണത്തിലേറുമെന്നും ശശി തരൂര്‍ പറഞ്ഞു. ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ തിരുവനന്തപുരം ചാപ്റ്റര്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളിലും ബി.ജെ.പി തോല്‍വി നേരിടുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും തരൂര്‍ പറഞ്ഞു. 2025ല്‍ 75 വയസ് പൂര്‍ത്തിയാകുന്നതോടെ നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രി സ്ഥാനം ഒഴിയേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനുമുമ്പും എം.പി ശശി തരൂര്‍ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ 75-ാം വയസില്‍ സ്ഥാനമൊഴിയേണ്ടി വരുമെന്ന് പറഞ്ഞിരുന്നു.

2025 സെപ്റ്റംബറില്‍ 75 വയസ് തികയുന്ന മോദി ‘വിരമിക്കുമ്പോള്‍’ തന്റെ പിന്‍ഗാമിയാകാന്‍ പോകുന്ന ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് വേണ്ടിയാണ് പ്രചരണങ്ങളില്‍ വോട്ട് ചോദിക്കുന്നതെന്ന് മുന്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് സമാനമായ പരാമര്‍ശം ശശി തരൂര്‍ നടത്തിയത്.

എന്നാല്‍ ശശി തരൂരിന്റെ ഉള്‍പ്പെടെയുള്ളവരുടെ വാദം നിഷേധിച്ച് ബി.ജെ.പി രംഗത്തെത്തുകയും ചെയ്തിരുന്നു. എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, സുമിത്ര മഹാജന്‍, യശ്വന്ത് സിന്‍ഹ എന്നിവര്‍ 75-ാം വയസില്‍ വിരമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാക്കളുടെ വിമര്‍ശനം.

തുടര്‍ന്ന് തെലങ്കാനയിലെ ഹൈദരാബാദില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. പാര്‍ട്ടിയുടെ ഭരണഘടനയില്‍ ഒരിടത്തും പ്രായം സംബന്ധിച്ച് ഒരു വ്യവസ്ഥയും ഇല്ലെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയും പറയുകയുണ്ടായി.

Content Highlight: Modi will have to step down as PM after turning 75 in 2025: Shashi Tharoor

We use cookies to give you the best possible experience. Learn more