ന്യൂദല്‍ഹി: 2019 ലെ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ കുറിച്ച് പ്രതിപക്ഷം തീരുമാനം എടുക്കുകയുള്ളൂവെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 2004 ല്‍ ബി.ജെ.പി നേരിട്ട അതേ തിരിച്ചടി തന്നെയാണ് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും അവരെ കാത്തിരിക്കുന്നതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
മോദിയ്‌ക്കെതിരെ പ്രതിപക്ഷത്ത് നിന്ന് ആര് എന്നാണ് ഇന്ന് ബി.ജെ.പി ചോദിച്ചുകൊണ്ടിരിക്കുന്നത്. 2003 ല്‍ അവര്‍ ചോദിച്ചത് വാജ്‌പേയിക്കെതിരെ ആര് എന്ന ചോദ്യമായിരുന്നു. അന്നത്തെ ഫലം നമ്മള്‍ എല്ലാം കണ്ടതാണ്. അടുത്ത പത്ത് വര്‍ഷത്തേക്ക് ഇന്ത്യയുടെ പ്രധാനമന്ത്രി പദവിയിലിരുന്നത് മന്‍മോഹന്‍ സിങ്ങായിരുന്നു. 2004 ല്‍ ബി.ജെ.പി ഏത് വിധമാണോ തിരിച്ചടി നേരിട്ടത്, അതിനേക്കാള്‍ വലിയ തിരിച്ചടിയാണ് ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ കാത്തിരിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയായിരിക്കും പ്രധാമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ പ്രഖ്യാപനത്തെ കുറിച്ചുള്ള ചോദ്യത്തിന് സ്റ്റാലിന് അദ്ദേഹത്തിന്റേതായ കാഴ്ചപ്പാടുണ്ടാകുമെന്നും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാരെന്ന് തീരുമാനിക്കുള്ളൂവെന്നും യെച്ചൂരിയുടെ മറുപടി.
2019 ല്‍ ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യത്തെ കുറിച്ചുള്ള ചോദ്യത്തിന് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ അത്തരമൊരു ഐക്യം പ്രതീക്ഷിക്കാമെന്നായിരുന്നു യെച്ചൂരിയുടെ മറുപടി. ഓരോ സംസ്ഥാനങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികളെന്നും യെച്ചൂരി പറഞ്ഞു.
തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിക്കൊപ്പം വിശാല പ്രതിപക്ഷ ഐക്യത്തില്‍ പങ്കെടുത്തല്ലോ എന്ന ചോദ്യത്തിന് മമത അതിലൊരു ഭാഗമാണെന്നും അവര്‍ക്കൊപ്പം മാത്രമല്ല ഞങ്ങള്‍ ചേര്‍ന്നതെന്നുമായിരുന്നു യെച്ചൂരിയുടെ മറുപടി. ഞങ്ങളുടേത് അവസരവാദ രാഷ്ട്രീയമല്ല. മമത ബാനര്‍ജിയുമായി ഒരു സഖ്യത്തിന് ഇടതുപക്ഷം തയ്യാറല്ല. മമതയെ ബംഗാളില്‍ നിന്ന് തൂത്തെറിയുക, മോദിയെ താഴെയിറക്കി ഇന്ത്യയെ രക്ഷിക്കുക എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം. അതില്‍ ഒരു മാറ്റവുമില്ല. എന്നാല്‍ ബി.ജെ.പിക്കെതിരായ ഐക്യത്തില്‍ ഞങ്ങള്‍ ഒപ്പം ചേരും.
ഒരു വ്യക്തിയ്ക്ക് എതിരായല്ല ഞങ്ങളുടെ പ്രതിഷേധം. നരേന്ദ്രമോദിയെന്ന ഒരു വ്യക്തിയുടെ പേരില്‍ മാത്രമല്ല ഞങ്ങള്‍ ബി.ജെ.പിയെ എതിര്‍ക്കുന്നത്. മോദി ഭരണത്തില്‍ ഇന്ത്യയില്‍ സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ കഴിയാതെയായി. അദ്ദേഹത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് ഞങ്ങളുടെ സമരം- യെച്ചൂരി പറഞ്ഞു.