national news
മികച്ച നടനാണെന്ന് മോദി ഒരിക്കല്‍ കൂടി തെളിയിച്ചു; ക്യാമറയ്ക്കുവേണ്ടി കൈവീശുന്ന മോദിയെ ട്രോളി സോഷ്യല്‍ മീഡിയ; ചതിച്ചത് നിഴല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Dec 26, 04:46 am
Wednesday, 26th December 2018, 10:16 am

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്യാമറ പ്രേമം ഇതിനകം തന്നെ പലതവണ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ക്യാമറയ്ക്കുവേണ്ടി കൈവീശുന്ന മോദിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ ലോങ്‌റോഡ് ബ്രിഡ്ജായ ആസാമിലെ ബോഗിബീല്‍ പാലം ഉദ്ഘാടനം ചെയ്യവേ മുമ്പില്‍ നീങ്ങുന്ന ട്രോളി ക്യാമറയ്ക്കുവേണ്ടി കൈവീശി നടന്നുനീങ്ങുന്ന മോദിയുടെ വീഡിയോയാണ് ചര്‍ച്ചകള്‍ക്കു വഴിവെച്ചത്. പാലത്തിനുതാഴെ ഒരു ട്രെയിനും വീഡിയോയില്‍ കാണാം. മോദി ട്രെയിനിലുള്ളവര്‍ക്കുനേരെ കൈവീശുന്നതാണ് ക്യാമറ ചിത്രീകരിക്കുന്നത്.

വീഡിയോയുടെ ഫ്രയിമില്‍ ക്യാമറയുടെയും ട്രോളിയുടെയും ചിത്രീകരിക്കുന്നയാളുടെയും നിഴല്‍ പതിഞ്ഞതാണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്.

മികച്ച നടനാണെന്ന് മോദി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്നാണ് ചിലരുടെ പ്രതികരണം. ഉറക്കത്തില്‍വരെ മോദി ഇതുപോലെ കൈവീശുമെന്ന് ഉറപ്പാണെന്നാണ് മറ്റൊരാളുടെ പരിഹാസം.

Also read:വെറുതെ പറന്നു നടന്നാല്‍ തെരഞ്ഞെടുപ്പ് ജയിക്കില്ല; അടുത്ത വര്‍ഷം മോദി വിദേശസന്ദര്‍ശനം നടത്തിയേക്കില്ലെന്ന് റിപ്പോര്‍ട്ട്

“പാവം, ഫ്രയിമില്‍ നിന്നും നിഴല്‍ മറയ്ക്കാന്‍ വീഡിയോക്കാരന്‍ വിട്ടുപോയി” എന്നാണ് ചിലരുടെ പരിഹാസം. 2019ല്‍ ഇത്തരം നാടകങ്ങള്‍ നമുക്ക് മിസ് ചെയ്‌തേക്കുമെന്നാണ് മറ്റൊരു പ്രതികരണം.