| Monday, 31st July 2023, 2:52 pm

ലോക് സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട്‌ മോദി വിദേശത്ത് സ്ഥിരതാമസമാക്കും: ലാലു പ്രസാദ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീഹാര്‍: ലോക് സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ആശങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുണ്ടെന്നും അതിനാല്‍ വിദേശത്ത് പോയി താമസിക്കാനാണ് അദ്ദേഹം നോക്കുന്നതെന്നും രാഷ്ട്രീയ ജനതാ ദള്‍ അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. മോദിയുടെ ക്വിറ്റ് ഇന്ത്യ പരാമര്‍ശത്തിനുള്ള മറുപടിയായാണ് ലാലു പ്രസാദിന്റെ പ്രതികരണം.

‘മോദിയാണ് ക്വിറ്റ് ചെയ്യാന്‍ ആലോചിക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹം കുറേ രാജ്യങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നത്. പിസ്സയും മോമോസുമെല്ലാം കഴിച്ച് സുഖമായി വിശ്രമിക്കാന്‍ പറ്റിയ സ്ഥലം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് മോദി,’ ലാലു പ്രസാദ് പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. മകനും ബീഹാര്‍ മന്ത്രിയുമായ തേജ് പ്രതാപ് യാദവ് സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുംബൈയില്‍ നടക്കാനിരിക്കുന്ന ഇന്ത്യയുടെ അടുത്ത യോഗത്തിനായി കാത്തിരിക്കുകയാണെന്നും ബീഹാര്‍ മുഖ്യമന്ത്രിയോടൊപ്പം യോഗത്തില്‍ പങ്കെടുക്കുമെന്നും ലാലു പ്രസാദ് യാദവ് വ്യക്തമാക്കി. ‘ ഒറ്റക്കെട്ടായി നിന്ന് ഞങ്ങള്‍ ബി.ജെ.പിയെ പരാജയപ്പെടുത്തും. നരേന്ദ്ര മോദി ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ ശ്രമത്തെ ഞങ്ങള്‍ പരാജയപ്പെടുത്തും,’ ലാലു പ്രസാദ് പറഞ്ഞു.

ക്വിറ്റ് ഇന്ത്യ എന്ന ഗാന്ധിജിയുടെ മുദ്രാവാക്യം ഉയര്‍ത്തി പ്രതിപക്ഷത്തിനെ നേരിടുമെന്നായിരുന്നു മോദി പറഞ്ഞിരുന്നത്. ഇന്ത്യ എന്ന പേര് സഖ്യത്തിന് ഉപയോഗിക്കുന്നത് രാജ്യസ്നേഹം കൊണ്ടല്ലെന്നും പേര് മാറ്റി യു.പി.എ ഭരണകാലത്തെ കൊള്ളരുതായ്മകളെ മറയ്ക്കാനാണ് പ്രതിപക്ഷ ശ്രമമെന്നും മോദി പറഞ്ഞു.

രാജസ്ഥാനിലെ സിക്കറില്‍ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ‘ക്വിറ്റ് ഇന്ത്യ എന്ന ഗാന്ധിജിയുടെ മുദ്രാവാക്യം ഉയര്‍ത്തി പ്രതിപക്ഷത്തിനെ നേരിടും. അഴിമതി, കുടുംബാധിപത്യം, പ്രീണനം എന്നിവ മുന്നോട്ട് വെക്കുന്ന പാര്‍ട്ടികള്‍ ഇന്ത്യ വിടണം. ദേശീയത ഉയര്‍ത്തിക്കാട്ടാനല്ല, യു.പി.എ ഭരണകാലത്തെ അഴിമതി മറച്ചുവെക്കാനാണ് പ്രതിപക്ഷ സഖ്യം ഇന്ത്യ എന്ന പേര് ഉപയോഗിക്കുന്നത്.

കോണ്‍ഗ്രസിന്റെ ഭരണകാലത്ത് രൂപീകരിക്കപ്പെട്ട് പ്രവര്‍ത്തനം നടത്തിയ നിരോധിത സംഘടനയായ സിമിയുടെ പേരിലും ഇന്ത്യ എന്ന വാക്കുണ്ട്. അതുകൊണ്ട് ഇന്ത്യ എന്ന പേര് ഉപയോഗിക്കുന്നത് കൊണ്ട് പ്രതിപക്ഷം ദേശീയവാദികളാകില്ല,’ എന്നായിരുന്നു മോദി പറഞ്ഞത്.

Content Highlights: Modi was worried about losing Loksabha election and looking for a sanctuary abroad; lalu prasad

We use cookies to give you the best possible experience. Learn more