റായ്പൂര്‍: ആദിവാസികളെ ‘വനവാസി’ എന്ന് വിളിച്ച് ബി.ജെ.പി അപമാനിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസ് വനവാസി എന്ന പദം രാജ്യത്ത് നിന്ന് ഇല്ലതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ബി.ജെ.പി നേതാക്കള്‍ തങ്ങളുടെ പ്രസംഗങ്ങളില്‍ ആദിവാസികള്‍ക്ക് പകരമായി വനവാസി എന്നാണ് ഉപയോഗിക്കുന്നത്. നരേന്ദ്ര മോദിയും ആര്‍.എസ്.എസുമാണ് വനവാസി എന്ന പുതിയ പദം സൃഷ്ടിച്ചത്. വനവാസിയും ആദിവാസിയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. മധ്യപ്രദേശില്‍ ഒരു ബി.ജെ.പി നേതാവ് ആദിവാസി യുവാവിനുമേല്‍ മൂത്രമൊഴിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു. ഇതാണ് ബി.ജെ.പിയുടെ മനോഭാവം. മൃഗങ്ങളെ പോലെ നിങ്ങളുടെ സ്ഥാനം കാട്ടിലാണെന്ന് അവര്‍ കരുതുന്നു. അതുകൊണ്ട് മൃഗങ്ങളോടെന്നപോലെ പെരുമാറുന്നു,’ രാഹുല്‍ ഗാന്ധി ഛത്തീസ്ഗഢിലെ പൊതുയോഗത്തില്‍ പറഞ്ഞു.
‘ഒരു ബി.ജെ.പി നേതാവ് മൃഗത്തിന് മേല്‍ മൂത്രമൊഴിക്കുന്നത് നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? പക്ഷേ ഒരു ആദിവാസിക്കു മേല്‍ മൂത്രമൊഴിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ട്. ആദിവാസി എന്നത് വിപ്ലവകരമായ വാക്കാണ്. ആദിവാസി എന്നാല്‍ രാജ്യത്തിന്റെ യഥാര്‍ഥ അവകാശികള്‍ എന്നാണ്. ബി.ജെ.പി ഒരിക്കലും ഈ വാക്ക് ഉപയോഗിക്കില്ല. കാരണം ഇങ്ങനെ പറഞ്ഞാല്‍ നിങ്ങളുടെ ഭൂമിയും വെള്ളവും കാടും അവര്‍ക്ക് തിരികെ നല്‍കേണ്ടി വരും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വനവാസി എന്നത് ആദിവാസികളെ അപമാനിക്കുന്നതിന് തുല്യമാണെന്നും കോണ്‍ഗ്രസ് അത് അംഗീകരിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
‘പണ്ട് തന്റെ പ്രസംഗങ്ങളില്‍ മോദി വനവാസി എന്ന് വാക്ക് ഉപയോഗിച്ചിരുന്നു എന്നാലിപ്പോഴത് ഒഴിവാക്കി. അദ്ദേഹത്തിന് വാക്ക് മാറ്റാന്‍ കഴിഞ്ഞു. പക്ഷേ ചിന്താഗതി മാറ്റാന്‍ കഴിഞ്ഞിട്ടില്ല. ചിന്ത ഇപ്പോഴും ആദിവാസികളെ അവഹേളിക്കുന്നതിനെ പറ്റിയാണ്,’ രാഹുല്‍ കുറ്റപ്പെടുത്തി.
‘ദരിദ്രര്‍ മാത്രമാണ് ഇന്ത്യയിലെ ഒരേ ഒരു ജാതി എന്നാണ് മോദി പറഞ്ഞത്. എന്നാല്‍ രാജ്യത്ത് ദളിതരും ആദിവാസികളും മറ്റ് പിന്നോക്കക്കാരുമുണ്ട്. പിന്നെങ്ങനെയാണ് താന്‍ ഒ.ബി.സി ആണെന്ന് മോദിക്ക് അവകാശപ്പെടാന്‍ സാധിക്കുക,’ രാഹുല്‍ ചേദിച്ചു.
മോദി സാധാരണക്കാരുടെ ഭൂമി അദാനിക്ക് നല്‍കുകയാണ്. അതേറ്റെടുത്ത് ആ പണം അദാനി വിദേശത്തേക്ക് കടത്തുകയാണ്. ബി.ജെ.പി നേതാക്കള്‍ ചോദ്യം ചെയ്യുന്നവരെ ഇല്ലാതാക്കുകയും ലഭിക്കുന്ന പണം തെരെഞ്ഞെടുപ്പില്‍ വിനിയോഗിക്കുകയുമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
content highlight :Modi was the first to call Vanavasi; They will treat you worse than animals: Rahul Gandhi