|

മണിപ്പൂരിനെ ഞങ്ങള്‍ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കും, യുവാക്കളെ ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാക്കളാക്കാനാണ് മോദി ആഗ്രഹിക്കുന്നത്: അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: മണിപ്പൂരിലെ കുക്കി തീവ്രവാദ ഗ്രൂപ്പുകളുമായി സമാധാന ചര്‍ച്ചകള്‍ നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് സമാധാനം കൊണ്ടുവരുമെന്നും അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് നടത്തിയ റാലിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അതേസമയം, വിവാദ സൈനിക നിയമമായ എ.എഫ്.എസ്.പി.എയുടെ പേരില്‍ നടക്കുന്ന തര്‍ക്കത്തെ കുറിച്ച് പ്രധാനമന്ത്രി റാലിയില്‍ പരാമര്‍ശിച്ചില്ല.
അസമില്‍ ബോഡോ തീവ്രവാദത്തിന്റെ പ്രശ്‌നം പരിഹരിച്ചതിനാല്‍ കുക്കി യുവാക്കള്‍ക്ക് ആയുധം എടുക്കേണ്ടി വരില്ലെന്നും ഷാ പറഞ്ഞു.

‘ഞങ്ങളില്‍ ആത്മവിശ്വാസം പുലര്‍ത്തുക, ഞങ്ങള്‍ എല്ലാ കുക്കി സംഘടനകളുമായും സംസാരിക്കും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ രാജ്യത്തിന്റെ വികസനത്തിന്റെ ഭാഗമാകാന്‍ സാധിക്കും. എല്ലാ കുക്കി യുവാക്കള്‍ക്കും ഒരു പുതിയ ജീവിതം മോദി സര്‍ക്കാര്‍ നല്‍കും,’ ഷാ പറഞ്ഞു.

ബോഡോ യുവാക്കളുടെ കൈകളില്‍ ആയുധമില്ലെന്നും പകരം മോട്ടോര്‍ സൈക്കിള്‍ താക്കോല്‍, വ്യവസായങ്ങളുടെ താക്കോല്‍, ലാപ്ടോപ്പുകളാണെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

‘കര്‍ബി പ്രദേശങ്ങളിലും ഇത് തന്നെയാണ് സംഭവിച്ചത്. വടക്കുകിഴക്കന്‍ മേഖലയില്‍ തീവ്രവാദവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന 9,500ലധികം ആളുകള്‍ ഞങ്ങളോടൊപ്പം തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നു,’ അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ് സംസ്ഥാനത്തെ വളര്‍ച്ചയിലേക്കെത്തിച്ചെന്നും സമാധാനവും വികസനവും കൊണ്ടുവന്നെന്നും അവകാശപ്പെട്ട ഷാ മണിപ്പൂരില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ബി.ജെ.പിയെ അധികാരത്തിലെത്തിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

കോണ്‍ഗ്രസ് ഭരിച്ചിരുന്ന സമയത്ത് തീവ്രവാദം, മയക്കുമരുന്ന്, ആയുധക്കടത്ത്, അഴിമതി തുടങ്ങിയവക്ക് പേരുകേട്ടിരുന്ന സംസ്ഥാനമായിരുന്നു മണിപ്പൂരെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍, ബി.ജെ.പി അധികാരത്തില്‍ വന്നതോടെ വികസനം, അടിസ്ഥാന സൗകര്യങ്ങള്‍, കായികം, വ്യവസായങ്ങള്‍ എന്നിവയെല്ലാം ഉണ്ടായെന്നും കഴിഞ്ഞ അഞ്ച് വര്‍ഷമായി സംസ്ഥാനം വികസനത്തിന്റെ പാതയിലാണെന്നും ഷാ അവകാശപ്പെട്ടു.

മലനിരകളിലെയും താഴ്വരയിലെയും ജനങ്ങള്‍ തങ്ങളുടെ രാഷ്ട്രീയത്തിന് യോജിച്ച രീതിയില്‍ പരസ്പരം പോരടിക്കണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ബി.ജെ.പി അവരെ വികസനത്തിന്റെ പാതയിലേക്ക് നയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണിപ്പൂരിനെ രാജ്യത്തെ ഏറ്റവും മികച്ച സ്പോര്‍ട്സ് ഹബ്ബാക്കി യുവാക്കളെ മയക്കുമരുന്നില്‍ നിന്നും ആയുധങ്ങളില്‍ നിന്നും മോചിപ്പിച്ച് ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാക്കളാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്ന് ഷാ പറഞ്ഞു.

ഫെബ്രുവരി 28നും മാര്‍ച്ച് 5നും രണ്ട് ഘട്ടങ്ങളിലായാണ് മണിപ്പൂരില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. മാര്‍ച്ച് 10 ന് വോട്ടെണ്ണല്‍ നടക്കും.


Content Highlights: Modi wants youngsters to win Olympic gold medals: Amit Shah