ന്യൂദല്‍ഹി : രാഹുല്‍ ഗാന്ധി മോദിയുമായി ചേര്‍ന്ന് നില്‍ക്കുന്ന കള്ളന്മാരെയാണ് പ്രസംഗത്തില്‍ പരാമര്‍ശിച്ചതെന്നും എന്നാല്‍ ബി.ജെ.പി ആ വാക്കുകള്‍ വളച്ചൊടിക്കുകയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ ദിഗ്‌വിജയ് സിങ്. ബി.ജെ.പി രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ ഒ.ബി.സി വിഭാഗങ്ങള്‍ക്കെതിരെയുള്ള പരാമര്‍ശമായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഒ.ബി.സി വിഭാഗത്തിലെ ഒരാള്‍ പോലും രാജ്യത്തെ പണം കൊള്ളയടിച്ച് കൊണ്ടുപോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമൊപ്പം ചേര്‍ന്ന് നില്‍ക്കുന്നവരാണ് കള്ളന്മാര്‍. രാഹുല്‍ ഗാന്ധി അവരെ കള്ളന്‍മാര്‍ എന്ന് വിളിച്ചത് ശരിയാണ്.
അദാനി വിഷയം ഉന്നയിച്ചതാണോ അദ്ദേഹം ചെയ്ത കുറ്റം,’ ദിഗ്‌വിജയ് സിങ് കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ പണം മോഷ്ടിച്ച് കടന്ന കളഞ്ഞ ഏതെങ്കിലും ഒ.ബി.സിക്കാരെ കാണിച്ചു തരുവാനും അദ്ദേഹം ബി.ജെ.പിയോട് ആവശ്യപ്പെട്ടു.
‘രാജ്യത്തെ പണം മോഷ്ടിച്ച് വിദേശ രാജ്യത്ത് പോയി ജീവിക്കുന്ന ഏതെങ്കിലും ഒ.ബി.സിക്കാരെ എനിക്ക് കാണിച്ചു തരൂ. കള്ളന്മാരെ ഒളിപ്പിക്കാന്‍ ബി.ജെ.പി ഒ.ബി.സിയെ കരുവാക്കുന്നു.
ഒരു ഒ.ബി.സിക്കാരും ഈ പ്രവര്‍ത്തി ചെയ്തിട്ടില്ല. പക്ഷേ ബി.ജെ.പി രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ ഒ.ബി.സിക്ക് നേരെ തിരിച്ചു. അവര്‍ തീര്‍ച്ചയായും രാജ്യത്തോട് മാപ്പ് പറയണം,’ ദിഗ്‌വിജയ് സിങ് കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന ഇത്തരം നിലപാടുകള്‍ക്കൊന്നും കോണ്‍ഗ്രസിനെ തളര്‍ത്താന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയിലെയും ചൈനയിലെയും ജനാധിപത്യമാണ് മോദിയും ബി.ജെ.പിയും ആര്‍.എസ്.എസും ആഗ്രഹിക്കുന്നതെന്നും അതിന് വേണ്ടിയാണ് പ്രതിപക്ഷ നേതാക്കളെ ജയിലിലടക്കുകയോ അയോഗ്യരാക്കുകയോ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അദ്ദേഹം രാഹുല്‍ ഗാന്ധിക്കെതിരായുള്ള കേസിന്റെ നാള്‍വഴികളെയും അതിലെ അവ്യകക്തതകളെയും ചോദ്യം ചെയ്യുകയും ചെയ്തു.
‘2019ല്‍ കര്‍ണാടകയില്‍ വെച്ചാണ് രാഹുല്‍ പ്രസംഗിക്കുന്നത്. എന്നാല്‍ കേസെടുത്തിരിക്കുന്നത് സൂറത്തില്‍ വെച്ചാണ്. ഫെബ്രുവരി ഏഴിന് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ മോദിക്കെതിരെ ചോദ്യങ്ങള്‍ ചോദിച്ച നിമിഷം സൂറത് കോടതിയിലെ കേസ് വേഗത്തില്‍ പരിഗണിച്ചു.
ഫെബ്രുവരി 27ന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയാകുകയും മാര്‍ച്ച് 23ന് വിധി പുറപ്പെടുവിക്കുകയും ചെയ്തു. 24 മണിക്കൂറിനുള്ളില്‍ ലോക്‌സഭാ എം.പി. സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുകയും ചെയ്തു,’ അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവിതം അര്‍പ്പിച്ച കുടുംബമാണ് രാഹുല്‍ ഗാന്ധിയുടേതെന്നും എന്നാല്‍ ആ സമയങ്ങളില്‍ ആര്‍.എസ്.എസ് എന്ത് ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
content highlight: Modi wants democracy in Russia and China; BJP is using OBCs to hide thieves: Digvijay Singh