| Monday, 29th July 2019, 9:45 pm

'മോദിയെ അസ്വസ്ഥനാക്കണമെങ്കില്‍ വാര്‍ത്താസമ്മേളനത്തില്‍ കൊണ്ടുപോകണം'- മോദിയുടെ പ്രൊമോ വീഡിയോക്ക് പരക്കെ പരിഹാസം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘മാന്‍ വേഴ്‌സസ് വൈല്‍ഡ്’ പരിപാടിയുടെ പ്രൊമോ വീഡിയോക്ക് ട്വിറ്ററില്‍ വ്യാപക പ്രതികരണം. മോദിയെ പരിഹസിച്ചും വിമര്‍ശിച്ചുമാണ് ഏറെയും ട്വീറ്റുകള്‍.

ഏറ്റവും ശ്രദ്ധേയമായ ഒരു ട്വീറ്റ് ഇങ്ങനെയാണ്- ‘മോദിയെ അസ്വസ്ഥമായ ഒരു അന്തരീക്ഷത്തിലേക്കു കൊണ്ടുപോകാനാണ് ബിയര്‍ ഗ്രില്‍സ് ഉദ്ദേശിച്ചതെങ്കില്‍, അദ്ദേഹത്തെ ഒരു വാര്‍ത്താസമ്മേളനത്തില്‍ കൊണ്ടുപോകണം.’- മോദി വാര്‍ത്താസമ്മേളനത്തില്‍ നടത്താറില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി എഴുത്തുകാരനായ കൗതുക് ശ്രീവാസ്തവ ഇങ്ങനെ ട്വീറ്റ് ചെയ്തത്.

പരിപാടിയുടെ അവതാരകനായ ബിയര്‍ ഗ്രില്‍സിനൊപ്പം മോദി ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലൂടെ യാത്ര ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.

ജവഹര്‍ലാല്‍ നെഹ്‌റു എന്ന പേരിലുള്ള ഒരു അക്കൗണ്ടിലൂടെ വന്ന ട്വീറ്റ് ഇങ്ങനെയാണ്- ‘മോദി എന്നോട് മത്സരിക്കുകയാണോ ? ഞാന്‍ ഡിസ്‌കവറി ഓഫ് ഇന്ത്യ എഴുതി. അദ്ദേഹം ഡിസ്‌കവറി ഇന്ത്യക്കുവേണ്ടി ഷൂട്ട് ചെയ്യുകയാണ്.’- ഡിസ്‌കവറി ചാനലിനു വേണ്ടി നടത്തിയതാണ് പരിപാടിയെന്ന് ചൂണ്ടിക്കാട്ടിയിരുന്നു ഈ ട്വീറ്റ്.

തങ്ങളുടെ മുന്‍പില്‍ ഒരു സിംഹം വന്നു നില്‍ക്കുന്നുവെന്ന് ഗ്രില്‍സ് പറയുമ്പോഴും മോദി കാമറയില്‍ നോക്കിനില്‍ക്കുന്നുവെന്ന് പരിഹസിച്ചായിരുന്നു മറ്റൊരു ട്വീറ്റ്.

‘മാന്‍ വേഴ്‌സസ് വൈല്‍ഡ്’ എന്ന ടൈറ്റിലിനെ ഓര്‍മിപ്പിച്ച് ഐ.ഐ.ടി ബോംബെയിലെ ഒരു ക്ലാസ്സ് മുറിയില്‍ പശു മേഞ്ഞുനടന്ന കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യന്‍ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായ അതുല്‍ ഖത്രിയുടെ ട്വീറ്റ്.

വിവിധ രാഷ്ട്രത്തലവന്മാര്‍ക്കൊപ്പം മോദി നില്‍ക്കുന്ന ചിത്രങ്ങള്‍ വെച്ചായിരുന്നു മറ്റൊരു ട്വീറ്റ്. ഈ ചിത്രങ്ങളിലെല്ലാം മോദി ചിരിക്കുന്നതായും ഗ്രില്‍സിനൊപ്പം നിന്നപ്പോഴും അതേ ചിരിയുള്ളതായും സൂചിപ്പിച്ചുകൊണ്ടുള്ള പോസ്റ്റ് ഇങ്ങനെ- ‘മോദിജിയെ ചിരിപ്പിക്കുന്ന ആ തമാശ എന്താണെന്നറിയാന്‍ എനിക്കു വളരെ ആകാംക്ഷയുണ്ട്.’

ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകം ഫെബ്രുവരി 14ന് മോദി കോര്‍ബെറ്റ് നേഷണല്‍ പാര്‍ക്കില്‍ ഷൂട്ടിങ് തിരിക്കിലായിരുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം.

‘ ജവാന്മാരുടെ മരണത്തില്‍ രാജ്യം മുഴുവന്‍ ദു:ഖത്തില്‍ കഴിയവേ പ്രധാനമന്ത്രി നരേന്ദ്രമോദി കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ സിനിമാ ഷൂട്ടിങ് തിരക്കിലും മുതലകളെ നോക്കി ബോട്ട് സവാരി നടത്തുന്ന തിരക്കിലുമായിരുന്നു.’ എന്നാണ് പുല്‍വാമ ആക്രമണത്തിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞത്.

‘അന്നേദിവസം വൈകുന്നേരം ആറരവരെ ഷൂട്ടിങ് നീണ്ടു. വൈകുന്നേരം 6.45ന് അദ്ദേഹം ചായയും പലഹാരവും കഴിച്ചു. ഇത്രയും ഭീകരമായ ഒരാക്രമണം നടന്ന് നാലു മണിക്കൂര്‍ കഴിയും മുമ്പ് തന്നെ മോദി സ്വന്തം ബ്രാന്റിങ്ങിന്റെയും ഫോട്ടോഷൂട്ടിന്റെയും തിരക്കിലായിരുന്നുവെന്നത് ഭയാനകമാണ്.’ എന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

പിന്നീട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനെ പഴിചാരി മോദിയെ രക്ഷപ്പെടുത്തുകയാണ് ചെയ്തത്. പുല്‍വാമ ആക്രമണത്തിന്റെ കാര്യം ദോവല്‍ കൃത്യസമയത്ത് മോദിയെ അറിയിച്ചിരുന്നില്ലെന്നും മോദിക്ക് അതില്‍ അതൃപ്തിയുണ്ടായിരുന്നെന്നും സോഷ്യല്‍ മീഡിയയിലൂടെ ന്യൂസ് 18യിലെചില മാധ്യമപ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് കോര്‍ബറ്റ് പാര്‍ക്കിലെ ഷൂട്ടിങ് പരിപാടി മോദി തുടര്‍ന്നത് എന്നതിന് ഇവരും യാതൊരു വിശദീകരണവും നല്‍കിയിരുന്നില്ല.

മോദിയുടെ ഷൂട്ടിങ് സംബന്ധിച്ച് 2019 ജനുവരി 16ന് തന്നെ ബിയര്‍ ഗ്രില്‍ ട്വിറ്ററിലൂടെ സൂചന നല്‍കുകയും ചെയ്തിരുന്നു. ‘ ഇന്ത്യയില്‍ നല്ലൊരു ദിവസമായിരുന്നു. വളരെ സ്പെഷ്യലായ ഒന്ന് ഷൂട്ട് ചെയ്യാന്‍ ഞാന്‍ അവിടെ ഒരിക്കല്‍ കൂടി വരികയാണ്.’ എന്നായിരുന്നു ട്വീറ്റ്. ഫെബ്രുവരി 12ന് ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ നിന്നെടുത്ത ഒരു സെല്‍ഫിയും അദ്ദേഹം പങ്കുവെച്ചിരുന്നു. ഇരു പോസ്റ്റുകളും പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഷോയുടെ ചില ഭാഗങ്ങള്‍ ഗ്രില്‍സ് ട്വിറ്ററിലൂടെയാണ് പങ്കുവെച്ചിട്ടുണ്ട്. ഒരു ചെറിയ തോണിയില്‍ മോദിയും ഗ്രില്‍സും സഞ്ചരിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഒന്ന്.

മുളകൊണ്ട് ആയുധമുണ്ടാക്കുന്നതാണ് മറ്റൊരു രംഗം. കാട്ടില്‍ നിന്നും ശേഖരിച്ച മുളകളും മറ്റും എടുത്തുകൊണ്ട് ‘ഇത് ഞാന്‍ നിങ്ങള്‍ക്കുവേണ്ടി സൂക്ഷിക്കുമെന്ന്’ ഗ്രില്‍സിനോട് മോദി പറയുന്നുണ്ട്.

‘ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് താങ്കള്‍, താങ്കളെ ജീവനോടെ സംരക്ഷിക്കുകയെന്നതാണ് എന്റെ ജോലി’ എന്നാണ് ഇതിനു മറുപടിയായി ഗ്രില്‍സ് ചിരിച്ചുകൊണ്ട് പറയുന്നത്.

We use cookies to give you the best possible experience. Learn more