മോദി നാളെ കേരളത്തില്‍; ശബരിമല ദര്‍ശനം നടത്താന്‍ ആവശ്യപ്പെടുമെന്ന് ബി.ജെ.പി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തില്‍ എത്തും. രണ്ടാമതും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട മോദിയുടെ ആദ്യത്തെ കേരളസന്ദര്‍ശനമാണ് നാളെ.
കൊച്ചിയിലെത്തുന്ന മോദി രാവിലെ ഒന്‍പതരയോടെ ഹെലികോപ്റ്റര്‍ മാര്‍ഗം ഗുരുവായൂരിലേക്ക് തിരിക്കും. ഗുരുവായൂര്‍ സന്ദര്‍ശത്തിന് ശേഷം പതിനൊന്ന് മണിയോടെ ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹൈസ്‌ക്കൂള്‍ മൈതാനത്ത് പൊതു സമ്മേളനത്തില്‍ മോദി പ്രസംഗിക്കും.ഇതോടൊപ്പം മോദിയോട് ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും നാളെ കേരളത്തില്‍ എത്തുന്നുണ്ട്. തന്റെ മണ്ഡലമായ വയനാട് സന്ദര്‍ശിക്കാനായാണ് രാഹുല്‍ ഗാന്ധിയെത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ആദ്യമായാണ് രാഹുല്‍ വയനാട്ടിലേക്കു വരുന്നത്.
കരിപ്പൂര്‍ വിമാനത്താവളത്തിലാണ് രാഹുല്‍ ഇറങ്ങുക. അവിടേ നിന്നും മലപ്പുറത്തെ നിലമ്പൂര്‍, ഏറനാട് വണ്ടൂര്‍ എന്നിവിടങ്ങളിക്കും പിന്നീട് തിരുവമ്പാടിയിലേക്കും പോകും. വെള്ളിയാഴ്ച രാത്രിയോടെ രാഹുല്‍ കല്‍പ്പറ്റയിലെത്തുകയും വയനാട് മണ്ഡലം സന്ദര്‍ശിക്കുകയും ചെയ്യും. പിന്നീട് ജൂണ്‍ എട്ടിന് കണ്ണൂര്‍ വിമാനത്താവളം വഴി തിരിച്ചുപോകും.