ന്യൂദല്‍ഹി: 2022 ഓടെ കൃഷിയില്‍ നിന്ന് ഇരട്ടിലാഭം നേടുകയെന്ന ലക്ഷ്യത്തോടെ ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് 2.12 ലക്ഷം കോടി രൂപ അധികം വകയിരുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2022 ഓടെ ഇരട്ടിലാഭം നേടാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും മോദി പറഞ്ഞു.
രാജ്യത്തെ 600 ജില്ലകളില്‍ നിന്നുമുളള കര്‍ഷകരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങിനിടെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
കര്‍ഷകര്‍ക്ക് എന്തൊക്കെ സഹായമാണോ വേണ്ടത് അതെല്ലാം ചെയ്യുമെന്നും മോദിപറഞ്ഞു. ഇന്ത്യയിലെ കര്‍ഷകരില്‍ തങ്ങള്‍ക്ക് പൂര്‍ണവിശ്വാസമുണ്ട്.
Dont Miss തനിക്കെതിരെയുള്ളത് കള്ളക്കേസ്: കേസ് റദ്ദാക്കണം; ഗവാസ്‌ക്കര്‍ ഹൈക്കോടതിയെ സമീപിച്ചു
കൃഷിയില്‍ നിന്ന് വരുമാനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നാല് കാര്യങ്ങളിലാണ് ശ്രദ്ധ ചെലുത്തുന്നത്. പരമാവധി ചെലവ് കുറയ്ക്കുക, വിളയുടെ ന്യായവില വര്‍ധിപ്പിക്കുക, വിളനാശം തടയുക, വരുമാനത്തിന്റെ ഇതര സ്രോതസ്സുകള്‍ സൃഷ്ടിക്കുക എന്നിവയാണവയെന്നും വീഡിയോ കോണ്‍ഫറന്‍സിനിടെ മോദി പറഞ്ഞു.
ഭക്ഷ്യ ധാധ്യ ഉത്പാദനത്തില്‍ മാത്രമല്ല മറിച്ച് പാല്‍, പച്ചക്കറി, ഫലങ്ങള്‍ എന്നിവയുടെ ഉത്പാദനത്തിലും വലിയ രീതിയിലുള്ള നേട്ടം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.
വിത്ത് പാകല്‍ മുതല്‍ വിള മാര്‍ക്കറ്റിലെത്തുന്നതുവരെ കര്‍ഷകര്‍ക്കുവേണ്ടുന്ന എല്ലാ സഹായങ്ങളും നിര്‍ദേശങ്ങളും നല്‍കുന്നതിനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഉത്പാദന ചെലവിന്റെ 150 ശതമാനം തുക കര്‍ഷകര്‍ക്ക് നല്‍കാനാണ് ശ്രമിക്കുന്നതെന്നും മോദി വീഡിയോ കോണ്‍ഫറന്‍സിനിടെ കര്‍ഷകരോട് പറഞ്ഞു.
2010-14 വര്‍ഷങ്ങളിലെ ശരാശരി ഭക്ഷ്യ ധാന്യോത്പാദനമായ 25 കോടി ടണ്ണിനെ അപേക്ഷിച്ച് 2017-18 വര്‍ഷങ്ങളില്‍മാത്രം 28 കോടി ടണ്‍ ഭക്ഷ്യോത്പാദനമാണ് രാജ്യത്ത് നടന്നിരിക്കുന്നതെന്നും മോദി അവകാശപ്പെട്ടു.