ഒളിയമ്പുകളും കത്തെഴുതാനുള്ള ആഹ്വാനവുമായി മോഡിയുടെ ബ്ലോഗ്
India
ഒളിയമ്പുകളും കത്തെഴുതാനുള്ള ആഹ്വാനവുമായി മോഡിയുടെ ബ്ലോഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th October 2013, 11:15 pm

[]ന്യൂദല്‍ഹി: ദീപാവലി സമ്മാനമായി ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കത്തെഴുതാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയും എന്‍.ഡി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡിയുടെ ആഹ്വാനം.

സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ട് അദ്ദേഹം എഴുതിയ ബ്ലോഗിലാണ് ഈ നിര്‍ദ്ദേശം. സര്‍ദാറിന്റെ സ്മരണാര്‍ത്ഥം നിര്‍മിച്ച മ്യൂസിയത്തിന്റെ ഉദ്ഘാടനവേദിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായി വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയതിന് പിന്നാലെയാണ് ഇത്.

“ടെക്സ്റ്റ് മെസജുകളുടെയും വാട്ട്‌സ്ആപ്പുകളുടെയും ട്വീറ്റുകളുടെയും ഇ-മെയ്‌ലിന്റെയും ഇക്കാലത്ത് നിങ്ങള്‍ അവസാനമായി കത്തെഴുതിയത് എന്നാണ്?” ഈ ആഴ്ചയവസാനം ആഘോഷിക്കാനിരിക്കുന്ന ദീപാവലിയെക്കുറിച്ച് പറയവേ അദ്ദേഹം ചോദിക്കുന്നു.

ഈ ദീപാവലിയ്ക്ക് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സ്വന്തം കൈപ്പടയിലെഴുതിയ കത്തുകള്‍ സമ്മാനങ്ങളായി നല്‍കാന്‍ മോഡി ആഹ്വാനം ചെയ്യുന്നു. എന്തിനെക്കുറിച്ചാണ് എഴുതേണ്ടതെന്നും അദ്ദേഹം പറയുന്നു. വോട്ടര്‍ രജിസ്‌ട്രേഷന്റെ പ്രാധാന്യത്തെക്കുറിച്ചാണ് കത്തുകള്‍ തയ്യാറാക്കേണ്ടത്.

സംസ്ഥാന-പൊതു തിരഞ്ഞെടുപ്പുകള്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കവേയാണ് മോഡിയുടെ ഈ നിര്‍ദ്ദേശമെന്നത്് ശ്രദ്ധേയം.

“വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടില്ലെങ്കില്‍ അതിനായി അവരെ പ്രേരിപ്പിക്കുക. ബന്ധുക്കളിലൂടെയും സുഹൃത്തുക്കളിലൂടെയും ഈ സന്ദേശം പ്രചരിപ്പിക്കുക. നമ്മുടെ എന്‍.ആര്‍.ഐ സുഹൃത്തുക്കള്‍ക്ക് ഇക്കാര്യത്തില്‍ ഏറെ സഹായിക്കാന്‍ കഴിയും.

നമ്മുടെ രാജ്യം ഇന്ന് വലിയ പ്രതിസന്ധികളിലൂടെയാണ് കടന്ന് പോകുന്നത്. ജനാധിപത്യത്തിന്റെ വിധി നിര്‍ണയിക്കുന്നവര്‍ എന്ന നിലയില്‍ പ്രതിസന്ധിഘട്ടങ്ങളില്‍ നിന്നും രാജ്യത്തെ രക്ഷിക്കേണ്ടത് വോട്ടര്‍മാരുടെ കര്‍ത്തവ്യമാണ്.” അദ്ദേഹം പറയുന്നു.

“രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണി സൃഷ്ടിക്കുന്ന ശക്തി”കളെക്കുറിച്ചും അദ്ദേഹം ബ്ലോഗില്‍ പറയുന്നു.ഞായറാഴ്ച പാട്‌നയില്‍ പാര്‍ട്ടി റാലിയെ മോഡി അഭിസംബോധന ചെയ്യുന്നതിന് തൊട്ട്മുമ്പുണ്ടായ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം പ്രതികരിക്കുന്നു.

“ജനങ്ങളെ ഭയപ്പെടുത്തുന്നതിനും തെറ്റിദ്ധരിപ്പിക്കുന്നതിനും വേണ്ടി അവര്‍ തോക്കുകളും ബോംബുകളും ഉപയോഗിക്കുന്നു. ബുദ്ധന്റെയും മഹാത്മാ ഗാന്ധിയുടെയും സര്‍ദാര്‍ പട്ടേലിന്റെയും നാടായ ഇവിടെ അക്രമങ്ങള്‍ വിലപ്പോകില്ലെന്ന ശക്തമായ സന്ദേശം നാം അവര്‍ക്ക് നല്‍കണം.” അദ്ദേഹം പറയുന്നു.

സ്വാതന്ത്ര്യാനന്തര ഇന്ത്യയെ ഒരുമിച്ച് നിര്‍ത്തുന്നതില്‍ സര്‍ദാര്‍ പട്ടേല്‍ നിര്‍ണായകമായ പങ്കാണ് വഹിച്ചതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തുന്നു.

നര്‍മ്മദാ നദിയുടെ മധ്യത്തിലായി സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയ്ക്ക ശിലാസ്ഥാപനം നിര്‍വഹിക്കാന്‍ ഒരു ദിവസം മാത്രം അവശേഷിക്കവേയാണ് ഈ പ്രതികരണം. ലോകത്തില്‍ ഏറ്റവും ഇയരം കൂടിയ പ്രതിമയായിരിക്കും ഇതെന്നാണ് അവകാശപ്പെടുന്നത്.

സര്‍ദാര്‍ പട്ടേലായിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെങ്കില്‍ രാജ്യത്തിന്റെ ഭാവി തന്നെ മറ്റൊന്നാകുമായിരുന്നു എന്ന് അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു. സര്‍ദാര്‍ പട്ടേലിന്റെ സ്മരണാര്‍ത്ഥം നിര്‍മിച്ച മ്യൂസിയത്തിന്റെ ഉദ്ഘാടനവേദിയില്‍ പ്രധാനമന്ത്രി മന്‍മനോഹന്‍സിങ്ങിന്റെ കൂടി സാന്നിധ്യത്തിലായിരുന്നു ഈ പരാമര്‍ശം.

സര്‍ദാര്‍ പട്ടേല്‍ മതനിരപേക്ഷത പുലര്‍ത്തിയ മികച്ചൊരു ജനപ്രതിനിധി ആയിരുന്നുവെന്ന് പ്രധാനമന്ത്രി ഉടന്‍ തന്നെ മറുപടിയും നല്‍കിയിരുന്നു.