| Thursday, 23rd May 2019, 4:05 pm

സബ്കാ സാത്ത് + സബ്കാ വികാസ് + സബ്കാ വിശ്വാസ് = വിജയി ഭാരത്; തുടര്‍ ഭരണം ഉറപ്പിച്ചതോടെ ചൗക്കിദാര്‍ നരേന്ദ്രമോദി അക്കൗണ്ടില്‍ നിന്നും ട്വീറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എന്‍.ഡി.എ വീണ്ടും ഭരണത്തിലേറുമെന്ന് ഉറപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് ചൗക്കിദാര്‍ നരേന്ദ്രമോദി എന്ന അക്കൗണ്ടില്‍ നിന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

സബ്കാ സാത്ത് + സബ്കാ വികാസ് + സബ്കാ വിശ്വാസ് = വിജയി ഭാരത് എന്നാണ് ബി.ജെ.പിയുടെ മുന്നേറ്റത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചിരിക്കുന്നത്. നമുക്ക് ഒന്നിച്ച് വളരാം, നമുക്ക് ഒന്നിച്ച് അഭിവൃദ്ധിപ്പെടാം, നമുക്ക് ഒരുമിച്ച് കരുത്തുറ്റ ഇന്ത്യയെ പടുത്തുയര്‍ത്താം, ഇന്ത്യ വീണ്ടും വിജയിച്ചിരിക്കുകയാണ് എന്നാണ് മോദിയുടെ ട്വീറ്റ്.

അമിത് ഷാ, സുഷമ സ്വരാജ്, രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, ഉമാഭാരതി, സുരേഷ് പ്രഭു, ജയന്ത് സിന്‍ഹ തുടങ്ങിയ ബി.ജെ.പി നേതാക്കളും വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്.

മെയ് 26ന് നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആയിരിക്കും മന്ത്രിസഭയിലെ രണ്ടാമന്‍. അമിത് ഷാ ബി.ജെ.പി ദേശീയ അധ്യക്ഷ പദവി ഒഴിയും. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബി.ജെ.പി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബി.ജെ.പി ഇതിനകം തന്നെ കേവലഭൂരിപക്ഷം ഉറപ്പിച്ചിട്ടുണ്ട്. 348 സീറ്റുകളിലാണ് എന്‍.ഡി.എ മുന്നിട്ടു നില്‍ക്കുന്നത്. യു.പി.എ 86 സീറ്റുകളിലും മറ്റു പാര്‍ട്ടികള്‍ 108 സീറ്റുകളിലും മുന്നിട്ടു നില്‍ക്കുന്നുണ്ട്.

ഹിന്ദി ഹൃദയഭൂമിയിലും ഗുജറാത്തിലും വന്‍മുന്നേറ്റമാണ് ബി.ജെ.പി കാഴ്ചവെച്ചത്. പശ്ചിമബംഗാളിലും ഒഡീഷയിലും മികച്ച നേട്ടമുണ്ടാക്കാനും സാധിച്ചു. യു.പിയില്‍ മഹാസഖ്യം പരാജയപ്പെട്ടതും ബി.ജെ.പിക്ക് നേട്ടമായി.

We use cookies to give you the best possible experience. Learn more