| Monday, 9th November 2020, 12:53 pm

ട്രംപിനെ ഇന്ത്യയിലേക്ക് മോദി സസ്‌നേഹം സ്വാഗതം ചെയ്തത് മറക്കരുത്; വ്യാമോഹത്തില്‍ കഴിയുന്ന ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്ന് ശിവ സേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് പരാജയപ്പെട്ടതിന് പിന്നാലെ ബി.ജെ.പിയെ പരിഹസിച്ച് ശിവ സേന. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലാണ് ശിവ സേനയുടെ വിമര്‍ശനം.

അമേരിക്കന്‍ ജനത അവരുടെ തെറ്റ് തിരുത്തിയെന്നും ട്രംപിന്റെ പരാജയത്തില്‍ നിന്ന് നമുക്ക് എന്തെങ്കിലും പഠിക്കാന്‍ കഴിയുമെങ്കില്‍ അത് നല്ലതായിരിക്കുമെന്നും ശിവ സേന പറഞ്ഞു. ബീഹാര്‍ തെരഞ്ഞെടുപ്പ് സൂചിപ്പിച്ചുകൊണ്ടായിരുന്നു പരാമര്‍ശം.

ഒരു രാഷ്ട്രത്തിന്റെ തലപ്പത്തിരിക്കാന്‍ ട്രംപ് ഒരിക്കലും അര്‍ഹനല്ലെന്നും ഒരൊറ്റ വാഗ്ദാനം പോലും നിറവേറ്റാന്‍ ട്രംപിന് കഴിഞ്ഞിട്ടില്ലെന്നും ശിവ സേന പറഞ്ഞു.

നാല് വര്‍ഷത്തിനുള്ളില്‍ ചെയ്ത തെറ്റ് അമേരിക്കന്‍ പൊതുജനം തിരുത്തിയെന്നും ഇതില്‍ നിന്ന് ഇന്ത്യക്കാര്‍ക്ക് എന്തെങ്കിലും പഠിക്കാന്‍ പറ്റിയാല്‍ നല്ലതാണെന്നും ശിവ സേന മുഖപ്രസംഗത്തില്‍ പറയുന്നു.

” അമേരിക്കയില്‍ ഇതിനോടകം തന്നെ അധികാരം മാറി, ബീഹാറിലെ അവസ്ഥ പരിതാപകരമാണ്.
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍.ഡി.എ പൂര്‍ണമായി പരാജയപ്പെടുകയാണ്. തങ്ങളൊഴികെ രാജ്യത്തും സംസ്ഥാനത്തും മറ്റൊരു ബദലുമില്ല എന്ന വ്യാമോഹത്തില്‍ നിന്ന് നേതാക്കളെ നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ തുടങ്ങേണ്ടതുണ്ട്”ശിവ സേന കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലേക്ക് ട്രംപിനെ മോദി സസ്‌നേഹം സ്വാഗതം ചെയ്ത കാര്യം മറക്കരുതെന്നും തെറ്റായ മനുഷ്യനോടൊപ്പം നില്‍ക്കുക എന്നത് ഇന്ത്യയുടെ സംസ്‌കാരമല്ലെന്നും ശിവ സേന പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Shiv Sena Mocks BJP

We use cookies to give you the best possible experience. Learn more