ന്യൂദൽഹി: 2014ൽ അധികാരത്തിൽ എത്തിയപ്പോൾ, ഇന്ത്യൻ ധനകാര്യ കമ്മീഷനുമായി പിൻവാതിൽ ചർച്ചകൾ നടത്തി സംസ്ഥാനങ്ങളുടെ വിഹിതം വെട്ടിക്കുറക്കാൻ നരേന്ദ്ര മോദി ശ്രമിച്ചതായി റിപ്പോർട്ട്.
എന്നാൽ കമ്മീഷന്റെ അന്നത്തെ അധ്യക്ഷനായിരുന്ന വൈ.വി. റെഡ്‌ഡി വിസമ്മതിച്ചതിനെ തുടർന്ന് മോദി പിന്തിരിഞ്ഞെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
റിപ്പോർട്ടേഴ്സ് കലക്ടീവ്സാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ധനകാര്യ കമ്മീഷൻ ഉറച്ച നിലപാടെടുത്തതോടെ 48 മണിക്കൂറിനുള്ളിൽ പ്രഥമ ബജറ്റ് മുഴുവനായി മോദിക്ക് തിരുത്തേണ്ടി വന്നെന്നും കേന്ദ്ര നികുതി നിലനിർത്താമെന്ന ഉദ്ദേശ്യം നടപ്പാകാത്തതിനെത്തുടർന്ന് ക്ഷേമ പദ്ധതികൾ വെട്ടിക്കുറക്കേണ്ടി വന്നെന്നും അൽ ജസീറയുടെ റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനങ്ങൾക്ക് നികുതി വിഹിതം നീക്കിവെക്കുന്നത് സംബന്ധിച്ച ധനകാര്യ കമ്മീഷന്റെ ശുപാർശകൾ സ്വാഗതം ചെയ്യുന്നുവെന്ന് മോദി പാർലമെന്റിൽ ഉന്നയിച്ചു എന്നും റിപ്പോർട്ടിൽ ആരോപിക്കുന്നുണ്ട്.
നീതി ആയോഗിന്റെ സി.ഇ.ഒ ആയിരുന്ന ബി.വി.ആർ. സുബ്രഹ്മണ്യമാണ് ബജറ്റുമായി ബന്ധപ്പെട്ട് അണിയറയിൽ നടന്ന നാടകീയ സംഭവങ്ങൾ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ജോയിന്റ് സെക്രട്ടറി എന്ന നിലയിൽ ധനകാര്യ കമ്മീഷന്റെ ചെയർപേഴ്സണായ വൈ.വി. റെഡ്ഡിയുമായുള്ള ചർച്ചകൾക്ക് ചുക്കാൻ പിടിച്ചത് സുബ്രഹ്മണ്യമായിരുന്നു.
പ്രധാനമന്ത്രിയും കൂട്ടരും തുടക്കം മുതൽ സംസ്ഥാനത്തിന്റെ ഫണ്ടുകൾ വെട്ടിക്കുറക്കാൻ ശ്രമിച്ചു എന്ന് ആദ്യമായാണ് ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ പരസ്യമായി സമ്മതിക്കുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇന്ത്യയിലെ ധനകാര്യ റിപ്പോർട്ടിങ്ങിനെ കുറിച്ച് സെന്റർ ഫോർ സോഷ്യൽ ആൻഡ് എക്കണോമിക് പ്രോഗ്രസ് എന്ന സംഘടന നടത്തിയ പാനൽ ചർച്ചയിലാണ് സുബ്രഹ്മണ്യം വെളിപ്പെടുത്തൽ നടത്തിയത്.
സത്യങ്ങൾ മറച്ചു പിടിക്കാൻ കേന്ദ്രസർക്കാരിന്റെ ബജറ്റുകൾ നിരവധി പാളികൾ കൊണ്ട് മൂടിയിരിക്കുകയാണ് എന്ന് സെമിനാറിൽ സുബ്രഹ്മണ്യം പറയുന്നു.
സർക്കാരിന്റെ അക്കൗണ്ടുകൾ സുതാര്യമായിരുന്നെങ്കിൽ അത് തുറന്നു കാണിക്കാൻ ഒരു ഹിന്റൻബർഗ് ഉണ്ടാകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തെ രേഖകൾ പരിശോധിച്ച റിപ്പോർട്ടേഴ്സ് കലക്ടീവ് സുബ്രഹ്മണ്യത്തിന്റെ വാദങ്ങൾ സ്ഥിരീകരിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഗുരുതരമായ വെളിപ്പെടുത്തലുകൾ നടത്തിയിട്ടും സെമിനാറിന്റെ യൂട്യൂബ് ലൈവ് സ്ട്രീമിന് 500 വ്യൂസ് മാത്രമേയുള്ളൂ. വിഷയത്തിൽ വ്യക്തത ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് റിപ്പോർട്ടേഴ്സ് കലക്ടീവ് ബന്ധപ്പെട്ട് മണിക്കൂറുകൾക്കകം യൂട്യൂബ് ചാനലിലെ വീഡിയോ പിൻവലിക്കപ്പെട്ടു.
CONTENT HIGHLIGHT: Modi Tried to Surreptitiously Cut States’ Share of Central Taxes in 2014: Report