Advertisement
national news
'ഗോ ബാക്ക് മോദി' എന്ന് പറയുന്നത് ഞാന്‍ ദല്‍ഹിയിലേക്ക് തന്നെ തിരിച്ചു പോയി വീണ്ടും രാജ്യം ഭരിക്കണം എന്നാഗ്രഹിക്കുന്നവര്‍; നരേന്ദ്ര മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Feb 10, 12:37 pm
Sunday, 10th February 2019, 6:07 pm

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ ഗോബാക്ക് മോദി എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നവര്‍ താന്‍ ദല്‍ഹിയില്‍ തിരിച്ചു പോയി ഭരണം തുടരുന്നത് കാണാന്‍ ആഗ്രഹിക്കുന്നവരാണെന്ന് നരേന്ദ്ര മോദി. “അവര്‍ക്ക് ഞാന്‍ ദല്‍ഹിയിലേക്ക് തിരിച്ചു പോയി വീണ്ടും അധികാരത്തില്‍ വരണം”- ഗുണ്ടൂരിലെ റാലിയില്‍ സംസാരിക്കവേ മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ആന്ധ്രപ്രദേശ് സന്ദര്‍ശനത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം കനക്കുന്നതിനിടെയാണ് മോദിയുടെ പരിഹാസം. “സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ടീച്ചര്‍മാര്‍ നമ്മളെ അടുത്തു വിളിച്ച് പിന്നീട് പോകാന്‍ പറയില്ലെ. എന്നോട് തിരികെ ദല്‍ഹിയില്‍ പോയി അധികാരത്തിലിരിക്കാന്‍ ആവശ്യപ്പെട്ട ടി.ഡി.പിയോട് ഞാന്‍ കടപ്പെട്ടവനായിരിക്കും. ഇന്ത്യന്‍ ജനതയില്‍ എനിക്ക് വിശ്വാസമുണ്ട്. അവര്‍ ടി.ഡി.പിയുടെ ആവശ്യം നിറവേറ്റി മോദിയെ വീണ്ടും ദല്‍ഹിയില്‍ അധികാരത്തിലേറ്റും”- റാലിക്കിടെ മോദി പറഞ്ഞു.

ആന്ധ്രപ്രദേശിന് പ്രത്യക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ടി.ഡി.പി എന്‍.ഡി.എയുമായുള്ള സഖ്യം ഉപേക്ഷിച്ചതിനു ശേഷം ആദ്യമായാണ് മോദി സംസ്ഥാനത്തെത്തുന്നത്. കറുത്ത ഷര്‍ട്ടുകളണിഞ്ഞ ടി.ഡി.പി പ്രവര്‍ത്തകര്‍ മോദി ഗോ ബാക്ക് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രധാനമന്ത്രിയെ സംസ്ഥാനത്ത് വരവേറ്റത്.

Also Read ‘ഗോ ബാക്ക് മോദി’; മോദി സന്ദര്‍ശനത്തിനെതിരെ ആന്ധ്രപ്രദേശില്‍ പ്രതിഷേധം ശക്തം

തെലുങ്ക് ദേശം പാര്‍ട്ടിയെ കൂടാതെ ഇടതു പാര്‍ട്ടികള്‍, കോണ്‍ഗ്രസ്, വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ എന്നവരും മോദിക്കെതിരെ സംസ്ഥാനമുടനീളം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

സംസ്ഥാനത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം കറുത്തദിനമാണ് മോദിയുടെ സന്ദര്‍ശനമെന്ന് പാര്‍ട്ടിനേതാക്കളുമായുള്ള ടെലികോണ്‍ഫറന്‍സില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു. സന്ദര്‍ശനത്തിന് എതിരെ പ്രതിഷേധം ശക്തമാക്കാനും അദ്ദേഹം ആഹ്വാനം ചെയ്തതായി ഹിന്ദുസ്ഥാന്‍ ടൈസും റിപ്പോര്‍ട്ട് ചെയിതിരുന്നു.