ന്യൂദല്‍ഹി: കര്‍ഷക പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദല്‍ഹിയിലെ ഗുരുദ്വാര സന്ദര്‍ശിച്ചതിനെതിരെ വ്യാപകമായി വിമര്‍ശനങ്ങളും പരിഹാസവും ഉയര്‍ന്നുവന്നിരുന്നു.
കര്‍ഷക പ്രതിഷേധം കേന്ദ്രത്തിന്റെ കയ്യിലൊതുങ്ങില്ലെന്ന് മനസ്സിലായതോടെ പ്രതിഷേധിക്കുന്ന സിഖ് കര്‍ഷകരെ പ്രീതിപ്പെടുത്താനാണ് മോദിയുടെ ഗുരുദ്വാര സന്ദര്‍ശനം എന്നാണ് മോദിക്കെതിരെ ഉയര്‍ന്നുവന്ന വിമര്‍ശനം. നാടകം കളിക്കുകയല്ല നിയമം പിന്‍വലിക്കുകയാണ് വേണ്ടതെന്നും കര്‍ഷകര്‍ പറഞ്ഞിരുന്നു.
ഇപ്പോള്‍ കര്‍ഷകരെ പ്രീതിപ്പെടുത്താനായി അടുത്ത വാദവുമായി എത്തിയിരിക്കുകയാണ് മോദിയും കേന്ദ്രവും. എട്ട് കോടി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് 18000 കോടി നിക്ഷേപിക്കുമെന്നാണ് അവകാശവാദം. പി.എം കിസാന്‍ പദ്ധതിയുടെ വിഹിതമായ തുകയാണിത്.
പ്രധാനമന്ത്രി-കിസാന്‍ പദ്ധതിക്ക് കീഴില്‍, എന്റോള്‍ ചെയ്ത കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപയാണ് നല്‍കുന്നത്.
നാലുമാസത്തിലൊരിക്കല്‍ രണ്ടായിരം രൂപയുടെ മൂന്ന് തുല്യ ഗഡുക്കളായാണ് നല്‍കിയിരുന്നത്.
ഇതിന്റെ അടുത്ത ഘട്ടം നല്‍കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
ക്രിസ്മസിന് കര്‍ഷകരുമായി മോദി വെര്‍ച്വലി സംവദിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
അതേസമയം, പ്രധാനമന്ത്രിയുടെ കിസാന്‍ പദ്ധതിയില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. ആള്‍മാറാട്ടത്തിലൂടെ പദ്ധതിയുടെ ആനൂകൂല്യം പലരും കൈപ്പറ്റിയതായാണ് റിപ്പോര്‍ട്ട്.
ഹനുമാന്റെ പേരിലും ഐ.എസ്.ഐ ചാരന്‍ മെഹബൂബ് രജ്പുത്തിന്റെ പേരിലും നടന്‍ റിതേഷ് ദേശ്മുഖിന്റെ പേരിലും കേന്ദ്രസര്‍ക്കാരിന്റെ പി.എം-കിസാന്‍ പദ്ധതിയുടെ ആനുകൂല്യം ചെന്നിട്ടുണ്ട്.
ഓരോരുത്തരുടെ പേരിലും യഥാക്രമം 6,000, 4,000, 2,000 രൂപയുടെ ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡി.ബി.ടി) തവണകളായി ലഭിച്ചെന്നാണ് ദ ക്വിന്റിന്റെ റിപ്പോര്‍ട്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക