| Thursday, 24th January 2019, 7:55 pm

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി വരാണസിയില്‍ നിന്നും മത്സരിക്കും, മോദിക്കെതിരെ പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വരാണസിയില്‍ നിന്ന് മത്സരിക്കുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള പ്രിയങ്കാ ഗാന്ധിയെ മോദിക്കെതിരെ വരാണസിയില്‍ നിന്നും മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ലോക്കല്‍ യൂണിറ്റ് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടീദാര്‍ സംവരണ സമര നേതാവ്‌ ഹാര്‍ദിക് പട്ടേലും വരാണസിയില്‍ മത്സരിക്കുമെന്ന സൂചനയുണ്ട്.

2014ല്‍ ആദ്യമായി വരാണസിയില്‍ നിന്നും മത്സരിച്ച മോദി അരവിന്ദ് കെജരിവാളിനെ 3.37 ലക്ഷം വോട്ടിനായിരുന്നു പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ്, ബി.എസ്.പി, എസ്.പി തുടങ്ങിയ പാര്‍ട്ടികള്‍ക്ക് കെട്ടിവെച്ച തുക പോലും ലഭിക്കാതെ പോയ സാഹചര്യവും വരാണസിയിലുണ്ടായിരുന്നു.

അരവിന്ദ് കെജരിവാള്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വരാണസിയില്‍ നിന്നും മത്സിരിക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു
. ദല്‍ഹിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതു കൊണ്ടാണിതെന്നായിരുന്നു പാര്‍ട്ടിയുടെ പ്രതികരണം.

Also Read വോട്ടു ചെയ്യാനെത്തുമ്പോള്‍ ജനങ്ങള്‍ പ്രിയങ്കയില്‍ ഇന്ദിരാഗാന്ധിയെ കാണുമെന്ന് ശിവസേന

നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയില്‍ പ്രിയങ്കയ്ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

“” ഞങ്ങളുടെ അടുത്ത പ്രധാനമന്ത്രിയായി പ്രിയങ്ക വരണം”” എന്ന് എഴുതിയ പോസ്റ്ററുകളായിരുന്നു പ്രത്യക്ഷപ്പെട്ടത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് റായ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ക്കൊപ്പമാണ് പ്രിയങ്കയുടെ ചിത്രവും ഉള്‍പ്പെടുത്തിയത്.

പ്രിയങ്ക ദീദി രാഷ്ട്രീയത്തിലേക്ക് വരണമെന്നത് ദീര്‍ഘനാളായി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ആവശ്യമായിരുന്നെന്നും മോദി ജീയെ അധികാരത്തില്‍ നിന്നും താഴെയിറക്കി ഗുജറാത്തിലേക്ക് മടക്കി അയക്കാന്‍ പ്രിയങ്കയെ കൊണ്ട് സാധിക്കുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയൊന്നും വന്നിട്ടില്ല. ആദിത്യനാഥിന്റെ ഗൊരഖ്പൂര്‍, രാജ്‌നാഥ് സിങ്ങിന്റെ ലക്‌നൗ തുടങ്ങി പ്രധാനപ്പെട്ട മണ്ഡലങ്ങളുള്‍പ്പെടെ 80 മണ്ഡലങ്ങളാണ് കിഴക്കന്‍ യു.പിയിലുള്ളത്.

മോദി 2014 ല്‍ മത്സരിച്ച മറ്റൊരു സീറ്റായ വഡോദരയില്‍ ഈ വര്‍ഷവും മത്സരിക്കുമോയെന്ന് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ പുരോഗതിക്കനുസരിച്ച് തീരുമാനിക്കുമെന്നും പാര്‍ട്ടിയിലെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more