ന്യൂദല്‍ഹി: കൊച്ചി ഐ.പി.എല്‍ ടീം ഉടമകളെ ലളിത് മോദി ഭീഷണിപ്പെടുത്തിയതിന്റെ രേഖകള്‍ പുറത്ത്. ഐ.പി.എല്‍ ലേലത്തില്‍ പങ്കെടുത്താല്‍ ടീമിന്‍രെ ഹോം മത്സരങ്ങള്‍ ഉത്തരേന്ത്യയിലേക്ക് മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയത്. മോദി 2010ല്‍ ഐ.പി.എല്‍ ചെയര്‍മാനായിരിക്കുമ്പോഴാണ് സംഭവം. ലളിത് മോദി തന്നെയാണ് ഇതു സംബന്ധിച്ച രേഖകള്‍ പുറത്തുവിട്ടതും.
വ്യവസായ ഭീമനായ അദാനി ഗ്രൂപ്പിന് ടീം ലഭിക്കുന്നതിന് വേണ്ടിയാണ് ലളിത് മോദിയുടെ ഇടപെടല്‍. ലേലത്തില്‍ പങ്കെടുത്താല്‍ ഹോം മത്സരങ്ങള്‍ ഗുവഹാത്തിയിലേക്കോ ഹരിയാനയിലെ ഭിവാനിയിലേക്കോ മാറ്റുമെന്നും കളിക്കാരുടെ ലേലവ്യവസ്ഥകളില്‍ കൊച്ചി ടീമിന് എതിരായി മാറ്റങ്ങള്‍ വരുത്തുമെന്നുമാണ് ലളിത് മോദി ഭീഷണിപ്പെടുത്തിയത്.
ലളിത് മോദിയുടെ വെബ്‌സൈറ്റിലൂടെയാണ് വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. ബി.സി.സി.ഐ അധ്യക്ഷനായിരുന്ന ശശാങ്ക് മനോഹറിനും മനോഹര്‍ ലളിത് മോദിക്കും അയച്ച ഇ മെയിലുകളുടെ വിശദാംശങ്ങളാണ് വെബ്‌സൈറ്റിലുള്ളത്.
ഐ.പി.എല്ലുമായി ബന്ധപ്പെട്ട് വിവാദങ്ങളിലെ സത്യാവസ്ഥ വെളിപ്പെടുത്തുന്നതിനാണ് ലളിത് മോദി വിവരങ്ങള്‍ പുറത്ത് വിട്ടത്.