| Wednesday, 11th April 2018, 3:11 pm

'മോദിക്ക് ഗാന്ധി മോഹന്‍ലാല്‍ തന്നെ'; മൂന്നാം തവണയും ഗാന്ധിജിയുടെ പേര് തെറ്റിച്ച് പ്രധാനമന്ത്രി - വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്‌ന: ഗാന്ധിജിയുടെ പേര് വീണ്ടും തെറ്റിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മോഹന്‍ദാസ് ഗാന്ധിയെന്ന പേര് മോഹന്‍ലാല്‍ ഗാന്ധിയെന്നാണ് മോദി തെറ്റിച്ച് പറഞ്ഞത്. ഗാന്ധി നടത്തിയ ചമ്പാരന്‍ സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികാഘോഷ വേദിയിലാണ് ഗാന്ധിയുടെ പേര് മോദി വീണ്ടും തെറ്റിച്ചത്. സംഭാഷണത്തിന്റെ വീഡിയോ ഫേസ്ബുക്കിലെയും യൂട്യൂബിലെയും ഔദ്യോഗിക അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

2014 സെപ്റ്റംബറില്‍ അമേരിക്കയിലെ മാഡിസന്‍ സ്‌ക്വയറില്‍ നടത്തിയ പ്രസംഗത്തിലാണ് ഇതിന് മുന്‍പ് ഗാന്ധിയുടെ പേര് തെറ്റായി പറഞ്ഞത്. അന്നും മോഹന്‍ദാസിന് പകരം മോഹന്‍ലാല്‍ എന്ന് തന്നെയാണ് മോദി ഉച്ചരിച്ചത്.

2013ല്‍ ജയ്പൂരില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചപ്പോഴും മോദി മോഹന്‍ദാസിനെ മോഹന്‍ലാലാക്കിയിരുന്നു. “മോഹന്‍ലാല്‍ ഗാന്ധി മരിക്കുമ്പോള്‍ ഒരു ആഗ്രഹം പറഞ്ഞിരുന്നു. ആ ആഗ്രഹം സഫലമാക്കേണ്ടേ…” എന്നാണ് മോദി പ്രസംഗിച്ചത്.

ഇന്നലെ നടത്തിയ പ്രസംഗത്തില്‍ ബീഹാറില്‍ ഒരാഴ്ച കൊണ്ട് 8.5 ലക്ഷം ടോയ്‌ലറ്റുകള്‍ നിര്‍മ്മിച്ചു എന്ന അവകാശവാദവും പരിഹാസിക്കപ്പെട്ടിരുന്നു. മോദിയുടെ അവകാശ വാദത്തെ കണക്ക് പറഞ്ഞാണ് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ഉള്‍പ്പടെയുള്ളവര്‍ പൊളിച്ചടുക്കിയത്. മോദിയുടെ അവകാശവാദ പ്രകാരം ഒരു മിനിറ്റില്‍ 84 ടോയിലെറ്റുകള്‍ ഉണ്ടാക്കേണ്ടി വരുമെന്നാണ് തേജസ്വി കണക്കുകൂട്ടിയത്. മോദിയുടെ തള്ള് ബീഹാര്‍ മുഖ്യമന്ത്രി പോലും വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


Read Also: ദളിത് വിദ്യാര്‍ത്ഥിയുടെ പി.എച്ച്.ഡിക്ക് അയിത്തം; വിദ്യാര്‍ത്ഥിയെ അകാരണമായി പുറത്താക്കി കാസര്‍ഗോഡ് കേന്ദ്രസര്‍വ്വകലാശാല


മുംബൈ കോണ്‍ഗ്രസ് പ്രസിഡന്റ് സഞ്ചയ് നിരുപമയും മോദിയെ പരിഹസിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ” ഒരോ സെക്കന്റിലും 1.4 കക്കൂസ്? മനുഷ്യര്‍ക്ക് ഇത്രയും വേഗത്തില്‍ കക്കൂസുകള്‍ നിര്‍മ്മിക്കാനാവില്ല, പക്ഷേ മോദിക്ക് ഇത്തരം വ്യാജ അവകാശങ്ങള്‍ ഉന്നയിക്കാന്‍ എളുപ്പമാവും” എന്നാണ് സഞ്ചയ് ട്വീറ്റ് ചെയ്തത്.

We use cookies to give you the best possible experience. Learn more