ന്യൂദല്‍ഹി: അഞ്ചുവര്‍ഷക്കാലം പ്രധാനമന്ത്രിയായിട്ടും തന്നോട് ചോദ്യങ്ങള്‍ ചോദിക്കാത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. എ.ബി.പി ന്യൂസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമപ്രവര്‍ത്തകര്‍ തന്നോട് ചോദ്യം ചോദിക്കാത്തത് ഭാഗ്യമായി കരുതുന്നുവെന്നാണ് മോദി പറഞ്ഞത്.
കോണ്‍ഗ്രസിന്റെ 60 വര്‍ഷത്തെ ഭരണവും മോദിയുടെ 60 മാസത്തെ ഭരണവും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ എന്ത് തോന്നുന്നുവെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മോദി. ” 60 വര്‍ഷത്തെയും 60 മാസത്തെയും താരതമ്യം ചെയ്യുമ്പോള്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്ന പ്രധാനമന്ത്രിയെ രാജ്യം കണ്ടു. ഒരാളും ഒരു ചോദ്യവും ഉയര്‍ത്തിയില്ല. നിങ്ങളെപ്പോലുള്ളവരും എന്നോട് ചോദ്യങ്ങള്‍ ചോദിച്ചില്ല. എന്റെ സൗഭാഗ്യമായാണ് ഞാനതിനെ കാണുന്നത്.” എന്നാണ് മോദി പറഞ്ഞത്.
മാധ്യമങ്ങളോട് പ്രധാനമന്ത്രി സ്വീകരിക്കുന്ന സമീപനവും മാധ്യമങ്ങള്‍ പ്രധാനമന്ത്രിയോട് സ്വീകരിക്കുന്ന സമീപനവും വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. അധികാരത്തിലെത്തിയതിനുശേഷം മാധ്യമങ്ങളെ അടിച്ചമര്‍ത്തുന്ന നടപടിയാണ് മോദി സര്‍ക്കാര്‍ സ്വീകരിച്ചത്. മുന്‍കൂട്ടി തയ്യാറാക്കിയതല്ലാത്ത ഒരു അഭിമുഖവും മോദി ഇതുവരെ നല്‍കിയിട്ടില്ല.
Also read:മോദിക്കെതിരെ വാരാണാസിയില്‍ മുരളി മനോഹര്‍ ജോഷി; കോണ്‍ഗ്രസ് സീറ്റ് വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്
അധികാരത്തിലെത്തിയശേഷം ഒരു വാര്‍ത്താസമ്മേളനം പോലും അഭിമുഖീകരിക്കാത്ത പ്രധാനമന്ത്രിയാണ് മോദി.
കഴിഞ്ഞവര്‍ഷം മോദി സര്‍ക്കാറിനെ വിമര്‍ശിച്ചതിന്റെ പേരില്‍ എ.ബി.പി ന്യൂസിലെ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലി നഷ്ടമായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.