| Saturday, 23rd October 2021, 4:40 pm

നിങ്ങളും എന്നെപ്പോലെ ചായവില്‍പ്പനക്കാരനാണല്ലേ; വീണ്ടും 'ചായക്കട കഥ' പയറ്റി മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗവണ്‍മെന്റ് പദ്ധതിയുടെ ഗുണഭോക്താക്കളുമായും പങ്കാളികളുമായും നടത്തിയ വെര്‍ച്വല്‍ യോഗത്തില്‍ തന്റെ ‘ചായക്കട കഥ’ വീണ്ടും പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

‘ആത്മനിര്‍ഭര്‍ ഭാരത് സ്വയംപൂര്‍ണ ഗോവ പരിപാടി’യുടെ ഭാഗമായാണ് തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളുമായും പങ്കാളികളുമായും മോദി വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംവദിച്ചത്.

നിങ്ങളും എന്നെപ്പോലെ ചായവില്‍പ്പനക്കാരനാണല്ലേ എന്നാണ് വാസ്‌കോ ടൗണില്‍ നിന്നുള്ള ചെറുകിട വ്യവസായിയും പാരാ ടേബിള്‍ ടെന്നീസ് കളിക്കാരനുമായ റൂര്‍ക്കി അഹമ്മദ് രാജാസാഹെബിനോട് മോദി പറഞ്ഞത്.

തന്റെ അച്ഛന്‍ ചായക്കട നടത്തിയിരുന്നെന്നും കുട്ടിക്കാലത്ത് ട്രെയിനിലും റെയില്‍വേ പ്ലാറ്റ് ഫോമിലും താന്‍ ചായ വിറ്റിരുന്നിരുന്നെന്നും മോദി അവകാശപ്പെട്ടിരുന്നു.

എന്നാല്‍, മോദിയുടെ അച്ഛന്‍ ചായക്കട നടത്തിയതിന് തെളിവൊന്നുമില്ലെന്ന് പശ്ചിമ റെയില്‍വേ അറിയിച്ചിരുന്നു. ഹരിയാനക്കാരനായ പവന്‍ പരീക് എന്ന അഭിഭാഷകനാണ് മോദിയുടെ അച്ഛന്‍ റെയില്‍വേ സ്റ്റേഷനില്‍ ചായക്കട നടത്തിയെന്ന് പറയുന്നത് സംബന്ധിച്ച വിവരങ്ങള്‍ അറിയാനാനുള്ള അപേക്ഷയുമായി പശ്ചിമ റെയില്‍വേയെ സമീപിച്ചത്.

ചായക്കടയുടെ ലൈസന്‍സ് എപ്പോഴാണ് നല്‍കിയതെന്നും അഭിഭാഷകന്‍ ചോദിച്ചു. ഇതിന്റെ സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകര്‍പ്പും അഭിഭാഷകന്‍ തന്റെ അപേക്ഷയിലൂടെ റെയില്‍വേയോട് ആവശ്യപ്പെട്ടിരുന്നു.

തന്റെ കുട്ടിക്കാലത്ത് ട്രെയിനിലും റെയില്‍വേ പ്ലാറ്റിഫോമിലും മോദി ചായ വില്പന നടത്തിയിരുന്നത് സംബന്ധിച്ച് രേഖകളൊന്നും ലഭ്യമല്ലെന്നാണ് 2015ല്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടി ലഭിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Modi, Tea selling story

We use cookies to give you the best possible experience. Learn more