'രാജ്യം എങ്ങനെ ഭരിക്കരുതെന്നു പഠിപ്പിച്ചത് മോദി; പ്രസംഗങ്ങളും പ്രസ്താവനകളും മാത്രമല്ല പ്രധാനമന്ത്രിയുടെ ജോലി'; മോദിക്കെതിരേ രാഹുല്‍
national news
'രാജ്യം എങ്ങനെ ഭരിക്കരുതെന്നു പഠിപ്പിച്ചത് മോദി; പ്രസംഗങ്ങളും പ്രസ്താവനകളും മാത്രമല്ല പ്രധാനമന്ത്രിയുടെ ജോലി'; മോദിക്കെതിരേ രാഹുല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th May 2019, 7:34 pm

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ താന്‍ നിരീക്ഷിച്ചിട്ടുണ്ടെന്നും അതുവഴി ഒരു രാജ്യം എങ്ങനെ ഭരിക്കരുതെന്നു പഠിച്ചെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്‍.ഡി.ടി.വിക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു രാഹുല്‍ മോദിക്കെതിരേ രൂക്ഷവിമര്‍ശനം നടത്തിയത്.

‘നരേന്ദ്രമോദിജിയാണ് ഒരു രാജ്യം എങ്ങനെ ഭരിക്കരുതെന്നു പഠിപ്പിച്ചുതന്നത്. ഒരു രാജ്യത്തെ ജനങ്ങള്‍ക്ക് എന്താണു പറയാനുള്ളതെന്നു കേള്‍ക്കാതെ നിങ്ങള്‍ രാജ്യം ഭരിച്ചാല്‍ ആ രാജ്യം ഒരിക്കലും നന്നായി മുന്നോട്ടുപോവില്ല. ഞാന്‍ മോദിജിയില്‍ നിന്നു മാത്രമല്ല, ആര്‍.എസ്.എസില്‍ നിന്നും ബി.ജെ.പിയില്‍ നിന്നും പഠിച്ചു.’- രാഹുല്‍ പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ വിമര്‍ശിച്ചതിനു മോദിക്കു രാഹുല്‍ മറുപടി നല്‍കി. ‘മോദി വിചാരിക്കുന്നത് പ്രസംഗങ്ങളും പ്രസ്താവനകളും മാത്രമാണു പ്രധാനമന്ത്രിയുടെ ജോലിയെന്നാണ്. പക്ഷേ പ്രധാനമന്ത്രിയുടെ ജോലി തന്ത്രപരമായി ചിന്തിക്കുകയെന്നതാണ്. മോദിക്ക് അദ്ദേഹത്തിന്റെ പ്രവൃത്തികളില്‍ ഒരു തന്ത്രവുമില്ല. മന്‍മോഹന്‍ സിങ്ങാണ് ശ്രദ്ധയോടെ തന്ത്രപരമായി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തിയത്. മന്‍മോഹന്‍ സിങ് തൊണ്ണൂറുകളില്‍ നടപ്പാക്കിയതും ഈ തന്ത്രത്തിന്റെയും നല്ല ചിന്തയുടെയും ഭാഗമാണ്.’- രാഹുല്‍ അഭിപ്രായപ്പെട്ടു.

നേരത്തേ മോദിയെ രാഹുല്‍ സംവാദത്തിനു ക്ഷണിച്ചിരുന്നു. അഴിമതി, നോട്ടുനിരോധനം, ജി.എസ്.ടി, കര്‍ഷകപ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണു സംവാദത്തിനു വെല്ലുവിളിച്ചത്. ‘കഠിനമായി ജോലി ചെയ്യുന്നുവെന്നു പറയുന്ന, മൂന്നുമണിക്കൂര്‍ മാത്രം ഉറങ്ങുന്നുവെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രിയെ ഞാന്‍ സംവാദത്തിനു വെല്ലുവിളിക്കുന്നു.’- എന്നാണു രാഹുല്‍ പറഞ്ഞത്. മോദിക്കു തന്നോടു വ്യക്തിപരമായി വെറുപ്പാണെന്നും എന്നാല്‍ പൊതുപരിപാടികളില്‍ സ്നേഹത്തോടെ മാത്രമാണു താന്‍ മോദിയെ കണ്ടതും സംസാരിച്ചതുമെന്നും രാഹുല്‍ വ്യക്തമാക്കി.

‘ഇതു സ്നേഹം നിറഞ്ഞ രാജ്യമാണ്. എന്നാല്‍ അദ്ദേഹം രാജ്യത്തു വെറുപ്പ് നിറച്ചു. ഞാന്‍ അദ്ദേഹത്തോടു സംസാരിച്ചതു ബഹുമാനത്തോടെയാണ്. പക്ഷേ, അദ്ദേഹം എന്നോടു സംസാരിക്കുക പോലും ചെയ്തില്ല. ജനങ്ങളെ കേള്‍ക്കാതെ രാജ്യം ഭരിച്ചാല്‍ നിങ്ങള്‍ക്കു നല്ല രീതിയില്‍ ഭരിക്കാനാകില്ല. ആര്‍ക്കും മോദിയെ തോല്‍പ്പിക്കാനാകില്ലെന്ന് അഞ്ചുവര്‍ഷം മുന്‍പു ചിലര്‍ പറഞ്ഞിരുന്നു. പക്ഷേ ഞങ്ങള്‍ പിന്‍വാങ്ങിയില്ല. പാര്‍ലമെന്റിലും പുറത്തും ഞങ്ങള്‍ പോരാട്ടം തുടര്‍ന്നു. ഇപ്പോള്‍ അദ്ദേഹം ഭയന്നിരിക്കുകയാണ്. മോദി വിജയിക്കുമെന്ന് ഇപ്പോള്‍ ആരും പറയുന്നില്ല.’- രാഹുല്‍ അഭിപ്രായപ്പെട്ടു.

ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും പ്രത്യയശാസ്ത്രവും പുരോഗമനശക്തികളുടെ പ്രത്യയശാസ്ത്രവും തമ്മിലുള്ള പോരാട്ടമാണു രാജ്യത്തു നടക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. മോദി രാജീവ് ഗാന്ധി, ജവഹര്‍ലാല്‍ നെഹ്രു, ഇന്ദിരാ ഗാന്ധി എന്നിവരെക്കുറിച്ചു സംസാരിക്കുന്നു. പക്ഷേ സത്യമെന്താണെന്ന് എനിക്കറിയാം. അദ്ദേഹം നുണ പ്രചരിപ്പിക്കുകയാണ്. ഇതെല്ലാം മേയ് 23-നു വ്യക്തമാകുമെന്നും രാഹുല്‍ പറഞ്ഞു.