ബിജ്‌നോര്‍: യു.പി ഇലക്ഷന്‍ റാലിക്കിടെ രാഹുലിനെതിരെ പരിഹാസങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയത് സംസാരിക്കവേയാണ് മോദി കോണ്‍ഗ്രസ് ഉപാധ്യക്ഷനെ പരിഹസിച്ചത്.
“നിങ്ങള്‍ അദ്ദേഹത്തിന്റെ പേരു ഗൂഗിളില്‍ സെര്‍ച്ച് ചെയത് നോക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഒരുപാട് തമാശകള്‍ കാണാന്‍ കഴിയുമെന്നായിരുന്നു” മോദി രാഹുലിനെതിരെ പറഞ്ഞത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ കോണ്‍ഗ്രസ് സഖ്യത്തെയും മോദി പരിഹസിച്ചു. “കോണ്‍ഗ്രസ് നേതാവിന്റെ ഒപ്പം ചേര്‍ന്ന നിങ്ങളും ഇപ്പോള്‍ ഗൂഗിളില്‍ രാഹുലിന്റെ തമാശകള്‍ക്കൊപ്പം ഉള്‍പ്പെട്ടിരിക്കുകയാണെ”ന്നും മോദി പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി ചരണ്‍ സിങ്ങിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നതായും പ്രധാനമന്ത്രി കോണ്‍ഗ്രസിനെ ഓര്‍മ്മിപ്പിച്ചു. തന്റെ “റെയിന്‍ കോട്ട്” പരാമര്‍ശത്തെ വിവാദമാക്കി മാറ്റാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിനെ പ്രതിരോധിക്കുന്നതിനു വേണ്ടിയായിരുന്നു ഉത്തര്‍ പ്രദേശുകാരനായ മുന്‍ പ്രധാന മന്ത്രിയെ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു എന്ന കാര്യം മോദി ചൂണ്ടിക്കാട്ടിയത്. “ചരണ്‍ സിങ്ങിനെ അപമാനിക്കാനുള്ള ഒരു അവസരവും കേണ്‍ഗ്രസ് നഷ്ടപ്പെടുത്തിയിട്ടില്ലായിരുന്നു” എന്നും മോദി പറഞ്ഞു.
ഒരു മുന്‍ പ്രധാനമന്ത്രിയെ അപമാനിക്കുന്ന നടപടി ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിരുന്നില്ല എന്ന കോണ്‍ഗ്രസ് ആരോപണത്തെ മറികടക്കുവാന്‍ കൂടി വേണ്ടിയായിരുന്നു മോദി ചരണ്‍ സിങ്ങിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നടത്തിയത്. കോണ്‍ഗ്രസിനും സമാജ്‌വാദിക്കുമെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച മോദി നിങ്ങള്‍ക്ക് യു.പിയെ രക്ഷിക്കണമെങ്കില്‍ കോണ്‍ഗ്രസില്‍ നിന്നും സമാജ്‌വാദിയില്‍ നിന്നും അകലം പാലിക്കണമെന്നും ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശില്‍ ബി.ജെ.പി അധികാരത്തിലെത്തുകയാണെങ്കില്‍ ചരണ്‍ സിങ്ങിന്റെ പേരില്‍ കര്‍ഷകര്‍ക്കായി ക്ഷേമ പദ്ധതികള്‍ ഏര്‍പ്പെടുത്തുമെന്നും മോദി പറഞ്ഞു.