[]ന്യൂദല്‍ഹി: ഇന്ത്യന്‍ മുസ്‌ലീങ്ങളുടെ ദേശസ്‌നേഹത്തെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. “ഇന്ത്യന്‍ മുസ്‌ലീങ്ങള്‍ ഇന്ത്യയ്ക്ക് വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യും. അല്‍-ഖ്വയിദ ധരിച്ചുവെച്ചിരിക്കുന്നത് ഇന്ത്യന്‍ മുസ്‌ലീങ്ങള്‍ അവരുടെ താളത്തിനൊത്ത് തുള്ളുമെന്നാണ്.” സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തില്‍ മോദി പറയുന്നു.
ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അഭിമുഖത്തില്‍ മോദി വ്യക്തമാക്കി. സെപ്റ്റംബര്‍ അവസാനം യു.എസ് സന്ദര്‍ശിക്കാനിരിക്കെയാണ് മോദിയുടെ ഈ അഭിപ്രായ പ്രകടനം വന്നിരിക്കുന്നത്.
ഇന്ത്യയും യു.എസും തമ്മില്‍ ചരിത്രത്തിലും സംസ്‌കാരത്തിലും സാമ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധത്തില്‍ നിരവധി ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ട്. 21ാം നൂറ്റാണ്ടില്‍ ഈ ബന്ധത്തിന് പുതിയ രൂപം കൈവരുമെന്ന് ശുഭാപ്തി വിശ്വാസമുണ്ടെന്നും മോദി പറഞ്ഞു.
ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം ദല്‍ഹിയുടെയും വാഷിങ്ടണിന്റെയും അതിരുകളില്‍ ഒതുങ്ങില്ല. അതിനേക്കാള്‍ വലുതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധമെന്ന് രണ്ട് രാജ്യങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.