| Friday, 9th May 2014, 10:35 pm

അങ്ങനെ മോഡി ബ്രാഹ്മണനായി, അപ്പോള്‍ കര്‍ണ്ണനോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

സുബ്രമണ്യസ്വാമികളുടേത് വെറുംവാക്കല്ല.ഒരാളുടെ ഗുണഗണങ്ങള്‍ അളന്ന് പൂണൂല്‍ നല്‍കാന്‍ തീര്‍ത്തും യോഗ്യനാണ് ഈ ഒറ്റയാന്‍ സ്വാമിജി. പക്ഷെ പ്രശനമതല്ല. സാക്ഷാല്‍ നരേന്ദ്രമോഡിക്കു മോക്ഷം കിട്ടി കഴിഞ്ഞു. അപ്പോള്‍ നമ്മുടെ കര്‍ണ്ണന്റെ സ്ഥിതിയോ പാവം.


സീറോ അവര്‍ / എ.എം യാസിര്‍

ഇപ്പോള്‍ നരേന്ദ്ര മോഡിയുടെ ഗ്രഹനില ശരിയായി വരുന്നുണ്ട്. സമയദോഷം കൊണ്ടാവാം ജാതി വിളിച്ചുളള പ്രിയങ്കയുടെ അധിക്ഷേപം വല്ലാതങ്ങും കൊണ്ടുപോയി. താഴ്ന്ന ജാതിക്കാരനായ തനിക്ക് പ്രധാനമന്ത്രി ആവാനാവില്ലേ എന്ന ആശങ്ക ഉണ്ടാക്കിയ നീറ്റല്‍ മറികടക്കാനാവാതെ കഷ്ടപ്പെടുകയായിരുന്നു പാവം മോഡി.

അപ്പോഴാണ് സാക്ഷാല്‍ ആര്യഗുണങ്ങളുളള വൈഷണവ ബ്രാഹ്മണന്‍ സുബ്രമണ്യസ്വാമികള്‍ പൂണൂലുമായി രക്ഷക്കെത്തിയത്. രക്ഷിക്കാതെ പിന്നെ? അനുയായികളില്ലാത്ത ഈ ജനതാപാര്‍ട്ടി നേതാവിനെ കൂടെ കൂട്ടിയത് രക്ഷിക്കാന്‍ തന്നയല്ലെ? ഇത്തവണ സ്വാമിജി രക്ഷക്കെത്തിയത് സൂത്രങ്ങളായ സൂത്രങ്ങളുടെ ആധികാരികത വെച്ചുകൊണ്ടുതന്നെയാണ്.

കര്‍മ്മഗുണങ്ങളാണ് ഒരാളെ ബ്രാഹ്മണനാക്കുന്നത്. അപ്രകാരമുളള ഗുണങ്ങള്‍ മോഡി കൈവരിച്ചുകഴിഞ്ഞതിനാല്‍ ഞാന്‍ അദ്ധേഹത്തെ ബ്രാഹ്മണനാക്കിയിരിക്കുന്നുവെന്നു സ്വാമി ട്വീറ്റ്‌ ചെയ്തിരിക്കുന്നുവെത്രെ. ശരിയാണ് ആര്‍ക്കും ചോദ്യം ചെയ്യാനാവാത്ത വിധം സ്വാമി പ്രശ്‌നപരിഹാരം നടത്തി. ഇത് സ്വര്‍ണ്ണപ്രശനമല്ല. ഡയമണ്ട് പ്രശ്‌നമായിരുന്നു.

ഏതായാലും പ്രശ്‌നം പരിഹരിച്ചു. ഇനി മോഡിക്ക് ഇന്ത്യന്‍ ജനത സമ്മതം നല്‍കിയാല്‍ പ്രധാനമന്ത്രി കസേരയില്‍ അന്തസോടെ, ആഭിജാത്യത്തോടെ ഇരിക്കാം. ഒരു സിഖുകാരന്‍ ഇരുന്നതാ, പുണ്യാഹം തളിച്ച് ശുദ്ധി വരുത്തിയാല്‍ മാത്രം മതി.

കാര്യങ്ങള്‍ അങ്ങനെ ഒക്കെയാണെങ്കിലും മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന നമ്മുടെ മഹാത്മജിയുമായി രക്തബന്ധമോ കുലബന്ധമോ ഇല്ലാത്ത പ്രിയങ്ക, ഗാന്ധിയുടെ ടാഗണിഞ്ഞു നടക്കുമ്പോള്‍ മോഡിക്കെന്താ നരേന്ദ്ര ശര്‍മ്മ മോഡിയെന്നോ മോഡി അയ്യര്‍ എന്നോ പേരിനറ്റത്ത് ഒരു വാലു ഫിറ്റ് ചെയ്താലെന്നു ചോദിക്കാന്‍ രാഷ്ടീയം അല്‍പ്പം ശ്രദ്ധിക്കുന്ന ആര്‍ക്കും തോന്നി പോവും. അല്ലെ?

സുബ്രമണ്യസ്വാമികളുടേത് വെറുംവാക്കല്ല. ഒരാളുടെ ഗുണഗണങ്ങള്‍ അളന്ന് പൂണൂല്‍ നല്‍കാന്‍ തീര്‍ത്തും യോഗ്യനാണ് ഈ ഒറ്റയാന്‍ സ്വാമിജി. പക്ഷെ പ്രശനമതല്ല. സാക്ഷാല്‍ നരേന്ദ്ര മോഡിക്കു മോക്ഷം കിട്ടി കഴിഞ്ഞു. അപ്പോള്‍ നമ്മുടെ കര്‍ണ്ണന്റെ സ്ഥിതിയോ പാവം.

പ്രിയ ഗുരു മടിയില്‍ തലവെച്ചു കിടക്കുമ്പോള്‍ കാലില്‍ വണ്ട് തുളച്ച് കയറിട്ടും വേദന കടിച്ചമര്‍ത്തുകയായിരുന്നെന്ന് അറിഞ്ഞ ഗുരു അന്നു മുതല്‍ കര്‍ണ്ണനെ ഗുരുകുലത്തില്‍ നിന്നും പുറത്താക്കുയായിരുന്നവല്ലോ. ഒരു ബ്രാഹ്മണന്‍ മറ്റൊരാള്‍ക്കുവേണ്ടി വേദന സഹിക്കില്ലെന്നതിനാല്‍ കര്‍ണ്ണന്റെ കുലം താഴന്നതാണെന്നു ഗുരു കണ്ടെത്തുകായിരുന്നു എന്നല്ലേ കഥ.

Latest Stories

We use cookies to give you the best possible experience. Learn more