| Tuesday, 24th November 2020, 5:07 pm

'കണക്കുകള്‍ ഞങ്ങളുടെ കയ്യിലുമുണ്ട്, നിങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയുമെന്ന് പറഞ്ഞാല്‍ മതി'; മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ഖട്ടറിനോട് കയര്‍ത്ത് മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ ഓണ്‍ലൈന്‍ മീറ്റിങ്ങിനിടെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനോട് കയര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.

സംസ്ഥാനത്തെ കൊവിഡ് കണക്കുകളെ കുറിച്ചും കോണ്‍ടാക്ട് ട്രേസിങ്ങിനെ കുറിച്ചും മനോഹര്‍ ലാല്‍ ഖട്ടര്‍ സംസാരിക്കുമ്പോഴായിരുന്നു മോദി ഇടയില്‍ കയറി ഇടപെട്ടത്.

ഹരിയാനയില്‍ പ്രതിദിനം ശരാശരി 2,000 കേസുകളുടെ വര്‍ധവ് ഉണ്ടായതായി ഖട്ടാര്‍ പറഞ്ഞു. തുടര്‍ന്ന് സമ്പര്‍ക്ക രോഗികളെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം സംസാരിച്ചു തുടങ്ങിയപ്പോള്‍ ‘നിങ്ങളുടെ മുന്‍പിലുള്ള ഈ കണക്കുകള്‍ ഞങ്ങളുടേയും കൈവശം ഉണ്ടെന്നും കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് എന്തുചെയ്യാനാവുമെന്ന് മാത്രം പറഞ്ഞാല്‍ മതിയെന്നുമായിരുന്നു മോദിയുടെ മറുപടി.

കൊവിഡ് വ്യാപനത്തെ തടയാനുള്ള പദ്ധതികളെ കുറിച്ച് ഓരോ മുഖ്യമന്ത്രിമാരും റിപ്പോര്‍ട്ട് തയ്യാറാക്കണമെന്നും അത് സമര്‍പ്പിക്കണമെന്നും മോദി യോഗത്തില്‍ പറഞ്ഞു. ആരുടെ കാഴ്ചപ്പാടും ആരുടെ മേലും അടിച്ചേല്‍പ്പിക്കാവില്ല. എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മോദി പറഞ്ഞു.

കൊവിഡ് 19 ന്റെ മൂന്നാം ഘട്ടത്തെ അഭിമുഖീകരിക്കുകയാണ് ഹരിയാനയെന്നായിരുന്നു യോഗത്തിന് ശേഷം ഖട്ടര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ആര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കേണ്ടതെന്നതിന്റെ ഒരു ലിസ്റ്റ് തയ്യാറാക്കാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. ഓരോ വിഭാഗങ്ങള്‍ക്കായി വാക്‌സിന്‍ നല്‍കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രഥമ പരിഗണന നല്‍കും, തുടര്‍ന്ന് മറ്റ് വിഭാഗങ്ങള്‍ക്കും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

കൊവിഡ് വാക്‌സിന്‍ എപ്പോള്‍ വരുമെന്ന് തങ്ങള്‍ക്ക് പറയാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പറഞ്ഞിരുന്നു. വാക്‌സിന്‍ എപ്പോള്‍ എത്തുമെന്ന് പറയേണ്ടത് അതില്‍ പരീക്ഷണം നടത്തുന്ന ശാസ്ത്രജ്ഞരാണെന്നായിരുന്നു മോദി പറഞ്ഞത്. ചില ആളുകള്‍ കൊവിഡില്‍ രാഷ്ട്രീയം കളിക്കുകയാണെന്നും അവരെ അതില്‍ നിന്ന് തടയാന്‍ സാധിക്കില്ലെന്നും മോദി പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പേര് എടുത്തുപറയാതെയായിരുന്നു മോദിയുടെ ഈ വിമര്‍ശനം. രാജ്യത്തെ പൗരന്മാര്‍ക്ക് കൊവിഡ് വാക്‌സിന്‍ എന്ന് ലഭ്യമാക്കുമെന്നും അത് ഏത് വാക്‌സിനായിരിക്കുമെന്നും പ്രധാനമന്ത്രി ജനങ്ങളോട് പറയണമെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

രാജ്യത്തെ കൊവിഡ്-19 സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി മോദിയുടെ നേതൃത്വത്തില്‍ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയായിരുന്നു രാഹുലിന്റെ ഈ വിമര്‍ശനം. കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് നയങ്ങള്‍ക്കെതിരെ രാഹുല്‍ ഗാന്ധി രൂക്ഷവിമര്‍ശനമായിരുന്നു ഉന്നയിച്ചത്.

ഇതിന് പിന്നാലെയാണ് വാക്‌സിന്‍ എന്ന് എത്തുമെന്ന് തങ്ങള്‍ക്ക് പറയാനാവില്ലെന്നും അതെല്ലാം ശാസ്ത്രജ്ഞരുടെ കൈകളില്‍ ഇരിക്കുന്ന കാര്യമാണെന്നുമുള്ള മോദിയുടെ മറുപടി.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ തുടങ്ങിയവരാണ് ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തത്.

ഇന്ത്യയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 92 ലക്ഷമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,975 പേര്‍ക്കാണ് കൊവിഡ് പിടിപെട്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Modi Stopped Manohar lal Khatter Speech

We use cookies to give you the best possible experience. Learn more