| Wednesday, 6th March 2019, 8:47 am

പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ നരേന്ദ്ര മോദി പൊതു ഖജനാവില്‍ നിന്ന് ദുര്‍വ്യയം ചെയ്തത് 10,000 കോടി: അശോക് ഗെഹ്‌ലോട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: പ്രധാനമന്ത്രി തന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ പരസ്യങ്ങള്‍ നല്‍കുക വഴി പൊതു ഖജനാവില്‍ നിന്നും 10,000 കോടി രൂപ ദുര്‍വ്യയം ചെയ്‌തെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ജയ്പൂരില്‍ മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ അടിച്ചമര്‍ത്തി. സര്‍ക്കാറിന്റെ 10,000 കോടിയോളം രൂപ ദുര്‍വ്യയം ചെയ്ത് മോദി തന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ മാധ്യമങ്ങളില്‍ പരസ്യങ്ങള്‍ നല്‍കി”- ഗെഹ്‌ലോട്ട് പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പടുത്തതോടെ സര്‍ക്കാരിനെക്കൂടാതെ ബി.ജെ.പിയും പരസ്യങ്ങള്‍ നല്‍കുന്നതില്‍ ഏറെ മുന്നിലാണ്.

ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ (BARC) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് ടി.വി പരസ്യം നല്‍കുന്നതില്‍ ഒന്നാമത് ബി.ജെ.പിയാണ്. കോര്‍പറേറ്റ് കമ്പനികളെ പോലും കടത്തിവെട്ടിയായിരുന്നു ബി.ജെ.പി ഒന്നാമത് എത്തിയത്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ആമസോണ്‍, നെറ്റ്ഫ്ളിക്സ്, ട്രിവാഗോ, ഡെറ്റോള്‍, ആമസോണ്‍ തുടങ്ങിയ വന്‍കിട ബ്രാന്‍ഡുകളെല്ലാം ബി.ജെ.പിയുടെ പരസ്യങ്ങള്‍ക്ക് പിന്നിലായിരുന്നു.

ബാലാക്കോട്ട് ആക്രമണത്തെക്കുറിച്ച് ദിഗ് വിജയ് സിങ്ങ് അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ശരിയായ ചോദ്യങ്ങളാണ് ചോദിക്കുന്നതെന്നും ഗെഹ് ലോട്ട് പറഞ്ഞു. പ്രതിപക്ഷം ശരിയായ ചോദ്യങ്ങളാണ് ചോദിക്കുന്നത്. കൊല്ലപ്പെട്ടവരുടെ ശരിയായ എണ്ണം തരാനല്ലെ ദിഗ്‌വിജയ് സിങ്ങ് ആവശ്യപ്പെട്ടത്. അതിലെന്താണ് തെറ്റ്. രാജ്യത്തിന് അറിയണം അത്.

പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുന്ന പ്രധാനമന്ത്രിയെ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായാണ് കാണുന്നതെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.

ബാലാക്കോട്ട് വ്യോമാക്രമണത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പ്രതിപക്ഷം പാകിസ്ഥാനെ പ്രതിനിധീകരിച്ച് സംസാരിക്കുകയാണെന്നും തന്നെ വിമര്‍ശിച്ച് പാകിസ്ഥാന്റെ കയ്യടി മേടിക്കുകയാണ് അവരെന്നും മധ്യപ്രദേശിലെ ദറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ മോദി പറഞ്ഞിരുന്നു. വ്യോമാക്രണം നടന്നത് പാകിസ്ഥാനിലാണെങ്കിലും, കൊണ്ടത് ഇന്ത്യയിലെ ചിലര്‍ക്കാണെന്നുമായിരുന്നു മോദി പറഞ്ഞത്.

We use cookies to give you the best possible experience. Learn more