| Monday, 27th May 2019, 2:12 pm

വോട്ട് എണ്ണുന്നതിന് മുന്‍പ് തന്നെ വിജയം ഉറപ്പിച്ചു; പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി:മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാരാണസി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വിജയം ഉറപ്പായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വോട്ടെണ്ണലിന് മുന്‍പ് തന്നെ വിജയം ഉറപ്പിച്ചിരുന്നുവെന്നായിരുന്നു മോദിയുടെ വാക്കുകള്‍. വാരാണസിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പായിരുന്നു. പ്രതിപക്ഷം മോശം പ്രചരണങ്ങള്‍ നടത്തി ജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. വാരാണസിയിലെ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നെന്നും മോദി പറഞ്ഞു.

താന്‍ എന്നും ഒരു എളിയ പാര്‍ട്ടി പ്രവര്‍ത്തകനായിരിക്കും. ബി.ജെ.പിയുടെ വിജയത്തിന് പിന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ കഠിനാധ്വാനമാണ്. എല്ലാ മേഖലയിലെ ആളുകള്‍ക്ക് വേണ്ടിയും ബി.ജെ.പി പ്രവര്‍ത്തിച്ചു.

തെരഞ്ഞെടുപ്പ് വിജയം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുകയാണ്. മോദിയുടെ വിജയമല്ല, മറിച്ച് പാര്‍ട്ടി പ്രവര്‍ത്തകരാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്നും നരേന്ദ്ര മോദി പറഞ്ഞു.

ഒരു വട്ടം കൂടി മോദി സര്‍ക്കാര്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി കാശിയില്‍ നിന്ന് തുടങ്ങിയ തെരഞ്ഞെടുപ്പ് യാത്രയാണ് വിജയിച്ചെത്തിയ ശേഷം മോദി പൂര്‍ത്തിയാക്കിയത്.

രാവിലെ പത്ത് മണിക്ക് വാരാണസി വിമാനത്താവളത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലായിരുന്നു നരേന്ദ്ര മോദിക്ക് വരവേല്‍പ്പ്. തുടര്‍ന്ന് ദര്‍ശനത്തിനായി റോഡ് മാര്‍ഗം കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തി പൂജകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മോദി നഗരത്തിന് പുറത്തുള്ള ട്രേഡ് ഫെസിലിറ്റി സെന്ററില്‍ എത്തിയത്.

We use cookies to give you the best possible experience. Learn more