'നിലംപതിക്കുന്നതില്‍ നിന്നു രക്ഷപ്പെടുന്നതിനാണ് അവര്‍ കെട്ടിപ്പിടിക്കുന്നത്'; എസ്.പി-ബി.എസ്.പി സഖ്യത്തിനെതിരേ മോദി
സോനാഭദ്ര (യു.പി): നിലംപതിക്കുന്നതില്‍ നിന്നു രക്ഷപ്പെടാനാണ് എസ്.പിയും ബി.എസ്.പിയും പരസ്പരം കെട്ടിപ്പിടിക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. തകര്‍ച്ചയില്‍ നിന്നു രക്ഷപ്പെടാനാണ് പരസ്പരം ജയിലിലാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഒന്നിച്ചു തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഉത്തര്‍പ്രദേശിലെ സോനാഭദ്രയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് എസ്.പി-ബി.എസ്.പി സഖ്യത്തിനെതിരേ മോദി രംഗത്തെത്തിയത്.
‘എസ്.പിയും ബി.എസ്.പിയും രാജ്യത്തിനു വേണ്ടിയുള്ള അവരുടെ നയമെന്താണെന്ന് ഒരിക്കലും ജനങ്ങളോടു പറയില്ല. അവരെന്താണോ പറയുന്നത്, അതിനെല്ലാം മുകളില്‍ മോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന എന്തെങ്കിലുമുണ്ടാകും. ഭീകരവാദത്തെ നേരിടാനുള്ള അവരുടെ തന്ത്രമെന്താണെന്ന് അവരിതുവരെ പറഞ്ഞിട്ടില്ല.’- മോദി കുറ്റപ്പെടുത്തി.
എപ്പോഴൊക്കെ കേന്ദ്രത്തില്‍ സഖ്യസര്‍ക്കാരുണ്ടായിട്ടുണ്ടോ, അന്നൊക്കെ രാജ്യസുരക്ഷ അപകടത്തിലായിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു മൂന്നാംമുന്നണി സര്‍ക്കാരുണ്ടായപ്പോള്‍ സമാജ്‌വാദി പാര്‍ട്ടി മന്ത്രിസഭയിലുണ്ടായിട്ടുണ്ട്. അന്നവര്‍ എന്താണു രാജ്യത്തിനായി ചെയ്തത് ? പലരും ഇക്കാര്യം മുന്‍പെഴുതിയിട്ടുണ്ട്. കൂട്ടുകക്ഷി സര്‍ക്കാരാണ് ഇന്റലിജന്‍സ് സംവിധാനം നശിപ്പിച്ചതെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യമാണ് അതിന് അനുഭവിക്കുന്നത്. കുറ്റകൃത്യത്തെക്കാള്‍ കുറഞ്ഞതൊന്നുമല്ല മൂന്നാംമുന്നണി സര്‍ക്കാര്‍ ചെയ്തതെന്നും മോദി പറഞ്ഞു.
മുന്‍ യു.പി.എ സര്‍ക്കാരിനെ റിമോട്ട് കണ്‍ട്രോള്‍ സര്‍ക്കാരെന്നും മോദി വിശേഷിപ്പിച്ചു. ‘അടല്‍ജിയുടെ സര്‍ക്കാരിനുശേഷം രാജ്യം കണ്ടത് ദുര്‍ബലസര്‍ക്കാരിനെയാണ്. ഒട്ടേറെ അഴിമതി, കോടിക്കണക്കിനു രൂപയുടെ അഴിമതികള്‍. ഈ റിമോട്ട് കണ്‍ട്രോള്‍ സര്‍ക്കാര്‍ നശിപ്പിച്ചത് രാജ്യത്തിന്റെ 10 വര്‍ഷമാണ്.’- മോദി വിമര്‍ശിച്ചു.
എല്ലാവരും മോദിയുടെ ജാതിയെക്കുറിച്ചാണു ചോദിക്കുന്നതെന്നും രാജ്യത്തെ പാവപ്പെട്ടവരുടെ ജാതിയാണു തങ്ങളുടേതെന്നും മോദി പറഞ്ഞു. സര്‍ദാര്‍ പട്ടേലായിരുന്നു രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയെങ്കില്‍ കര്‍ഷകരുടെ അവസ്ഥ വ്യത്യസ്തമായേനെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.