| Wednesday, 28th February 2024, 4:51 pm

രാമക്ഷേത്രവുമായി ബന്ധപ്പെട്ട പാർലമെന്റ് ചർച്ചയിൽ നിന്ന് ഡി.എം.കെ ഇറങ്ങിപ്പോയി; വിശ്വാസികളോടുള്ള വെറുപ്പ്: നരേന്ദ്ര മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുനെൽവേലി: അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട പാർലമെന്റ് ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയതിന് ഡി.എം.കെക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി.

കേന്ദ്ര പദ്ധതികളിൽ തമിഴ്നാട് സർക്കാർ സഹകരിക്കുന്നില്ലെന്നും തമിഴ്‌നാട്ടിലെ റാലിയിൽ പങ്കെടുക്കുന്നതിനിടയിൽ മോദി പറഞ്ഞു.

ഡി.എം.കെ ഓടിപ്പോകുന്നത് ജനങ്ങളുടെ വിശ്വാസത്തോടുള്ള അവരുടെ വിദ്വേഷത്തെയാണ് കാണിക്കുന്നതെന്ന് മോദി ആരോപിച്ചു.

‘ശ്രീരാമനുമായുള്ള തമിഴ്നാടിന്റെ ബന്ധം എല്ലാവർക്കും അറിയുന്നതാണ്. ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതിന് മുമ്പ് ധനുഷ്കോടിയുൾപ്പെടെ വിവിധ ക്ഷേത്രങ്ങളിൽ ഞാൻ സന്ദർശിച്ചിരുന്നു.

ഒരുപാട് വർഷങ്ങൾക്ക് ശേഷം ക്ഷേത്രം വരുന്നതിൽ രാജ്യം മുഴുവൻ സന്തോഷത്തിലായിരുന്നു. അതുമായി ബന്ധപ്പെട്ട വിഷയം പാർലമെന്റിൽ വന്നപ്പോൾ ഡി.എം.കെ എം.പിമാർ ഓടിപ്പോകുകയാണ് ചെയ്തത്.

നിങ്ങളുടെ വിശ്വാസത്തെ എത്രത്തോളം വെറുക്കുന്നുവെന്ന് ഡി.എം.കെ ഒരിക്കൽകൂടി തെളിയിച്ചു,’ നരേന്ദ്ര മോദി പറഞ്ഞു.

തങ്ങൾ എല്ലാവരെയും ഒരു കുടുംബത്തെ പോലെ കാണുമ്പോൾ ഡി.എം.കെയും കോൺഗ്രസും സമൂഹത്തിൽ ഭിന്നിപ്പ് സൃഷ്ടിക്കുവാൻ ‘നൂതനമായ ആശയങ്ങളുമായി’ വരികയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തൂത്തുകുടിയിൽ ഐ.എസ്.ആർ.ഒയുടെ വിക്ഷേപണ കേന്ദ്രത്തിന്റെ തറക്കല്ലിടൽ ചടങ്ങ് മോദി ഉദ്ഘാടനം ചെയ്യുന്നതുമായി ബന്ധപ്പെട്ട പത്ര പരസ്യത്തിൽ ചൈനീസ് പതാക പതിപ്പിച്ച റോക്കറ്റിന്റെ ചിത്രം ഉപയോഗിച്ചതിനെതിരെയും മോദി ഡി.എം.കെക്കെതിരെ വിമർശനം നടത്തിയിരുന്നു.

Content Highlight: Modi slams DMK for walking out of Parliament during Ram temple discussion

We use cookies to give you the best possible experience. Learn more