D' Election 2019
മോദി 56 ഇഞ്ചിന്റെ നെഞ്ചളവ് കാണിക്കുന്നത് ദുര്‍ബലനായത് കൊണ്ട്; പ്രിയങ്ക ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Apr 20, 03:04 am
Saturday, 20th April 2019, 8:34 am

കാണ്‍പുര്‍: തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ദുര്‍ബലനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മോദി 56 ഇഞ്ചിന്റെ നെഞ്ചളവ് കാണിക്കുന്നത് തന്റെ ദൗര്‍ബല്യത്തെ മറച്ചു വെക്കാനാണെന്നും പ്രിയങ്ക കാണ്‍പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.

‘തനിക്കെതരിരെ ഉയരുന്ന ശബ്ദങ്ങളെ കഴിവുള്ള ഒരു രാഷ്ട്രീയ നേതാവ് പേടിക്കില്ല. അങ്ങനെയുള്ള ഒരാള്‍ എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കില്ല. ഈ സര്‍ക്കാര്‍ ദുര്‍ബലമാണ്. ഈ പ്രധാനമന്ത്രി ദുര്‍ബലനാണ്. അദ്ദേഹത്തിന് ഇച്ഛാശക്തിയില്ല. 56 ഇഞ്ചിന്റെ നെഞ്ചളവുമായി അദ്ദേഹം എന്തിനാണ് നിങ്ങളുടെ മുന്നില്‍ വരുന്നത്. കാരണം അദ്ദേഹം ദുര്‍ബലനാണ്. അദ്ദേഹത്തിന് ഭരണഘടനയേയും ദുര്‍ബലമാക്കണം എന്നുണ്ട്’- പ്രിയങ്ക പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും രാഹുല്‍ ഗാന്ധിയേയും പരസ്പരം താരത്മ്യം ചെയ്യുകയും ചെയ്തു പ്രിയങ്ക. ‘ഈ രണ്ടാളുകളെ നിങ്ങള്‍ നോക്കൂ. ഒരാള്‍ക്ക് അസഹിഷ്ണുതയാണ്, മറ്റയാള്‍ക്ക് ദിവസവും നിരവധി ആക്ഷേപങ്ങളാണ് ഏറ്റു വാങ്ങേണ്ടി വരുന്നത്. ബി.ജെ.പി അദ്ദേഹത്തെ ദിനംപ്രതി വ്യക്തിപരമായി ആക്ഷേപിക്കുകയാണ്’.

എന്നാല്‍ രാഹുല്‍ ഗാന്ധി അതൊക്കെ പുഞ്ചിരിച്ചു കൊണ്ടാണ് നേരിടുന്നതെന്നും സ്വയം പുരോഗതി കാംക്ഷിക്കുന്ന രാഹുല്‍ വിമര്‍ശകരെ അടിച്ചമര്‍ത്താറില്ലെന്നും പ്രിയങ്ക പറഞ്ഞു. ‘ഇതിനാണ് രാഷ്ട്രീയമായ ഇച്ഛാശക്തി എന്ന് പറയുന്നത്’- പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

സ്വന്തം അവകാശത്തിനു വേണ്ടി സംസാരിക്കുന്നവരെ ദേശവിരുദ്ധരാക്കുന്ന നടപടിയേയും പ്രിയങ്ക വിമര്‍ശിച്ചു. ‘ഞങ്ങള്‍ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ വായടക്കാന്‍ നിര്‍ബന്ധിതരാവുകയും, പീഡനത്തിനിരയാവുകയും ചെയ്യുന്നെന്ന് യു.പിയിലെ ജനങ്ങള്‍ പറയുന്നു. രക്തസാക്ഷികള്‍ അവരുടെ രക്തം ഒഴുക്കിയത് എന്തിന് വേണ്ടിയാണ്. ജനങ്ങളുടെ ഭരണത്തിന് വേണ്ടി. നിലവിലെ സര്‍ക്കാര്‍ ധരിച്ചു വച്ചിരിക്കുന്നത് ഇത് അവരുടെ മാത്രം ഭരണമാണെന്നാണ്. ജനങ്ങളെ സേവിക്കുന്നത് സര്‍ക്കാറിന്റെ കടമയാണെന്നത് അവര്‍ മറന്നിരിക്കുന്നു. അവകാശത്തിന് വേണ്ടി സംസാരിക്കുന്നവര്‍ ദേശവിരുദ്ധരായി മുദ്രകുത്തപ്പെടുകയാണ്’- പ്രിയങ്ക പറയുന്നു.