| Monday, 24th July 2023, 11:16 am

മോദി മണിപ്പൂരിനെക്കുറിച്ച് സംസാരിക്കണം; പാര്‍ലമെന്റിന് പുറത്ത് 'ഇന്ത്യ'യുടെ ആദ്യ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ മണിപ്പൂരിനെക്കുറിച്ച് സംസാരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ പ്രതിഷേധം. ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് പ്രതിപക്ഷ എം.പിമാര്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്.

അതേസമയം രാജസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ബി.ജെ.പി എം.പിമാരുടെ പ്രതിഷേധവും ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നടക്കുന്നുണ്ട്.

പ്രതിപക്ഷവും ഭരണപക്ഷവും അവരവരുടെ നിലപാടില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് ഞായറാഴ്ച തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

മണിപ്പൂര്‍ കലാപത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ചര്‍ച്ചയ്ക്ക് മുമ്പ് പാര്‍ലമെന്റില്‍ മണിപ്പൂരിനെ കുറിച്ച് മോദി സംസാരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ് സര്‍ക്കാര്‍ തങ്ങളെ സമീപിച്ചിട്ടില്ലെന്ന് പ്രതിപക്ഷത്തെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ ഇന്നും ബഹളം തുടരുകയാണ്‌.

ലോക്‌സഭയില്‍ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയാണ്. സഭ ചേര്‍ന്നപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധം ആരംഭിക്കുകയായിരുന്നു.

ചോദ്യോത്തര വേളക്ക് ശേഷം മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ച നടത്താമെന്ന് സ്പീക്കര്‍ അറിയിച്ചു. എന്നാല്‍ ഗൗരവരതരമായ വിഷയമാണെന്നും സഭ നടപടികള്‍ നിര്‍ത്തിവെച്ച് സഭ ഇക്കാര്യം ചര്‍ച്ച ചെയ്യണം, പ്രധാനമന്ത്രി രണ്ട് സഭകളെയും അഭിസംബോധന ചെയ്യണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

രാജ്യസഭയിലും സഭാ നടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ എം.പിമാര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് 12 മണി വരെ സഭ നിര്‍ത്തിവെച്ചു.

തടസപ്പെടുത്തലും ശല്യപ്പെടുത്തലും ജനാധിപത്യത്തെ കളങ്കപ്പെടുത്താനുള്ള ആയുധമായി കണക്കാക്കുന്നുവെന്ന്  ഉപരാഷ്ട്രപതിയും രാജ്യസഭ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍കര്‍ അഭിപ്രായപ്പെട്ടു.

content highlights: Modi should talk about Manipur; ‘India”s first protest outside Parliament

We use cookies to give you the best possible experience. Learn more